ഇക്കാലമത്രയും തന്നിലെ കഴിവുകള്‍ മറ്റുള്ളവര്‍ക്കായി പ്രയോജനപ്പെടുത്തിയ നല്ലൊരു കലാകാരന്, സംഘാടകന്‍, കായിക സ്നേഹി, എഴുത്തുകാരന്, വാഗ്മി, അങ്ങനെ സമസ്തമേഖലയിലും തനതായ വ്യക്തി മുദ്രപതിപ്പിച്ച ആളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്മരണ എക്കാലവും നിലനിര്‍ത്താന്‍ അദ്ദേഹവും ഒരുപറ്റം കായികപ്രേമികളും കൂടി ആരംഭിച്ച കൊളോണ്‍ ഇന്‍ഡ്യന്‍ വോളിബോള്‍ ക്ള്ബിന്റെ (ഇവിസി) ആഭിമുഖ്യത്തില്‍ നടത്തുന്ന മാത്യു പാറ്റാനി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 29 ന് ശനിയാഴ്ച അരങ്ങേറും.
ദീര്‍ഘകാലം ക്ളബിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ക്ളബിനെ ഏറ്റവും നല്ലനിലയില്‍ വളര്‍ത്തി വലുതാക്കുകയും നിരവധി അന്തര്‍ദ്ദേശീയ ടൂര്‍ണ്ണമെന്റുകള്‍ നടത്തിയും അന്തര്‍ദ്ദേശീയ ടൂര്‍ണ്ണമെന്റുകളിലെ മല്‍സരങ്ങളില്‍ ക്ളബിനെ നയിച്ച വ്യക്തികൂടിയാണ് മാത്യു പാറ്റാനി.
കൊളോണ്‍ പോര്‍സിലെ സിറ്റി ജിംനാസിയം സ്പോര്‍ട്ട് ഹാളിലാണ് (Dorotheenstr.1A,51145 Koeln) ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് ടൂര്‍ണ്ണമെന്റിന്റെ ആദ്യവിസില്‍ മുഴങ്ങും. യൂറോപ്യന്‍ തലത്തില്‍ നടത്തുന്ന ടൂര്‍ണ്ണമെന്റില്‍ ജര്‍മനിയില്‍ നിന്ന് ആറു ടീമുകളും, ഓസ്ട്രിയയില്‍ നിന്നും, സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും എത്തുന്ന രണ്ടു ടീമുകളും ഉള്‍പ്പടെ ആകെ പത്തു ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
വൈകുന്നേരത്തോടെ ഫൈനല്‍ നടക്കും. രാത്രി 8.30 ഓടുകൂടി ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിയ്ക്കും. ഇന്‍ഡ്യന്‍ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിയ്ക്കും. ഇത് മൂന്നാം തവണയാണ് ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ ഒരു മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത്.
ഇവിസിയെ കൂടാതെ കൊളോണ്‍ കേരളസമാജം, സെല്‍ഫ് ഹില്‍ഫെ ഫോര്‍ ഇന്ഡര്, കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ളബ്, ഇന്‍ഡ്യന്‍ കാത്തലിക് കമ്യൂണിറ്റി എന്നീ പ്രസ്ഥാനങ്ങളിലൊക്കെ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം. 2021 നവംബര്‍ 16 നാണ് മാത്യു പാറ്റാനി അന്തരിച്ചത്.
ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ് ജര്‍മനിയിലെ ആദ്യതലമുറയില്‍ നിന്നും ഇവിടുത്തെ രണ്ടാംതലമുറ ഏറ്റെടുത്ത് പുതിയ നേതൃത്വത്തിലാണ് ക്ളബ് ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്നത്. സിനി തോട്ടക്കര പ്രസിഡന്റ്, ഡെസീന തോട്ടുങ്കല്‍ ജനറല്‍ സെക്രട്ടറി, ഡെന്‍സി പൊയ്കയില്‍ ട്രഷറര്‍, ഡാലിയ തോട്ടത്തില്‍ ട്രെയിനര്‍, ഡിനീഷ് ഗോപുരത്തിങ്കല്‍ പ്രോട്ടോക്കോള്‍, ജോയി മാണിക്കത്ത്, ഡേവീസ് വടക്കുംചേരി എന്നിവര്‍ സെക്രട്ടറിമാരുമാണ്.
ടൂര്ണ്ണമെന്റിലേയ്ക്ക് എല്ലാ കായിക പ്രേമികളെയും വോളിബോള്‍ ആസ്വാദകരേയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
ജീവിച്ചിരുന്ന കാലത്തോളം ഒരു സകല കലാവല്ലഭനായി സ്വന്തം കഴിവുകള്‍ എന്നും സമൂഹത്തിനു സമര്‍പ്പിച്ച നമ്മില്‍ നിന്നും വിടപറഞ്ഞ മാത്യു പാറ്റാനിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിയ്ക്കുന്നു. പ്രാര്‍ത്ഥനയോടെ പ്രണാമം.

Comments: