ബോഹുമിലെ തീപിടുത്ത ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞ മലയാളികളുടെ സംസ്ക്കാരം വെള്ളി, ശനി ദിവസങ്ങളില്‍ നാട്ടില്‍ നടക്കും

News Photo 1 - India - Otta Nottathil - funeral_anjali_sivin_nova_kerla_oct_23_24_2026
ബര്‍ലിന്‍: ജര്‍മനിയിലെ ബോഹുമില്‍ കെട്ടിടത്തിലെ താമസക്കാരന്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിയ തീവെയ്പ്പില്‍ ജീവന്‍പൊലിഞ്ഞ അതേ കെട്ടിടത്തിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി (26) ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബു (25) എന്നിവരുടെ സംസ്ക്കാരം ഒക്ടോബര്‍ 23, 24 വെള്ളി ശനി ദിവസങ്ങളില്‍ നടക്കും.

അഞ്ജലി എസ്. ജോയിയുടെ സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 23ന്

വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ ആരംഭിച്ച് 3 മണിക്ക് ചെമ്മക്കാട് സെന്റ് സെബാസ്ററ്യന്‍ ദേവാലയ (St. Sebastian Church, Chemmakkad) സെമിത്തേരിയില്‍ സംസ്കരിയ്ക്കും.

മാണിക്യമംഗലം ~ തോട്ടകം കോണൂരാന്‍ സിവിന്‍ ജോണിയുടെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഒക്ടോബര്‍ 23 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മാണിക്യമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയില്‍ സംസ്ക്കരിയ്ക്കും.

കട്ടപ്പന, ശാന്തിഗ്രാം കൊച്ചേടാട്ടേല്‍ നോവ സാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ ഒക്ടോബര്‍ 24, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വന്തം വീട്ടുവളപ്പില്‍ നടക്കും.

രണ്ടു പേരുടെ ഭൗതിക ശരീരം വെള്ളിയാഴ്ച പുലര്‍ച്ചെയും ഒരാളുടെ ഭൗതിക ശരീരം വെള്ളിയാഴ്ച രാത്രിയുമാണ് എത്തിയത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ന്യൂഡെല്‍ഹിവഴിയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചത്. അവിടെ നിന്നാണ് കുടുംബാംഗങ്ങള്‍ മൂവരെയും ഏറ്റുവാങ്ങിയത്. മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ എല്ലാ നടപടിക്രമങ്ങളും ഏകോപിപ്പിച്ചു പൂര്‍ത്തിയാക്കിയത് നോര്‍ക്ക കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ അംഗം ജോസ് കുമ്പിളുവേലിയാണ്.

കൊല്ലം ചാമക്കട അശ്വിന്‍ ഭവനത്തില്‍ ജോയ് ~ ഷീല ദമ്പതികളുടെ മകളാണ് അഞ്ജലി എസ് ജോയ്. ബി എഡ് ബിരുദധാരിയായ അഞ്ജലി ഈ വര്‍ഷം ജൂലൈയില്‍ ആണ് ജര്‍മനിയിലേക്ക് ജോലിക്കായി എത്തിയത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയുടെ വെയര്‍ഹൗസ് സര്‍വീസില്‍ ആയിരുന്നു ജോലി. സഹോദരി: അശ്വനി എസ് ജോയ്.

എറണാകുളം കാലടി മാണിക്കമംഗലം കൊണൂരാന്‍ ഹൗസില്‍ ജോണി ഔസേപ്പ് ~പരേതയായ ലിസി ദമ്പതികളുടെ മകനാണ് സിവിന്‍. ഹോട്ടല്‍ റെസ്റേറാറന്റ് മേഖലയില്‍ ജോലി തേടി എത്തിയതായിരുന്നു സിവിന്‍. ജോലി കിട്ടിയെങ്കിലും ജോലിയ്ക്ക് കയറുന്നതിനു മുമ്പേ മരണം വന്ന് കൂട്ടിക്കൊണ്ടുപോയി.

ഇടുക്കി ശാന്തിഗ്രാം കൊച്ചേടത്ത് ഹൗസില്‍ റിട്ട. എസ്.ഐ സാബു കെ.പി ~ ജ്യോതി സാബു ദമ്പതികളുടെ മകളാണ് നോവ സാബു. ജ്യോതി ആരോഗ്യവകുപ്പ് ജീവനക്കാരിയാണ്.ഒരു സഹോദരനുണ്ട്, കാനഡയിലാണ്.നാട്ടില്‍ ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന നോവ ആറുമാസം മുമ്പാണ് ജര്‍മനിയിലെത്തിത്. തുടര്‍ന്ന് ഇവിടെ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു.

ജോബ് സീക്കര്‍ വീസയില്‍ ജര്‍മ്മനിയിലെത്തിയ ഇവര്‍ മൂവരും ബോഹും ഹോഫ്സ്റെറഡെ മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റില്‍ സംഭവത്തിനു രണ്ടാഴ്ച മുന്‍പാണ് ഒരുമിച്ച് താമസം തുടങ്ങിയത്.

രക്ഷാമാര്‍ഗ്ഗം തടസ്സപ്പെട്ടു; വിഷപ്പുക ശ്വസിച്ച് ദാരുണാന്ത്യം:

ഒക്ടോബര്‍ 13 ചൊവ്വാഴ്ച പുലര്‍ച്ചെ 4.15~ഓടെയാണ് കെട്ടിടത്തില്‍ നാടിനെ നടുക്കിയ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടനാഴിയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകള്‍ക്ക് തീയിട്ടതിനെ തുടര്‍ന്ന്, മുകളിലേക്ക് കയറാനുള്ള തടി കൊണ്ടുള്ള പ്രധാന കോവണിപ്പടിയിലേക്ക് തീ അതിവേഗം ആളിപ്പടരുകയായിരുന്നു.
കെട്ടിടത്തില്‍ നിന്നുള്ള ഏക രക്ഷാമാര്‍ഗ്ഗമായ കോവണി കത്തിയമരുകയും ഇടനാഴിയിലാകെ വിഷപ്പുകയും കടുത്ത ചൂടും നിറഞ്ഞതോടെ മുകള്‍നിലയിലുണ്ടായിരുന്ന ഇവര്‍ക്ക് പുറത്തേക്ക് കടക്കാനായില്ല. അഗ്നിശമന സേന എത്തുമ്പോഴേക്കും കെട്ടിടം പൂര്‍ണ്ണമായി പുകയില്‍ മൂടിയിരുന്നു. ജനലുകള്‍ വഴി രക്ഷാപ്രവര്‍ത്തകര്‍ മറ്റ് അഞ്ച് താമസക്കാരെ സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, രണ്ടാം നിലയിലെ ഫ്ളാറ്റിനുള്ളില്‍ അകപ്പെട്ടുപോയ മലയാളികളായ മൂവരെയും രക്ഷിക്കാനായില്ല. തീ നിയന്ത്രണവിധേയമാക്കിയ ശേഷം അകത്തുകടന്ന രക്ഷാപ്രവര്‍ത്തകര്‍ മൂവരെയും അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു വെച്ചുതന്നെ മൂവര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

പൊലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ കെട്ടിടത്തിന് മനഃപൂര്‍വ്വം തീവെച്ചു എന്നതിന്റെ കാരണത്താല്‍ അതേ കെട്ടിടത്തിലെ താമസക്കാരനും 41~കാരനായ റൊമേനിയന്‍ പൗരനെ പൊലീസ് കേസെടുത്ത് കസ്ററഡിയില്‍ വെച്ചിരിയ്ക്കയാണ്.
- dated 22 Oct 2026

Comments:

Keywords: India - Otta Nottathil - funeral_anjali_sivin_nova_kerla_oct_23_24_2026 India - Otta Nottathil - funeral_anjali_sivin_nova_kerla_oct_23_24_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles: