അര്‍ധരാത്രി കഴിഞ്ഞിട്ടും വിശ്വാസികളുടെ നീണ്ടനിരയാണ് വത്തിക്കാന്‍ സ്ക്വയറില്‍. ഭൗതികദേഹമടങ്ങുന്ന പെട്ടി അടയ്ക്കുന്നതോടെ പൊതുദര്‍ശനം അവസാനിക്കും.
അതേസമയം ശനിയാഴ്ച രാവിലെ പ്രാദേശികസമയം പത്തിന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലായിരിക്കും (മേരി മേജര്‍ ബസിലിക്ക) ഭൗതികദേഹം കബറടക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പ 126 പ്രാവശ്യം മാതാവിലെ വലിയ പള്ളി സന്ദര്ശിച്ചിട്ടുണ്ടന്നാണ് കര്‍ദിനാള്‍ മാക്റിക്കാസ് പറയുന്നത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സംസ്കാരശുശ്രൂഷകള്‍ക്കു ശേഷം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
അമ്പതോളം പേര്‍ക്കു മാത്രമേ സംസ്കാരകര്മത്തില് പങ്കെടുക്കാന്‍ പള്ളിയ്ക്കകത്തു പ്രവേശനമുള്ളു.
കുമര്ലെങ്കോ കര്‍ദിനാള്‍ കെവിന് ഫാരല്‍, കര്‍ദിനാള്‍മാരായ ജൊവാന്നി ബാത്തി സറെ, റോജര്‍ മഹോണി, ഡൊമിനിക് മാംബെര്ത്തി, പിയെത്രോ പരോളിന്, ബാള്‍ദോ റെയ്ന, കോണ്‍റാഡ് ക്രായേവ്സ്കി, ആര്‍ച്ച്ബിഷപ് എഡ്ഗാര്‍ പെഞ്ഞപറാ എന്നിവരെ കൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സെക്രട്ടറിമാര്‍, മജോറപള്ളിയിലെ ആര്ച്ച്പ്രീസ്ററ് കര്‍ദിനാള്‍ സ്ററനിസ്ളാവ് റില്‍ക്കോ, കര്‍ദിനാള്‍ റൊളാന്തസ് മാക്റിക്കാസ്, പള്ളിയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ എന്നിവരാണ് മേരി മേജര്‍ ബസിലിക്കയിലെ കബറടക്ക ചടങ്ങില്‍ സംബന്ധിക്കുന്നത്.
കൂടാതെ മാര്‍പാപ്പയെ ശുശ്രൂഷിച്ചിരുന്ന നഴ്സ് മാസിമിലിയാനോ സ്ട്രപ്പേത്തി, മാര്‍പാപ്പയുടെ അര്‍ജന്റീനയില്‍നിന്നുള്ള കുടുംബാംഗങ്ങള്‍, ഇറ്റലിയിലെ പിയെമോന്തില്നിന്നുള്ള ബെര്‍ഗോളിയോ കുടുംബാംഗങ്ങള്‍ എന്നിവരും പങ്കെടുക്കും.മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമുള്ള ലളിതമായ സംസ്കാരമാണ് നടത്തുന്നത്. വലിയ സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനില്‍ നടത്തിയിരിയ്ക്കുന്നത്.

Comments: