2015 ഓഗസ്റ്റ് 15നാണ്, 'നമുക്കത് സാധിക്കും' എന്നര്‍ഥം വരുന്ന പ്രഖ്യാപനം ഒരു വാര്‍ത്താസമ്മേളത്തില്‍ മെര്‍ക്കല്‍ നടത്തിയത്. സിറിയ, അഫ്ഗാനിസ്ഥാന്, ഇറാക്ക് തുടങ്ങിയ യുദ്ധകലുഷിതമായ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ കൂട്ടത്തോടെ യൂറോപ്പിലേക്ക് പലയാനം ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്.
ജര്‍മനി സ്വീകരിക്കുന്ന അഭയാര്‍ഥികള്‍ക്ക് താമസസൗകര്യവും തൊഴിലും അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും നല്കാന് സാധിക്കുമെന്നും, അവരെ ജര്‍മന്‍ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാന്‍ സാധിക്കുമെന്നുമായിരുന്നു മെര്‍ക്കലിന്റെ വിശ്വാസം. എന്നാല്‍, മെര്‍ക്കല്‍ തുടങ്ങിവച്ച ദൗത്യം പത്തു വര്‍ഷത്തിനിപ്പുറവും അപൂര്‍ണമായി ശേഷിക്കുകയാണ്.
അഭയാര്‍ഥികള്‍ക്ക് നിലവാരമുള്ള ജോലി ഉറപ്പാക്കാനോ, അവരിലെ സ്ത്രീകള്‍ നേരിടുന്ന തൊഴിലില്ലായ്മ പരിഹരിക്കാനോ അവരെ ജര്‍മന്‍ ഭാഷ പഠിപ്പിക്കാനോ അവരുടെ മക്കള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനോ രാജ്യത്തിന് ഇനിയും സാധിച്ചിട്ടില്ല. 2014ല്‍ എഴുപതിനായിരം അഭയാര്‍ഥികളാണ് ജര്‍മനിയില്‍ ജോലി ചെയ്തിരുന്നതെങ്കില്‍ ഇന്നത് ഏഴു ലക്ഷത്തിലധികമാണ്. എന്നാല്‍, അഭയാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് ആനുപാതികം മാത്രമാണിത്. 36 ശതമാനം പേര് ഇപ്പോഴും തൊഴില്‍രഹിതരാണ്. ജോലിയുള്ളവര്‍ തന്നെ പലരും അവിദഗ്ധ മേഖലകളിലാണുള്ളത്. അഭയാര്‍ഥികളുടെ കുട്ടികള്‍ വന്നത് ജര്‍മന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിനു മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു.

Comments: