അതേസമയം, കൊല്ലപ്പെട്ട റെയ്സിയുടെ സംസ്കാരച്ചടങ്ങുകള്‍ക്കു മുന്നോടിയായുള്ള വിലാപയാത്ര തബ്രിസില്‍ തുടങ്ങി. അപകടമുണ്ടായ പ്രദേശത്തിന് ഏറ്റവുമടുത്ത നഗരമാണ് തബ്രിസ്. ഇവിടത്തെ തെരുവുകള്‍ ഇന്നലെ കറുപ്പു വസ്ത്രം ധരിച്ചവരാല്‍ നിറഞ്ഞു. ഷിയ വിശ്വാസം പിന്തുടരുന്ന ഇറാനില്‍ നേതാക്കള്‍ക്കായി ലക്ഷങ്ങള്‍ പങ്കെടുക്കുന്ന വിലാപയാത്രകള്‍ പതിവാണ്. 2020ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വിലാപയാത്രയില്‍ 10 ലക്ഷം പേര്‍ പങ്കെടുത്തിരുന്നു. റെയ്സിയുടെ വിലാപയാത്രയില്‍ അതിലുമധികം പേരുണ്ടാകുമെന്നാണു നിഗമനം.
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ നേതൃത്വത്തില്‍ വിലാപയാത്രയും പ്രാര്‍ഥനകളും നടക്കും. തുടര്‍ന്ന് നേതാക്കളുടെ മൃതദേഹം വഹിക്കുന്ന പേടകങ്ങള്‍ ടെഹ്റാന്‍ വിമാനത്താവളത്തിലെത്തിച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയശേഷം ഷിയ സെമിനാരി നഗരമായ ഖൂമിലേക്കു കൊണ്ടുപോകും. വിദേശരാജ്യ പ്രതിനിധികള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഇവിടെ സൗകര്യം ഒരുക്കിയേക്കുമെന്നു കരുതുന്നു. ബുധനാഴ്ച റെയ്സിയുടെ ജന്മനാടായ ബിര്‍ജന്ദില്‍ വിലാപയാത്രയ്ക്കുശേഷം മാഷാദിലെ ഇമാം റാസ പള്ളിയില്‍ കബറടക്കും. അഞ്ചു ദിവസത്തെ ദുഃഖാചരണത്തിലാണ് ഇറാന്‍. രാജ്യമെങ്ങും റെയ്സിക്കു വേണ്ടി പ്രാര്‍ഥനകള്‍ നടന്നു. അതേസമയം, കടുത്ത യാഥാസ്ഥിതിക വാദിയായ റെയ്സിയുടെ മരണം ആഹ്ളാദം പ്രകടിപ്പിക്കുന്ന ഒരു വിഭാഗവും ഇറാനിലുണ്ട്. ഇത്തരക്കാര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇറേനിയന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

Comments: