Today: 24 Jan 2021 GMT   Tell Your Friend
Advertisements
ഐ.വി. ശശി: ഇന്ത്യന്‍ സിനിമയിലെ അത്ഭുതം
Photo #1 - India - Cinema - i_v_sasi_a_wonder
എഴുപതുകളിലോ എണ്‍പതുകളിലോ കൗമാരക്കാരായിരുന്ന ഓരോ മലയാളിയുടെയും നൊസ്ററാള്‍ജിയയാണ് ഐ.വി. ശശി. മഞ്ഞ നിറത്തിലാവും മിക്കവാറും സ്ക്രീനില്‍ പേരു തെളിയുക. ആദ്യം ഇംഗ്ളിഷില്‍, പിന്നെ മലയാളത്തില്‍. സംവിധാനം: ഐ.വി.ശശി. അതു കാണുമ്പോള്‍ കൊട്ടകയിലുണ്ടാവുന്ന ആരവം! മലയാളത്തില്‍ മറ്റൊരു സംവിധായകനും അതു കിട്ടിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. അക്കാലത്ത് മലയാള സിനിമയില്‍ ഒരേ ഒരു സൂപ്പര്‍ താരമാണ് ഉണ്ടായിരുന്നത്. അത് ഐ.വി.ശശിയെന്ന കുറിയ മനുഷ്യനായിരുന്നു. ഒരു കൊല്ലം പത്തും പതിനഞ്ചും പടം സംവിധാനം ചെയ്ത് ഇന്ത്യന്‍ സിനിമയെ അദ്ഭുതപ്പെടുത്തി ആ മനുഷ്യന്‍.

അക്കാലത്ത് ഐ.വി. ശശിയുടെ വീടിനു മുന്‍പില്‍, അദ്ദേഹത്തിന്റെ സമയത്തിനും സൗകര്യത്തിനും വേണ്ടി മലയാള സിനിമ കാത്തുകെട്ടിക്കിടന്നു. രാവിലെ ശശി എഴുന്നേല്‍ക്കുമ്പോള്‍ വീടിനു മുന്‍പില്‍ കാറുകളുടെ വലിയ നിരയുണ്ടാവും. എല്ലാം പ്രൊഡക്ഷന്‍ വണ്ടികള്‍. കുളി കഴിഞ്ഞു കാപ്പി കുടിച്ചു ശശി ഏതു കാറില്‍ ആദ്യം കയറുന്നോ ആ പടത്തിന്റെ ഷൂട്ടിങ്ങാവും അന്ന് ആദ്യം തുടങ്ങുക. അവിടെ സെറ്റില്‍ ചെന്ന് അസോഷ്യേറ്റിനും അസിസ്ററന്റുമാര്‍ക്കും ആര്‍ട്ടിസ്ററുകള്‍ക്കും നിര്‍ദേശം നല്‍കിയ ശേഷം അടുത്ത കാറില്‍ അടുത്ത സെറ്റിലേക്ക്.

അന്നത്തെ വലിയ താരങ്ങളെല്ലാം ? മധുവും ജയനും സോമനും സുകുമാരനും വിന്‍സെന്റും ജോസും രവികുമാറും എന്നു വേണ്ട കമലഹാസനും രജനീകാന്തും വരെ? ശശിയുടെ ആജ്ഞാ ശക്തിക്കു മുന്‍പില്‍ വിധേയരായി നിന്നു. ഗാഢമായ സൗഹൃദത്തിലും ശശി താരങ്ങളില്‍നിന്നു കടിഞ്ഞാണ്‍ വിട്ടു കളഞ്ഞില്ല. മമ്മൂട്ടിയെ ഇന്നു കാണുന്ന മമ്മൂട്ടിയാക്കിയത് മോഹന്‍ലാലിനെ ഇന്നു കാണുന്ന മോഹന്‍ലാലാക്കിയതു എല്ലാം ഐ.വി. ശശിയാണ്.

തിയറ്ററില്‍ നാലുപേര്‍ ഒന്നിച്ചു കയറുമ്പോഴേക്കു പടം 'മാസ് മാസ്' എന്നു വിളിച്ചു കൂവുന്ന പുതുതലമുറ, ശരിക്കുള്ള മാസ് പടങ്ങളെന്തെന്നറിയാന്‍ ഐ.വി. ശശിയിലേക്കു തിരിഞ്ഞു നോക്കണം: ഈനാട്, ഇനിയെങ്കിലും, മീന്‍, അങ്ങാടി, വാര്‍ത്ത, അടിമകള്‍ ഉടമകള്‍, അബ്കാരി, നാല്‍ക്കവല....

പിന്നീടു പിന്‍തലമുറ സംവിധായകര്‍ ഏറ്റെടുത്തു തുടര്‍ഹിറ്റുകളുണ്ടാക്കിയ മോഹന്‍ലാലിന്റെ ആ മീശപിരിയന്‍ മാടമ്പിവേഷം തുടങ്ങിവച്ചതു പോലും ഐ.വി.ശശിയായിരുന്നു ദേവാസുരത്തില്‍. അസാധ്യമായ വേഗം ഐ.വി. ശശിയുടെ ശക്തിയായിരുന്നു. ആ വേഗം കുറഞ്ഞപ്പോഴാണ് ഐ.വി.ശശിയിലെ മാസ്ററര്‍ ക്രാഫ്റ്റ്സ്മാന്‍ ഇല്ലാതായതും.

അന്തരിച്ച തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് പറഞ്ഞൊരു സംഭവം. ഷാഹിദും സുഹൃത്ത് അനില്‍ മേനോനും ചേര്‍ന്ന് ആദ്യത്തെ സംവിധാന സംരംഭം. കലാഭവന്‍ മണി നായകന്‍. പടത്തിന്റെ പേരു സകലകലാ വല്ലഭന്‍. അതിനു തൊട്ടു മുന്‍പു കലാഭവന്‍ മണി ഐ.വി.ശശിയുടെ ഒരു പടത്തില്‍ അഭിനയിച്ചിരുന്നു. ആ പടത്തിലേക്കു മണിയുടെ ഒന്നു രണ്ടു സീനുകള്‍ വീണ്ടും എടുക്കണം. അതിനു സമ്മതിക്കണം. ഐ.വി.ശശിയാണു ചോദിക്കുന്നത്. പറ്റില്ലെന്നു പറയുന്നതെങ്ങനെ.

പക്ഷേ ആശങ്ക വിട്ടുമാറുന്നില്ല. മിക്കവാറും ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിക്കിട്ടും. നി!ര്‍മാതാവിനു നല്ല സാമ്പത്തിക !ഞെരുക്കമുള്ള സമയവുമാണ്. പണി പാളുമോ? ഐ.വി.ശശി വന്നു. കൂടെ ക്യാമറാമാനും മേക്കപ്പമാനും അസോഷ്യേറ്റും ഒക്കെയായി നാലഞ്ചു പേര്‍ മാത്രം. മണിക്കു മേക്കപ്പിട്ടു. വസ്ത്രം മാറ്റി. ക്യാമറയുടെ മുന്‍പില്‍ നിര്‍ത്തി. പത്തു മിനിറ്റ്. പണി തീര്‍ത്തു ശശിയേട്ടന്‍ മടങ്ങിപ്പോയി. (സകലകലാ വല്ലഭന്‍ പിന്നെ മുടങ്ങി. പിന്നീടു ഷാഹിദ് സ്വതന്ത്ര തിരക്കഥാകൃത്തായി പേരെടുത്തപ്പോള്‍ പുതിയ നിര്‍മാതാവിനെ കിട്ടി. അങ്ങനെ അനില്‍ ഒറ്റയ്ക്കു സംവിധാനം ചെയ്തു മത്സരം എന്ന പേരില്‍ പുറത്തിറക്കി. തിരക്കഥാകൃത്തായി ഷാഹിദ് കൂടെ നിന്നു).

അവസാന കാലത്തു പല കാരണങ്ങളാല്‍ പഴയ പ്രതാപം ഓ!ര്‍മ മാത്രമായപ്പോഴും ഐ.വി.ശശിയെന്ന പേരിന്റെ ഗരിമ ഒട്ടും ചോര്‍ന്നു പോയില്ല. ശശിയേട്ടന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലെന്ന് ആരാധകര്‍ വിശ്വസിക്കുന്ന ചില പടങ്ങളെങ്കിലും അവസാന കാലത്ത് അദ്ദേഹത്തില്‍ നിന്നുണ്ടായി എന്നതു നേരു തന്നെ.

എങ്കിലും, മലയാളത്തിലെ സംവിധായകരുടെ പട്ടികയെടുക്കുമ്പോള്‍ ഇന്നും ആദ്യം മനസ്സിലെത്തുക മറ്റൊരു പേരല്ല. അ, ആ, ഇ, ഈ എന്നു മലയാളി പ്രേക്ഷകന്‍ സിനിമ കണ്ടു പഠിച്ചതു ശശിയിലൂടെയായിരുന്നു. അ എന്ന അക്ഷരത്തോടും ആ എന്ന അക്ഷരത്തോടും അഗാധമായ പ്രണയമായിരുന്നു ശശിയിലെ സംവിധായകന്. (അവളുടെ രാവുകള്‍, അഭിനന്ദനം, അനുഭവം, അമേരിക്ക അമേരിക്ക, അങ്ങാടി, അനുപല്ലവി, അലാവുദ്ദീനും അദ്ഭുതവിളക്കും, അനുഭവങ്ങളേ നന്ദി, അക്ഷരങ്ങള്‍, അടിമകള്‍ ഉടമകള്‍, അബ്കാരി, അനുരാഗി, അനുഭൂതി......ആശീര്‍വാദം, ആലിംഗനം, ആരാധന, ആള്‍ക്കൂട്ടത്തില്‍ തനിയെ, 1921, ആവനാഴി......) ശശിയായിരുന്നു മലയാള സിനിമയിലെ ആദ്യാക്ഷരം ? അ.

'അവളുടെ രാവുകള്‍' ഒരു ധൈര്യമാണ്; അത്രയും 'ബോള്‍ഡ്' ആണ് ഐ.വി.ശശിയും

നവീന്‍ മോഹന്‍

'എ' സര്‍ട്ടിഫിക്കറ്റിന്റെ അശ്ളീലതയില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഒരു ചിത്രം; സിനിമയുടെ ചരിത്രം 'അവളുടെ രാവു'കളെ അങ്ങനെ രേഖപ്പെടുത്തേണ്ടതായിരുന്നു. പക്ഷേ മലയാളത്തിന്റെ ചലച്ചിത്രചരിത്രം തന്നെ മാറ്റിക്കുറിച്ച ഒരാളായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍. അതിനാല്‍ത്തന്നെ ഇന്നും മലയാളത്തിലെ എണ്ണംപറഞ്ഞ ചിത്രങ്ങളിലൊന്നായി നിലകൊള്ളുന്നു 'അവളുടെ രാവുകള്‍'. സംവിധായകന്‍ ഐ.വി.ശശി നമ്മോടു വിട പറഞ്ഞു യാത്രയായെങ്കിലും ഓര്‍മയുടെ റീലുകളിലാക്കി അദ്ദേഹം സമ്മാനിച്ച വിസ്മയനിമിഷങ്ങള്‍ ഇനിയും എത്രയോ കാലം പ്രേക്ഷകനില്‍ നിറഞ്ഞോടും.

മുഖ്യധാരാ സംവിധായകരെല്ലാം 'നോ' പറഞ്ഞു പിന്മാറിയിരുന്ന വിഷയമായിരുന്നു 'അവളുടെ രാവുകള്‍' പറഞ്ഞത്; ഒരു വേശ്യയുടെ ജീവിതകഥ. പിന്നെയും എന്തുകൊണ്ടാണ് അത്തരമൊരു സിനിമയോട് 'യെസ്' പറഞ്ഞതെന്ന് പലരും ഐ.വി.ശശിയോടു ചോദിച്ചിട്ടുണ്ട്. അതിന് അദ്ദേഹം നല്‍കിയ ഉത്തരം ഇങ്ങനെ: 'അത്തരത്തില്‍ വലിയൊരു റിസ്ക് ആയിരുന്നു 'അവളുടെ രാവുകള്‍'. അന്നുവരെ പറയാത്ത രീതിയിലുള്ള ചിത്രം. അത്തരമൊരു ചിത്രമെടുക്കാന്‍ എനിക്കു ഭയമില്ലായിരുന്നു. അതൊണെന്റെ രീതി. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രവും അതാണ്...' എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രം എന്നതില്‍ നിന്നു മാറി മലയാളത്തിലെ 'ബോള്‍ഡ്' സിനിമകളുടെ ഗണത്തിലേക്കാണ് അവളുടെ രാവുകളെ ഐ.വി.ശശി കൈപിടിച്ചു നയിച്ചത്.

കരുത്തുറ്റ വിഷയങ്ങളും ആരും കൈവയ്ക്കാന്‍ മടിക്കുന്ന മേഖലകളും ആരും കടന്നുചെല്ലാന്‍ ഇഷ്ടപ്പെടാത്ത ഇടങ്ങളുമെല്ലാം സിനിമയോടു ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ചലച്ചിത്രലോകവും പറഞ്ഞു: 'ഐ.വി.ശശിയും 'ബോള്‍ഡ്' ആണ്...' ഇന്ന് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ന്യൂജനറേഷന്‍, നവതരംഗ വക്താവ് എന്നൊക്കെയാണു പേര്. എന്നാല്‍ മലയാളത്തിനു നവതരംഗത്തിന്റെ ഭാവുകത്വം സമ്മാനിച്ചത് ഐ.വി.ശശിയാണെന്നത് ആരും പറഞ്ഞറിയിക്കാതെ തന്നെ സുവ്യക്തം.

വീട്ടുകാരോടു പോലും പറയാതെ പലചരക്കു കടക്കാരനില്‍ നിന്നു കടംവാങ്ങിയ 50 രൂപയുമായി മദ്രാസിലേക്കു ട്രെയിന്‍ കയറുമ്പോള്‍ മനസ്സില്‍ സിനിമയുണ്ടായിരുന്നില്ല. പക്ഷേ ചിത്രകാരനായ ഐ.വി.ശശിയെ കോടമ്പാക്കത്തു കാത്തിരുന്നത് കലാ സംവിധായകന്‍ എന്ന കുപ്പായമായിരുന്നു. ആദ്യചിത്രത്തിന്റെ കലാസംവിധാനം കഴിഞ്ഞ് സഹോദരനെ വിളിച്ച് 'എങ്ങനെയുണ്ട് ചിത്രത്തിന്റെ സെറ്റ്' എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: 'സെറ്റോ, അതെവിടെയാണ്...?' സെറ്റാണെന്നു പോലും തിരിച്ചറിയാനാകാത്ത വിധം സിനിമയ്ക്കു പശ്ചാത്തലമൊരുക്കിയതിന് ശശിക്കു ലഭിച്ച ആദ്യത്തെ അനുമോദനവും അതായിരുന്നിരിക്കണം.

പിന്നീട് പതിയെ സംവിധാനത്തിലേക്ക്. സഹസംവിധായകനായി മറ്റുള്ളവര്‍ക്കു വേണ്ടി സിനിമകളെടുത്ത് അവ ഹിറ്റായി നില്‍ക്കുന്ന കാലത്താണ് മുരളി ഫിലിംസിന്റെ രാമചന്ദ്രന്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന നിര്‍ദേശവുമായി വരുന്നത്. സ്വന്തം പേരു വച്ച് സിനിമയെടുക്കാന്‍ ധൈര്യമില്ലെന്നു തുറന്നു സമ്മതിച്ചു. പക്ഷേ പല സംവിധായകരേക്കാളും മികച്ചതാണ് നിന്റെ രീതിയെന്ന രാമചന്ദ്രന്റെ ധൈര്യം പകരുന്ന വാക്കുകളില്‍ നിന്നാണ് 'ഉത്സവം' എന്ന ചിത്രത്തിന്റെ പിറവി. ഷെരീഫ് എഴുതിയ ഒരു നോവലെറ്റായിരുന്നു ചിത്രത്തിന്റെ കഥ. കായലിനു നടുവില്‍ കുടിവെള്ളം ഇല്ലാതെ ഉഴലുന്ന ഒരു ഗ്രാമത്തിന്റെ കഥ. കെ.പി.ഉമ്മര്‍ നായകനായെത്തി, റാണി ചന്ദ്ര നായികയും. കടംവാങ്ങിയും കഷ്ടപ്പെട്ടുമാണ് 'ഉത്സവം' തിയറ്ററിലെത്തിച്ചത്. ആദ്യദിവസങ്ങളില്‍ ആളു കമ്മി. പക്ഷേ അദ്ഭുതമായി ഏതാനും ദിവസങ്ങള്‍ക്കകം തിയറ്ററിലേക്ക് പ്രേക്ഷകന്റെ കുത്തൊഴുക്ക്. പിന്നീടങ്ങളോട്ട് കേരളത്തിന്റെ കൊട്ടകകളെ ഉത്സവപ്പറമ്പുകളാക്കി മാറ്റുകയായിരുന്നു ഐ.വി.ശശി എന്ന ട്രെന്‍ഡ് സെറ്റര്‍

പൗഡറിട്ടു മിനുക്കിയ സുന്ദരമുഖങ്ങള്‍ നമ്മുടെ സിനിമയുടെയും 'മുഖശ്രീ'യായി നിന്നിരുന്ന കാലത്താണ് കാറ്റുപിടിച്ച കഥകളും കരുത്തുറ്റ മുഖങ്ങളുമായി ഐ.വി.ശശി മലയാളത്തില്‍ നവതരംഗത്തിന്റെ വഴിവെട്ടുന്നത്. മനോഹരമായ കയ്യക്ഷരത്തില്‍ എഴുതിയ അക്ഷരമാല പോലെ 'അ'യില്‍ നിന്നു തുടങ്ങുകയായിരുന്നു പിന്നെ സിനിമയുടെ ഉത്സവകാലം. 1976ല്‍ രണ്ടാമത്തെ ചിത്രം അനുഭവം പിന്നെ ആലിംഗനം, അയല്‍ക്കാരി, അഭിനന്ദനം എന്നിങ്ങനെ നാലു ചിത്രങ്ങള്‍. തൊട്ടടുത്ത വര്‍ഷം 'ആശിര്‍വാദ'ത്തില്‍ തുടങ്ങി 'ഇതാ ഇവിടെ വരെ'യും കടന്ന് 'ഊഞ്ഞാലി'ലെത്തി നിന്ന 12 സിനിമകള്‍. വര്‍ഷത്തില്‍ പത്തിലേറെ സിനിമകള്‍ അതിലേറെയും സൂപ്പര്‍ ഹിറ്റുകള്‍. മലയാള സിനിമയില്‍ നായകന്മാരുടെ മുഖത്തിനു പകരം സംവിധായകന്റെ പേരു നോക്കി പ്രേക്ഷകന്‍ തിയേറ്ററിലേക്കൊഴുകാനും തുടക്കമിട്ടത് ഐ.വി.ശശിയായിരുന്നു.

കമല്‍ഹാസനും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം തകര്‍പ്പന്‍ കഥാപാത്രങ്ങളായി നിറഞ്ഞാടിയിട്ടും ചിത്രങ്ങളെ ജനം വാഴ്ത്തിയത് 'ഐ.വി.ശശിയുടെ സിനിമ' എന്ന വിശേഷണത്തോടെയായിരുന്നു. 1978ലാണ് അവളുടെ രാവുകളുടെ വരവ്. അതേ വര്‍ഷം തന്നെ ഈറ്റയും എത്തി. 'ഇനിയും പുഴയൊഴുകും' എന്ന സിനിമയുടെ പേരു പോലെത്തന്നെ ഇനിയും ഹിറ്റുകളൊഴുകും എന്നതിന്റെ സൂചനയായിരുന്നു ശശി നല്‍കിയത്. വില്ലനെപ്പോലെ മുഖമുള്ള നായകന്മാര്‍ മലയാളസിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു. ജീവിതത്തോടു പടവെട്ടുന്നവരായിരുന്നു അദ്ദേഹത്തിന്റെ നായകന്മാര്‍. മീന്‍പിടിത്തക്കാരും ഈറ്റവെട്ടുകാരും ചുമട്ടുതൊഴിലാളികളും ലോറി ൈ്രഡവര്‍മാരുമെല്ലാം അങ്ങനെ സിനിമയിലെ സൂപ്പര്‍സ്ററാറുകളായി. സാധാരണക്കാരന്റെ ജീവിതത്തിലും ഒരു അസാധാരണത്വം കണ്ടെത്തി അതിനെ വെള്ളിവെളിച്ചത്തിന്റെ തിളക്കത്തില്‍ ഹിറ്റാക്കി മാറ്റി ഐ.വി.ശശി. ഇവര്‍ക്കു പശ്ചാത്തലമൊരുക്കിയതാകട്ടെ അധോലോകവും രാഷ്ട്രീയത്തിന്റെ പടനിലവും കാടും കടലുമെല്ലാമായിരുന്നു. ഐ.വി.ശശിയിലൂടെ കേരളം ഒന്നാന്തരം രാഷ്ട്രീയ സിനിമകള്‍ക്കും സാക്ഷ്യം വഹിച്ചു തുടങ്ങി.

സാധാരണക്കാരന്റെ വിയര്‍പ്പൊഴുകുന്ന കഥകളിലൂടെ കലാമൂല്യത്തിന് ഇടിവു തട്ടാതെ തന്നെ കച്ചവടസിനിമയുടെ രസക്കൂട്ടുകളും പ്രേക്ഷകനായി അദ്ദേഹം കാത്തു വച്ചു. സാധാരണക്കാരുടെ 'വേഷം' കെട്ടി ഐ.വി.ശശിയുടെ സിനിമകളില്‍ മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ച നടീനടന്മാരെല്ലാം തന്നെ പിന്നീട് സൂപ്പര്‍സ്ററാറുകളാകുന്നതും നാം കണ്ടു. 'മൃഗയ'യുടെ കഥ പറയാന്‍ ലോഹിതദാസ് വരുമ്പോള്‍ തിരക്കിട്ട ഷൂട്ടിലായിരുന്നു ശശി. ഇടവേളയിലാണ് ലോഹിതദാസിനോടു പറഞ്ഞത്: 'സമയമില്ല, ഒറ്റവാക്യത്തില്‍ കഥ പറയാമോ?'

ലോഹിതദാസ് പറഞ്ഞു: ഒരു ഗ്രാമം. കാടിനടുത്താണ്. അവിടെ പുലി ഇറങ്ങി ശല്യമാണ്. അതിനെ വെടിവയ്ക്കാന്‍ ഒരാള്‍ വരുന്നു. അയാള്‍ പിന്നെ പുലിയേക്കാള്‍ വലിയ ശല്യമായി മാറുന്നു'. ശശി പിന്നോടൊരു അഭിമുഖത്തില്‍ പറഞ്ഞു: 'അയാള്‍ പിന്നെ പുലിയേക്കാള്‍ വലിയ ശല്യമായി മാറുന്നു' എന്ന ഒരൊറ്റ വാചകത്തിന്റെ ബലത്തിലാണ് മൃഗയ ചെയ്യുന്നതെന്ന്. കാരണം അതില്‍ ആ സിനിമ മുഴുവനുമുണ്ടായിരുന്നു. 'മൃഗയ'യില്‍ വാറുണ്ണിയായെത്തിയ മമ്മൂട്ടി പിന്നെ ഉന്നംപിടിച്ചിട്ടത് മലയാളസിനിമയിലെ സ്ററാര്‍ പദവിയാണ്. 'തൃഷ്ണ' എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ അഭിനയപാടവം മലയാളത്തിനു പരിചയപ്പെടുത്തിയിരുന്നു ഐ.വി.ശശി. 1984ല്‍ 'ഉയരങ്ങളില്‍' എന്ന ചിത്രത്തില്‍ നായകനാക്കാനുള്ള ധൈര്യവും കാണിച്ചു. പിന്നെയും അഞ്ചു വര്‍ഷം കഴിഞ്ഞാണ് 'മൃഗയ' പുറത്തിറങ്ങുന്നത്.

മോഹന്‍ലാലിന്റെ ചലച്ചിത്രജീവിതത്തെ തന്നെ വഴിമാറ്റിവിട്ട 'ദേവാസുര'ത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ! ലാലിനോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട് ഐ.വി.ശശിക്ക്. അക്കാര്യം ഒരു അഭിമുഖത്തില്‍ അദ്ദേഹം സമ്മതിച്ചതുമാണ്: 'നമുക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഒരു പെരുമാറ്റരീതിയാണ് മോഹന്‍ലാലിന്റേത്. ഒരു ഷോട്ട് എടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മളെക്കൂടി ഇന്‍സ്പയര്‍ ചെയ്യുന്ന വിധത്തിലാണ് അദ്ദേഹം പെരുമാറുന്നത്. അത് കംഫര്‍ട്ടാണ്. ഒരു കാര്യം ചെയ്യണമെന്നു പറഞ്ഞാല്‍ ഇഷ്ടമായില്ലെങ്കില്‍ അതുവേണോ എന്നു ചോദിക്കും. അതു പറയാനുള്ള ഒരടുപ്പമുണ്ട്; സ്വാതന്ത്ര്യവും.

മറ്റുള്ള ആര്‍ട്ടിസ്ററുകളാണെങ്കില്‍ തോന്നുന്നതു തുറന്നു പറയില്ല. അവരതു മനസ്സില്‍ വച്ച് പെരുമാറുകയോ മറ്റുള്ളവരോട് പറയുകയോ ചെയ്യും. അതെനിക്കിഷ്ടമല്ല...' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രേംനസീര്‍, സുകുമാരന്‍, മധു, സോമന്‍, കമല്‍ഹാസന്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ശ്രീവിദ്യ, സീമ, ശ്രീദേവി തുടങ്ങി ഐ.വി.ശശിയുടെ സംവിധാനത്തിനു കീഴെ പാടവം തെളിയിച്ച സൂപ്പര്‍താരങ്ങള്‍ എത്രയോ ഏറെ. ഐ.വി.ശശിയുടെ ഡേറ്റിനായി വീടിനു മുന്നില്‍ നിര്‍മാതാക്കള്‍ കാവല്‍ കിടന്നിരുന്ന കാലവുമുണ്ടായിട്ടുണ്ട്.

അനുഭവം, ഇതാ ഇവിടെ വരെ, അവളുടെ രാവുകള്‍, അങ്ങാടി, കരിമ്പന, ഈനാട്, ഇണ, സിന്ദൂര സന്ധ്യക്ക് മൗനം, ആരൂഢം, നാണയം, ആള്‍ക്കൂട്ടത്തില്‍ തനിയെ, കാണാമറയത്ത്, കരിമ്പിന്‍ പൂവിനക്കരെ, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, നാല്‍ക്കവല, 1921, മുക്തി, മൃഗയ, ഇന്‍സ്പെക്ടര്‍ ബല്‍റാം, ദേവാസുരം, വര്‍ണ്ണപ്പകിട്ട്...നൂറ്റി അറുപതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് ഐ.വി.ശശി. ഒടുവില്‍, ഈ ജീവിതം ഇതാ ഇവിടെ വരെയെന്നു പറയാതെ പറഞ്ഞു യാത്രയാകുമ്പോള്‍ മലയാളത്തിന്റെ മനസ്സില്‍ ബാക്കിയാകുന്നതും ആ ധന്യതയാര്‍ന്ന ചലച്ചിത്രനിമിഷങ്ങളാണ്...ഇനിയും മലയാള സിനിമ ഒരൊറ്റയാനെപ്പോലെ ഓര്‍ക്കും ഈ ചലച്ചിത്ര ഇതിഹാസത്തെ. സിനിമയെ ജീവിതമാക്കിയ, സാധാരണ ജീവിതങ്ങളെ അസാധാരണ സിനിമകളാക്കിയ ഒരാള്‍. 'ഇതാ ഒരു മനുഷ്യന്‍' എന്ന അദ്ദേഹത്തിന്റെ സിനിമയുടെ പേരുപറഞ്ഞു തന്നെയിരിക്കും വരുംതലമുറയ്ക്കു നാം അദ്ദേഹത്തെ പരിചയപ്പെടുത്തുക. ഒരു കൂട്ടിച്ചേര്‍ക്കലുണ്ടാകുമെന്നു മാത്രം: 'ഇതാ ഒരു അസാധാരണ മനുഷ്യന്‍'
- dated 24 Oct 2017


Comments:
Keywords: India - Cinema - i_v_sasi_a_wonder India - Cinema - i_v_sasi_a_wonder,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us