ആക്സിയം മിഷന്‍~4 വിക്ഷേപണ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് നാസ അറിയിച്ചു. പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കും. ദൗത്യ സംഘത്തെ സ്വീകരിക്കാന്‍ നിലയം തയാറാണെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു. അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികള്‍ക്കു ശേഷം, ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും നാസ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അമെരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ് ~ സ്പേസ് എക്സ് എന്നിവയുടെ സഹകരണത്തോടെ നാസ നടപ്പാക്കുന്ന നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്സിയം 4. ബഹിരാകാശരംഗത്തെ ഇന്ത്യ~നാസ സഹകരണത്തിന്‍റെ ഭാഗമായാണു 39 വയസുകാരനായ ശുഭാംശു ശുക്ള ആക്സിയം 4 ദൗത്യത്തില്‍ ബഹിരാകാശയാത്രയ്ക്ക് കാത്തിരിക്കുന്നത്.
ശുഭാംശു ശുക്ളയ്ക്കു പുറമെ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍ (യുഎസ്എ), സ്ളാവോസ് ഉസ്നാന്‍സ്കി~വിസ്നിയേവ്സ്കി (പോളണ്ട്), ടിബോര്‍ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. ഫാല്‍ക്കണ്‍ 9 ലെ സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകമാണ് ഈ ദൗത്യത്തിന് ഉപയോഗിക്കുന്നത്.

Comments: