പ്രധാന വില്ലന്‍ ഊര്‍ജ്ജവില; ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവ്:
ഊര്‍ജ്ജവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് പണപ്പെരുപ്പം കുത്തനെ ഉയരാന്‍ പ്രധാന കാരണമെന്ന് സ്ററാറ്റിസ്ററിക്സ് ഓഫീസ് പ്രസിഡന്റ് റൂത്ത് ബ്രാന്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ധനവിലയില്‍ 37.1 ശതമാനത്തിന്റെ ഭീമമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വീടുകള്‍ ചൂടാക്കാനുപയോഗിക്കുന്ന ഹീറ്റിംഗ് ഓയിലിന്റെ വിലയിലാകട്ടെ 74.9 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വര്‍ദ്ധനവാണുണ്ടായത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതാണ് പെട്രോള്‍~ഡീസല്‍ വില റെക്കോര്‍ഡ് തലത്തിലേക്ക് ഉയരാന്‍ ഇടയാക്കിയത്.
ഇന്ധന സബ്സിഡിയുമായി ഫെഡറല്‍ സര്‍ക്കാര്‍:
ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഒക്ടോബര്‍ 1 മുതല്‍ വര്‍ഷാവസാനം വരെ പ്രാബല്യത്തില്‍ വരുന്ന പുതിയ ഇന്ധന സബ്സിഡി ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ നടപടിയിലൂടെ ഇന്ധനവിലയില്‍ ലിറ്ററിന് 17 സെന്റ് വരെ കുറവുണ്ടാകുമെന്നും പണപ്പെരുപ്പത്തില്‍ 0.3 ശതമാനത്തിന്റെ ആശ്വാസം ലഭിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ഭക്ഷ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വിലനിലവാരം:
മൊത്തത്തിലുള്ള ഊര്ജ്ജച്ചെലവുകളില് 14.9 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. ഭക്ഷ്യവസ്തുക്കളുടെ ശരാശരി വിലയില്‍ 0.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായതെങ്കിലും ചില ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിലക്കയറ്റമുണ്ടായി. മുട്ടയ്ക്ക് 15.2 ശതമാനവും പച്ചക്കറികള്‍ക്ക് 12.0 ശതമാനവും മത്സ്യവിഭവങ്ങള്‍ക്ക് 4.5 ശതമാനവും വില വര്‍ദ്ധിച്ചു. അതേസമയം വെണ്ണ (29.5%), പഴവര്‍ഗ്ഗങ്ങള്‍ (4.9%), പാല് ഉല്‍പ്പന്നങ്ങള്‍ (5.5%) എന്നിവയ്ക്ക് വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസമായി. കൂടാതെ വാഹന അറ്റകുറ്റപ്പണികള്‍ (4.7%), വ്യക്തിഗത പരിചരണ സേവനങ്ങള്‍ (4.3%), യാത്രാ പാക്കേജുകള്‍ (3.8%) എന്നിവയ്ക്കും നിരക്കുകള്‍ ഉയര്‍ന്നു.
പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കാം:
യൂറോ സോണില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം തുടരുന്നതിനാല്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ വര്‍ഷം ഇതിനകം രണ്ട് തവണ പലിശനിരക്ക് ഉയര്‍ത്തിയ ബാങ്കിന്റെ നിലവിലെ അടിസ്ഥാന നിരക്ക് 2.50 ശതമാനമാണ്. വരും മാസങ്ങളിലെ വിലക്കയറ്റത്തിന്റെ തോത് അനുസരിച്ചായിരിക്കും പലിശനിരക്കിലെ തുടര്തീരുമാനങ്ങള്.

Comments: