ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ട്രംപിനെ അഭിനന്ദനം അറിയിച്ച ആദ്യത്തെ ലോക നേതാക്കളില്‍ ഒരാളാണ്. രാജ്യത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അഭിനന്ദനം അറിയിച്ചു. എന്നാല്‍, ജര്‍മനിയും യുഎസും തമ്മിലുള്ള ബന്ധം യുദ്ധാനന്തര കാലഘട്ടത്തില്‍ ഏറ്റവും വഷളായിരുന്നത് ട്രംപിന്റെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലഘട്ടത്തിലായിരുന്നു എന്നത് മറക്കാറായിട്ടില്ല.
നാറ്റോ സഖ്യത്തിനുള്ള പിന്തുണ ട്രംപ് ഗണ്യമായി വെട്ടിക്കുറച്ചത് അടക്കം ഇതിനു കാരണമായിരുന്നു. ട്രംപിന്റെ തിരിച്ചുവരവ് യൂറോപ്പിനെ സംബന്ധിച്ച് വിനാശകരമാകാം എന്നുപോലും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
താന്‍ പ്രസിഡന്റായാല്‍ യുക്രെയ്ന്‍ യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിക്കും എന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യക്കെതിരായ ചെറുത്തിനില്‍പ്പിന് യുക്രെയ്നു നല്‍കിവരുന്ന പിന്തുണയെല്ലാം ഒറ്റയടിക്ക് നിര്‍ത്തും എന്നു മാത്രമാണ് ഇതിനര്‍ഥം. ട്രംപിന്റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചവരില്‍ റഷ്യന്‍ നേതാക്കളും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ ~ പലസ്തീന്‍ വിഷയത്തിലും ട്രംപിന്റെ നിലപാടുകള്‍ നിര്‍ണായകമാകും.
യുറോപ്പില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് പത്ത് ശതമാനം മുതല്‍ താരിഫ് വര്‍ധനയും ട്രംപിന്റെ അജന്‍ഡയിലുള്ളതാണ്. അമേരിക്ക ഫസ്ററ് നയം തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമാണിത്.
കാര്‍ബണ്‍ പുറന്തള്ളല്‍ അടക്കം, ലോകം ഒറ്റക്കെട്ടായി നില്‍ക്കുന്ന പല ആഗോള വിഷയങ്ങളിലും പുറംതിരിഞ്ഞു നില്‍ക്കുന്ന രീതി ട്രംപ് നേരത്തെ തന്നെ പ്രകടമാക്കിയിട്ടുള്ളതാണ്.

Comments: