Advertisements
|
നീലേശ്വരത്തെ കാവ്യപ്പൂക്കള്
നീലേശ്വരത്തെ തൊടിയില്‍ തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും വിരിഞ്ഞു. മഞ്ഞിന്റെ നേര്‍ത്തകണങ്ങള്‍ നിറഞ്ഞ പൂവുകള്‍ തേടി, ഒരു പാവാടക്കാരി. അവളുടെ വിടര്‍ന്ന കണ്ണുകളില്‍ നിറയെ സന്തോഷം. ഓരോ പൂവും അടര്‍ത്തിയെടുക്കുമ്പോഴും കൂട്ടുകാരോടു പായാരം പറയുകയാണ്. ഒപ്പം കൊലുസിന്റെ പുഞ്ചിരിയും. പൂക്കളിറുത്തു കഴിഞ്ഞ്, വീട്ടുമുറ്റത്തെ പൂക്കളം ഒരുക്കുന്നതിലായി ശ്രദ്ധ. ഇപ്പോഴും വാതോരാതെ സംസാരം തുടരുന്നുണ്ട്, ആ കൊച്ചുസുന്ദരി. അകത്ത് അമ്മയും മറ്റ് ബന്ധുക്കളുമൊക്കെ സദ്യയൊരുക്കുന്നതിന്റെ തിരക്കിലാണ്. അവളുടെ മനസ് ഇപ്പോള്‍ പൂക്കളം വിട്ട് സദ്യയിലേക്കു തിരിഞ്ഞിട്ടുണ്ട്. ഉച്ചയാവാനുള്ള തിരക്ക്. ഊണു കഴിഞ്ഞാല്‍പ്പിന്നെ കൂട്ടുകാരുമൊത്ത് കളി. ഒടുവില്‍ ഓണത്തിന്റെ ആരവം അടങ്ങുമ്പോള്‍, അവളുടെ കണ്ണുകളില്‍ നനവ് പടരും. വീണ്ടും കാത്തിരിപ്പാണ് അടുത്ത വര്‍ഷത്തേക്ക്. ആ നീലേശ്വരംകാരി പെണ്‍കുട്ടി ഇപ്പോഴും കാവ്യയുടെ മനസില്‍ നിറയുന്നുണ്ട്.
നിറപ്പകിട്ടാര്‍ന്ന ഓണത്തിന്റെ ഓര്‍മകള്‍ക്കൊപ്പം ചില നോവുള്ള നിമിഷങ്ങളും ചേര്ത്തുവയ്ക്കാനുണ്ടെങ്കിലും കാവ്യ, നൊമ്പരങ്ങള്‍ക്ക് അവധികൊടുത്തിരിക്കുകയാണ്. ഊഞ്ഞാലാടാനും ആസ്വദിച്ചു സദ്യയുണ്ണാനും പൂക്കളമൊരുക്കാനും ഇഷ്ടപ്പെട്ടിരുന്ന ആ കൊച്ചുകാവ്യയുടെ മനസ് തന്നെയാണ് ഇപ്പോഴും. പിച്ചവയ്ക്കുന്നതിനിടെ ഇടറിയ കാലടികള്‍ ശരിയാക്കി നടക്കാന്‍ പഠിച്ച കുഞ്ഞിനെപ്പോലെ, കാവ്യയും ശീലിക്കുന്നു. ജീവിതത്തിലെ ചില ഇടര്‍ച്ചകള്‍ മറന്ന് മനസിന് ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ മുഴുകാന്‍. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ലണ്ടനിലായിരിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് മാറ്റിവച്ചതോടെ കാവ്യയുടെ ഓണം പ്രോഗ്രാമില്‍ ചെറിയൊരു മാറ്റം. ഏറ്റവും അടുത്ത കൂട്ടുകാരിയും നടിയുമായ സുജ കാര്‍ത്തികയുടെ എറണാകുളത്തെ വീട്ടിലാണു കാവ്യയുടെ ഓണം.
നീലേശ്വരത്തു നിന്ന് എറണാകുളത്തേക്കു പറിച്ചു നട്ടതിനു ശേഷം മറ്റു ദിവസങ്ങളില്‍ നിന്ന് ഓണത്തിനു വലിയ മാറ്റങ്ങളുണ്ടായില്ല. അച്ഛന് മാധവന് ടെക്സ്റൈ്റല്‍ ഷോറൂമായതിനാല് കുട്ടിക്കാലത്ത് ഓണക്കോടിക്കൊന്നും കാത്തിരിക്കേണ്ടി വന്നിട്ടില്ല. മിക്കവാറും പുതിയ ഉടുപ്പ് കിട്ടും. ഓണമാകുമ്പോഴേക്ക് പുത്തന്‍ ഉടുപ്പായി കുറഞ്ഞത് ഒരു അഞ്ചു ജോടിയെങ്കിലുമുണ്ടാവും. എങ്കിലും അതിന്റെ സന്തോഷം മറ്റെവിടെ നിന്നും കിട്ടിയിട്ടില്ല. ഇന്ന് ആരാധകര്‍ അയച്ചു തരുന്നതുള്പ്പെടെ ഒരുപാട് ഓണക്കോടി കിട്ടുമെങ്കിലും അത് ആഘോഷിക്കാന്‍ ആരുമില്ല എന്ന തോന്നലാണ് മനസില്‍. അച്ഛനും അമ്മയും താനും മാത്രം. എങ്കിലും കഴിഞ്ഞ വര്‍ഷം അതൊക്കെ മാറ്റിമറിച്ച ഓണമായിരുന്നു. വിവാഹം കഴിഞ്ഞുള്ള ഓണം, ഒപ്പം വെണ്ണലയിലെ മാധവം എന്ന പുതിയ വീട്ടിലെ കന്നി ഓണം കൂടിയായിരുന്നു അത്. അന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഒത്തുകൂടി.
അന്ന് രാവിലെ തന്നെ പൂക്കളമൊരുക്കി, ഉച്ചയ്ക്ക് ഗംഭീരസദ്യയും. രാത്രി വരെ എല്ലാവരും സംസാരിച്ചിരുന്നു. ഒടുവില്‍ അത്താഴവും കഴിഞ്ഞാണ് പിരിഞ്ഞത്. ഇത്തവണയും ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനെയൊരു ഒത്തുചേരലിനു കളമൊരുങ്ങിയതിന്റെ സന്തോഷം കാവ്യയുടെ ചിരിയില്‍ നിറയുന്നു. ഈ ഓണത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ചെറുതെങ്കിലും ഒരു തിരിച്ചുവരവിന്റെ ആഘോഷം കൂടിയാണിത്. സിനിമയില്‍ അഭിനയിക്കണമെന്നോ തിളങ്ങണമെന്നോ ഒന്നുമായിരുന്നില്ല കൊച്ചു കാവ്യയുടെ മോഹം. അമ്മയെപ്പോലെ ഒരു നല്ല കുടുംബിനി. അതു തന്നെയാണു വിവാഹം കഴിഞ്ഞപ്പോഴും കൊതിച്ചത്. എന്നാല്‍ മോഹിക്കുന്നതുപോലെയെല്ലാം സാധിച്ചാല്‍ അതിനു ജീവിതമെന്നു വിളിക്കാനാവില്ലല്ലോ. മനസിനെ വേദനിപ്പിച്ച ആ നിമിഷങ്ങള്‍ തരണം ചെയ്യാന്‍ കാവ്യയ്ക്കു കൂട്ടായത് സിനിമയാണ്.
ഒരു കാര്യത്തിലും കണ്ഫ്യൂഷന് ഉണ്ടാവരുതെന്ന് ആഗ്രഹിച്ചു. മനസ് എപ്പോഴും വ്യക്തമായിരിക്കണം. മുകളിലുള്ള തിരക്കഥാകൃത്തിന്റെ കളിയാണ് എല്ലാം എന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ഓരോ നിമിഷവും. സ്വസ്ഥമായി ജീവിക്കണമെന്നാണ് അന്നും ഇന്നും മോഹം. വീടോ കാറോ പണമോ ഒന്നും ആവശ്യത്തില്‍ക്കവിഞ്ഞ് മോഹിച്ചിട്ടില്ല. ഒരു കയത്തിനു മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് അഭിനയത്തിലേക്കു തിരിച്ചുവരുന്നതിനെക്കുറിച്ചു ചിന്തിച്ചത്. എന്തായാലും ജീവിച്ചേ മതിയാവൂ. മറ്റൊരു തൊഴിലും അറിയില്ല. സിനിമയില്‍ നിന്നപ്പോള്‍ നല്ലപേര് നിലനിര്ത്തിയതുകൊണ്ടാവും ഒരുപാട് ഓഫറുകളാണ് തേടിയെത്തിയത്. ജോഷിയുടെ മോഹന്‍ലാല്‍ ചിത്രം ചെഗുവേരയില്‍ അഭിനയിക്കാനാണു കാവ്യ ആദ്യം സമ്മതിച്ചത്. എന്തോ കാരണത്താല്‍ ചിത്രം വേണ്ടെന്നു വച്ചെങ്കിലും ജോഷി, തന്റെ മള്‍ട്ടി സ്ററാറര് ചിത്രം ക്രിസ്ത്യന്‍ ബ്രദേഴ്സിലേക്കും കാവ്യയെ വിളിച്ചു. എന്നാല്‍ അതും വൈകി.
വര്‍ഷത്തില്‍ ഏഴും എട്ടും സിനിമകള്‍ക്കായി ഓടിനടന്ന് അഭിനയിച്ച കാവ്യ, ഇപ്പോള്‍ അതൊക്കെ മതിയാക്കുന്നു. ഈ രണ്ടാംവരവ്, തനിക്ക് ദൈവം തന്ന ബോണസാണ്. അതുകൊണ്ട് പുതുതായി ചെയ്യുന്നതെന്തും ഭംഗിയായി പൂര്‍ത്തിയാക്കണം. ഒരുപാട് സിനിമകളേക്കാള്‍, നല്ല സിനിമകള്‍ ചെയ്യണം. തന്റെ മനസിനെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ സ്വീകരിക്കണമെന്നാണ് ആഗ്രഹം. വര്‍ഷങ്ങള്‍ക്കു മുന്‍പേയുള്ള ഒരു കടംവീട്ടാനും ഒരുങ്ങുകയാണു കാവ്യ. ദേശീയ പുരസ്കാര ജേതാവായ സംവിധായകന് പ്രിയനന്ദനനാണു കടക്കാരന്. ദേശീയ പുരസ്കാരം നേടുന്നതിനു മുമ്പു തന്നെ കാവ്യയെ നായികയാക്കി അത് മന്ദാരപ്പൂവല്ല എന്ന ചിത്രം സംവിധാനം ചെയ്യാനിരുന്നതാണു പ്രിയന്. എന്നാല്‍ ആ പ്രൊജക്റ്റ് മുടങ്ങി. കാവ്യയെ നായികയാക്കി പ്രിയനന്ദന്റെ ചിത്രം തുടങ്ങും വൈകാതെ,ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്. നാട്ടിന്‍പുറത്ത് ചായക്കട നടത്തുന്ന പെണ്‍കുട്ടിയുടെ വേഷമാണു കാവ്യയ്ക്ക്.
അതു കഴിഞ്ഞും അത്ര തന്നെ വ്യത്യസ്തമായ ഒരു വേഷമാണ് കാവ്യയെ കാത്തിരിക്കുന്നത്. അനില്‍ കുഞ്ഞപ്പ സംവിധാനം ചെയ്യുന്ന എന്റെ അമ്മ. ഒരു പെണ്‍കുട്ടിയുടെ ജീവിതം, അവളുടെ വിവാഹത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ തുടങ്ങി മകന് ഇരുപത്തെട്ടു വയസാവുന്നതുവരെയുള്ള കഥ. അഭിനയജീവിതത്തിലെ വെല്ലുവിളിയായിരിക്കും ഈ കഥാപാത്രമെന്നറിയാം കാവ്യയ്ക്ക്.
ഒരിക്കല്‍ മനസില്‍ മോഹിച്ചിട്ട് ബാക്കിവച്ച മറ്റൊരുപാടു കാര്യങ്ങള്‍. അതിലേക്കൊക്കെ മനസ് നിറയുകയാണ്. ഒരു ഓഡിയോ സിഡി, നൃത്ത,സംഗീത പഠനം. പിന്നെ അച്ഛന്റെയും അമ്മയുടെയും മീനുക്കുട്ടിയായി കഴിയുന്നതിന്റെ സുഖം. ഇടയ്ക്കുണ്ടായ നൊമ്പരത്തിന്റെ നീറ്റല്‍ ഇപ്പോഴും അണഞ്ഞിട്ടില്ലെങ്കിലും പ്രതീക്ഷകള്‍ക്ക് ഓണനിലാവിന്റെ നിറശോഭ.
തയ്യാറാക്കിയത് : ശാരിക ശങ്കര്‍ |
|
- dated 24 Aug 2010
|
|
Comments:
Keywords: India - Samakaalikam - kavya madhvan neelaswaram India - Samakaalikam - kavya madhvan neelaswaram,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|