പാക്കിസ്ഥാന് ഒരു ആണവ രാഷ്ട്രമാണെന്നും രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണി നേരിട്ടാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്കു തള്ളി വിടാന്‍ തങ്ങള്‍ മടിക്കില്ലെന്നും അസിം മുനീര്‍ പറഞ്ഞു. അമെരിക്കന്‍ സന്ദര്‍ശനത്തിനിടെ ഫ്ലോറിഡയിലെ ടാമ്പയില്‍ വ്യവസായി അദ്നാന് അസദ് സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ വച്ചാണ് അസീം ഇന്ത്യക്കെതിരേ ഭീഷണി ഉയര്‍ത്തിയത്. യുണൈറ്റഡ് സ്റേററ്റ്സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ സ്ഥാനമൊഴിയുന്ന കമാന്‍ഡര്‍ ജനറല്‍ മൈക്കില്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അമെരിക്കയില്‍ എത്തിയതായിരുന്നു പാക് സൈനിക മേധാവി.
സിന്ധു നദീ ജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനിലെ 250 മില്യണ്‍ ജനങ്ങളെ അപകടത്തില്‍ ആക്കിയേക്കാം എന്നും അസീം മുനീര്‍ പറഞ്ഞു. സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ടു നിര്‍മിച്ചാല്‍ പത്തു മിസൈലുകളുപയോഗിച്ച് തങ്ങളതു തകര്‍ക്കുമെന്നും പാക്കിസ്ഥാനു മിസൈലുകള്‍ക്കു ക്ഷാമമില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇനിയും ഭീഷണി തുടര്‍ന്നാല്‍ പാക്കിസ്ഥാന് ആണവായുധങ്ങള്‍ പ്രയോഗിക്കും. ഇന്ത്യയ്ക്കു വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കന്‍ ഇന്ത്യയിലാകും പാക്കിസ്ഥാന് ആദ്യം ആക്രമണം അഴിച്ചു വിടുക. തുടര്‍ന്ന് ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും മുനീര്‍ വിശദീകരിച്ചു. രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പാക് സൈനിക മേധാവി അമെരിക്കയില്‍ സന്ദര്‍ശനം നടത്തുന്നത്. അസീം പാക് രാഷ്ട്രീയത്തില്‍ കൂടുതല്‍ സുപ്രധാന പദവിയിലേയ്ക്ക് എത്തുമെന്ന പ്രചരണം സജീവമാകുന്നതിനിടെയാണ് ഇത്തരത്തില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്.

Comments: