പാരിസ്: ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തിലുണ്ടായ കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്ററില്‍. രാജ്യം വിടാനുള്ള തയാറെടുപ്പിനിടെ വിമാനത്താവളത്തില്‍ നിന്നാണ് ഒരാളെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഒക്റ്റോബര്‍ 19നാണ് മ്യൂസിയത്തില്‍ കവര്‍ച്ച നടന്നത്. 102 മില്യണ്‍ ഡോളര്‍ വില മതിക്കുന്ന എട്ട് ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
മ്യൂസിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതിന്റെ മറ പിടിച്ചാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. മ്യൂസിയത്തിന്റെ തെക്കു ഭാഗത്തുള്ള അപ്പോളോ ഗ്യാലറിയില്‍ പണിക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാവിലെ 9.34നാണ് ഇരുവരും എത്തിയത്. ഈ സമയത്ത് സുരക്ഷാ മുന്‍ കരുതലിനായി ഘടിപ്പിച്ചിരുന്ന അലാം മുഴങ്ങിയിരുന്നു.
പക്ഷേ ഒരു മിനിറ്റിനുള്ളില്‍ കൊള്ളക്കാര്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചില്ലു പെട്ടി ഡിസ്ക് കട്ടേഴ്സ് ഉപയോഗിച്ച് അറുത്ത് ആഭരണങ്ങള്‍ കവര്‍ന്നു. മോഷണവസ്തുവുമായി പുറത്തെത്തിയ ഉടന്‍ മറ്റു രണ്ടു പേരുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Comments: