ഭീകരവാദം അടക്കമുള്ള കടുത്ത കുറ്റങ്ങള്‍ ചുമത്തിയാണ് നവാല്‍നിയെ ജയിലില്‍ അടച്ചിരുന്നത്. വഞ്ചനാക്കുറ്റം, കോടതി അലക്ഷ്യം എന്നിവയുടെ പേരില്‍ ഒമ്പത് വര്‍ഷത്തെ തടവിനാണ് ആദ്യം ശിക്ഷിച്ചത്. പരോള്‍ നിയമം ലംഘിച്ചതിന്‍റെ പേരില്‍ രണ്ടര വര്‍ഷത്തെ തടവും നല്‍കിയിരുന്നു. പിന്നീട് കടുത്ത കുറ്റങ്ങള്‍ ചുമത്തി തടവ് 19 വര്‍ഷമായി വര്‍ധിപ്പിക്കുകയായിരുന്നു. റഷ്യയുടെ ചരിത്രത്തില്‍ തന്നെ ഒരു രാഷ്ട്രീയ നേതാവിന് ലഭിച്ച ഏറ്റവും ദൈര്‍ഘ്യമേറിയയ തടവുശിക്ഷകളിലൊന്നായിരുന്നു ഇത്. തനിക്കെതിരേയുള്ള കേസുകളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് നവാല്‍നി ആരോപിച്ചിരുന്നു.
2011 ~12 കാലഘട്ടത്തില്‍ റഷ്യന്‍ രാഷ്ട്രീയ നേതാക്കളുടെ അഴിമതിയും മറ്റു വാണിജ്യവിവരങ്ങളും പൊതു ജനങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തിക്കൊണ്ടാണ് നവാല്‍നി പൊതുജനശ്രദ്ധയാര്‍ജിച്ചത്. ആദ്യം ബ്ളോഗിലൂടെയാണ് അഴിമതിക്കെതിരേ ശബ്ദിച്ചിരുന്നത്. പിന്നീട് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചതോടെ നവാല്‍നിക്ക് വന്‍ ജന പിന്തുണ ലഭിച്ചു. അതിനൊപ്പം നവാല്‍നി പുടിന്‍റെ എതിരാളികളുടെ കൂട്ടത്തില്‍ പ്രബലനെന്നും വാഴ്ത്തപ്പെട്ടു. അതോടെ നവാല്‍നിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 2020ല്‍ സൈബീരിയയില്‍ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ ബോധരഹിതനായി വീണ നവാല്‍നിക്ക് വിഷപ്രയോഗം ഏറ്റതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഏറെ നാള്‍ നവാല്‍നി കോമയിലായിരുന്നു. പിന്നീട് ജര്‍മനിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയതോടെ ആരോഗ്യവാനായി തിരിച്ചെത്തി. നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ നവാല്‍നി അറസ്ററിലായി.
അതീവസുരക്ഷാ ജയിലില്‍ അടച്ചിരുന്ന നവാല്‍നിയെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ വക്താവ് കിര യര്‍മിഷ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റഷ്യന്‍ പ്രിസണ്‍സ് സര്‍വീസസ് നവാല്‍നിയുടെ ഒരു വീഡിയോ പുറത്തു വിടുകയും ചെയ്തു.

Comments: