ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് വൈകിയേക്കുമെന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയെങ്കിലും ഇതുവരെ കാര്യമായ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.
റാസല്‍ഖൈമ അല്‍ഷുഹാദയില്‍ മലവെള്ളപ്പാച്ചിലില്‍ എമിറേറ്റ്സ് റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. ഉമ്മുല്‍ഖുവൈനില്‍ ചില റോഡുകള്‍ പൊലീസ് അടച്ചു. മഴക്കെടുതികള്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഷാര്‍ജയിലാണ്. ദുബായിലെ ബീച്ചുകളും പാര്‍ക്കുകളും മാര്‍ക്കറ്റുകളും പകല്‍ അടച്ചെങ്കിലും വൈകുന്നേരത്തോടെ തുറന്നു.
ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നല്കിയതിനാല് ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിച്ചു കൂട്ടി. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നു. സ്കൂളുകളും ഓണ്‍ലൈന്‍ പഠനത്തിലേക്കു മാറി. റോഡുകളില്‍ തിരക്ക് കുറവായിരുന്നു. വെള്ളക്കെട്ടിനു സാധ്യതയുള്ള റോഡുകളിലേക്ക് വാഹനം അനുവദിച്ചില്ല.
മഴ തുടരുമെങ്കിലും ശക്തമാകില്ലെന്നാണു കാലാവസ്ഥാ പ്രവചനം. സൗദി, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ രാജ്യങ്ങളിലും മഴയുണ്ടായി. ഇന്ന് മഴമേഘങ്ങള്‍ ഒമാന്‍ തീരത്തോട് അടുക്കും.

Comments: