
ഇരുപത് വര്‍ഷം മുന്‍പ് ഇരുരാജ്യങ്ങളും തുടങ്ങിവച്ച തന്ത്രപരമായ സഖ്യം ഇനി കൂടുതല്‍ തീവ്രമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷോള്‍സ് വ്യക്തമാക്കി. ആയുധ വ്യാപാരവും ഇതില്‍ ഉള്‍പ്പെടുന്നു എന്ന് അദ്ദേഹം എടുത്തുപറയുകയും ചെയ്തു.
ഷോള്‍സിന്റെയും സംഘത്തിന്റെയും ഇന്ത്യ സന്ദര്‍ശനവേളയില്‍ 27 കരാറുകളുടെ കാര്യത്തിലാണ് അന്തിമ ധാരണയായത്. പ്രതിരോധ മേഖലയില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള കരാര്‍ ഇതില്‍ പ്രധാനമാണ്. ആയുധങ്ങളും മറ്റു പ്രതിരോധ ഉപകരണങ്ങളും സഹകരണ അടിസ്ഥാനത്തില്‍ വികസിപ്പിക്കാനും ഉത്പാദിപ്പിക്കാനുമുള്ള കരാറാണിത്.
ഈ വര്‍ഷത്തിന്റെ ആദ്യപകുതിയിലെ കണക്കനുസരിച്ച്, ജര്‍മനിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. 153.75 മില്യന്‍ യൂറോ മതിക്കുന്ന വ്യാപാരമാണിത്. ചെറിയ ആയുധങ്ങളും അവയുടെ ഘടകങ്ങളും വില്‍ക്കാനുള്ള നിയന്ത്രണത്തില്‍നിന്ന് ഇന്ത്യയെ ജര്‍മനി ഒഴിവാക്കുകയും ചെയ്തിരുന്നു. നാറ്റോ ഇതര രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ നിന്ന് ഇന്ത്യയെ മാത്രമായി ഒഴിവാക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിലെ വലിയ ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.

Comments: