ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് അടുത്ത മാസം മുതല്‍ അധിക നികുതി; ചെറിയ പാഴ്സലുകള്‍ക്ക് ജൂലൈ 1 മുതല്‍ 3 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം.
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈനായി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഇനി ചെലവേറും. ജൂലൈ 1 (2026) മുതല്‍ വരുന്ന എല്ലാ ചെറിയ പാഴ്സലുകള്‍ക്കും 3 യൂറോ (ഏകദേശം 270 രൂപ) അധിക കസ്ററംസ് നികുതി ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു.
ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി യൂറോപ്പിലേക്ക് എത്തുന്ന പാഴ്സലുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ അടിയന്തിര നടപടി.
പുതിയ നിയമം ഒറ്റനോട്ടത്തില്‍:
ആര്‍ക്കൊക്കെ ബാധകം?: 150 യൂറോയില്‍ താഴെ മൂല്യമുള്ള, യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നും (പ്രത്യേകിച്ച് ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും) വരുന്ന എല്ലാ ചെറിയ പാഴ്സലുകള്‍ക്കും ഈ 3 യൂറോ അധികമായി നല്‍കേണ്ടി വരും.
നിലവില്‍ 2028 വരെയാണ് ഈ താത്കാലിക നികുതി നിശ്ചയിച്ചിരിക്കുന്നത്. 2028~ഓടെ ചെറിയ പാഴ്സലുകള്‍ക്ക് നിലവിലുള്ള നികുതിയിളവുകള്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കുകയും, എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും അവയുടെ കൃത്യമായ ടാരിഫ് അനുസരിച്ച് കസ്ററംസ് ഡ്യൂട്ടി ഈടാക്കുകയും ചെയ്യും.
നിലവില്‍ യൂറോപ്പിലേക്ക് വരുന്ന ഇത്തരം ചെറിയ പാഴ്സലുകളില്‍ 91 ശതമാനവും ചൈനയില്‍ നിന്നാണ് വരുന്നത്. ഷീന്‍ (Shein), ടെമു (Temu) തുടങ്ങിയ ജനപ്രിയ ആപ്പുകളെയാണ് ഈ നിയമം പ്രധാനമായും ബാധിക്കുക.
നവംബറോടെ വീണ്ടും 3 യൂറോ കൂടും (Handling Fee):
ഇത് കൂടാതെ, കസ്ററംസ് ഉദ്യോഗസ്ഥരുടെ അധിക ചിലവുകള്‍ക്കായി 'ഹാന്‍ഡ്ലിംഗ് ഫീ' (Handling Fee) എന്ന പേരില്‍ മറ്റൊരു 3 യൂറോ കൂടി ഓരോ പാഴ്സലിനും ഈടാക്കാനുള്ള പരിഷ്കാരത്തിന് കഴിഞ്ഞ ഏപ്രിലില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് 2026 നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതായത് നവംബറിന് ശേഷം നിങ്ങള്‍ പുറത്തുനിന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഓരോ സാധനത്തിനും ആകെ 6 യൂറോ വരെ അധികം നല്‍കേണ്ടി വന്നേക്കാം.
കുറഞ്ഞ വിലയ്ക്കുള്ള വസ്ത്രങ്ങളിലും കളിപ്പാട്ടങ്ങളിലും മാരകമായ രാസവസ്തുക്കള്‍ കണ്ടെത്തിയതും, യൂറോപ്പിലെ പ്രാദേശിക ബിസിനസ്സുകള്‍ക്ക് (പ്രത്യേകിച്ച് വസ്ത്ര മേഖലയ്ക്ക്) ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതുമാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ഇയു അധികൃതരെ പ്രേരിപ്പിച്ചത്.
ഫ്രാന്‍സില്‍ നിലവിലുണ്ടായിരുന്ന 2 യൂറോയുടെ പ്രാദേശിക ടാക്സിന് പകരമായി ജൂലൈ 1 മുതല്‍ ഈ പുതിയ 3 യൂറോ നിയമം ബാധകമാകും. ജര്‍മ്മനിയിലെ പ്രവാസി മലയാളികള്‍ ഇനി ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ നടത്തുമ്പോള്‍ ഈ അധിക തുക കൂടി മനസ്സില്‍ കാണേണ്ടതുണ്ട്.

Comments: