അതേസമയം, നെതന്യാഹുവിനെതിരായ വാറന്റ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഎസ്. ഇസ്രായേലും ഹമാസും ഒരുപോലെയല്ലെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ബ്രിട്ടന്‍, ഓസ്ട്രിയ, ചെക് റിപ്പബ്ളിക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സമാന പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഐ.സി.സി നീക്കം ഇസ്രായേലിനെതിരായ അക്രമമാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. കൊലയാളികളെയും ഇരകളെയും ഒരുപോലെ കാണുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹമാസും അറിയിച്ചു.
എന്നാല്‍, ഗസ്സയില്‍ സിവിലിയന്മാര്‍ക്കെതിരായ വംശഹത്യയും മാനുഷിക സഹായം തടയലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഫ്രാന്‍സ്. ഐ.സി.സി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാനാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ്, ഹമാസ് നേതാക്കളായ യഹ്യ സിന്‍വാര്‍, മുഹമ്മദ് ദെയ്ഫ്, ഇസ്മയില്‍ ഹനിയ എന്നിവര്‍ക്കെതിരെ അറസ്ററ് വാറന്റിനുള്ള ആദ്യ നടപടിയായ അപേക്ഷ നല്‍കിയത്. ഗസ്സയില്‍ വംശഹത്യ, യുദ്ധമുറയായി പട്ടിണിക്കിടല്‍, മാനുഷിക സഹായം നിഷേധിക്കല്‍, ബോധപൂര്‍വം സിവിലിയന്മാരെ ലക്ഷ്യമിടല്‍ എന്നിവയാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരെ ഉന്നയിച്ചതെങ്കില്‍ വംശഹത്യ, കൊലപാതകം, ബന്ദിയാക്കല്‍, ബലാത്സംഗം, ലൈംഗിക പീഡനം എന്നിങ്ങനെയാണ് ഹമാസിനെതിരായ കുറ്റങ്ങള്‍.
അറസ്ററ് വാറന്റ് പുറപ്പെടുവിക്കുന്നതോടെ പ്രതികള്‍ അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്താല്‍ അവരെ അറസ്ററ് ചെയ്യാനാകും. എന്നാല്‍, അധികാരം പ്രയോഗിച്ച് അറസ്ററ് ചെയ്യാന്‍ ഐ.സി.സിക്കാകില്ല.

Comments: