Today: 09 Aug 2022 GMT   Tell Your Friend
Advertisements
ലോക കേരള സഭ 2022 ; കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം
Photo #1 - India - Otta Nottathil - loka_kerala_sabha_2022
തിരുവനന്തപുരം: മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖയില്‍ വ്യക്തമാക്കുന്നു.

മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്. പ്രവാസി ക്ഷേമവും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്നതില്‍ ലോക കേരള സഭ ലക്ഷ്യം കണ്ടു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളി സമൂഹത്തില്‍ ജാതി, മത, വര്‍ഗ, രാഷ്ട്ര ഭേദമെന്യേയുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതില്‍ ലോക കേരള സഭ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

പ്രളയം, കോവിഡ് തുടങ്ങി നാടിനെ പിടിച്ചുലച്ച സാഹചര്യങ്ങളിലെല്ലാം കേരളം ഇതിനു സാക്ഷ്യം വഹിച്ചതാണ്. യുക്രയ്ന്‍ യുദ്ധ സമയത്ത് അതിര്‍ത്തി കടന്ന മലയാളി വിദ്യാര്‍ത്ഥികളെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ലോക കേരള സഭ അംഗങ്ങളുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.3 ലക്ഷം കോടി രൂപയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചതെന്നും സമീപന രേഖ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോവിഡ് മഹാമാരി കാലത്ത് 17 ലക്ഷം പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

രണ്ടാം ലോക കേരള സഭ സമ്മേളന നിര്‍വഹണം, പ്രവാസത്തിന്റെ മാറുന്ന ഭൂപടം, പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും, പ്രവാസവും നാടിന്റെ വികസനവും, മൂന്നാം ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയ മേഖലകള്‍ തുടങ്ങി പ്രധാനപ്പെട്ട അഞ്ച് ഭാഗങ്ങളാണ് സമീപന രേഖയില്‍ ഉള്‍ക്കൊള്ളുന്നത്.

ആദ്യ ലോക കേരള സഭയ്ക്ക് ശേഷം പ്രവാസികളുടെ നിക്ഷേപം നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓവര്‍സീസ് കേരള ഇന്‍വെസ്ററ്മെന്റ് കേരള ഹോള്‍ഡിങ് ലിമിറ്റഡ് , വിദേശത്ത് നിന്ന് തിരിച്ചെത്തിയ വനിതകളുടെ ഉന്നമനത്തിനും പ്രശ്ന പരിഹാരത്തിനായി ആരംഭിച്ച പ്രവാസി വനിതാ സെല്‍, പ്രവാസി ഗവേഷക കേന്ദ്രം, സഹകരണ സംഘം എന്നിവ മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണ്.

ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിള്‍ വിന്‍ കരാര്‍ ഒപ്പുവെച്ചത് നേട്ടമാണ്. വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മനിയില്‍ പ്രത്യേക സ്ററാറ്റസ് ഓഫ് റസിഡന്‍സ് ഒരുക്കുന്ന ടടണ പദ്ധതിക്ക് കേരളത്തില്‍ നിന്നുള്ള നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുത്തത് നോര്‍ക്കയെയാണ്. കൂടാതെ മാലദ്വീപ്, സൗദി അറേബ്യ, യു. കെ തുടങ്ങിയ രാജ്യങ്ങളുമായി ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്തുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു.

രാജ്യത്ത് ഏകദേശം 1.8 കോടി ഇന്ത്യക്കാര്‍ പ്രവാസികളാണ്. 2019 ല്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ കുടിയേറ്റ നിയമത്തിന്റെ കാര്‍ഡ് രൂപത്തില്‍ പ്രവാസി എന്ന നിര്‍വചനത്തില്‍ പ്രവാസികളുടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടാത്തതും പ്രവാസികളുടെ പുനരധിവാസം പൂര്‍ണമായും സംസ്ഥാനങ്ങളുടെ ചുമതലയാണെന്നത് ഉള്‍പ്പെടെ നിരവധി പോരായ്മകളുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

പ്രവാസി ക്ഷേമത്തിനായി എംബസികളും കോണ്‍സുലേറ്റുകളും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല. മുന്നറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, കുറഞ്ഞ വേതനം, ശമ്പളം നല്‍കാതിരിക്കല്‍ തുടങ്ങിയവ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശനങ്ങളില്‍ ചിലത് മാത്രമാണെന്ന് സമീപന രേഖയുടെ മൂന്നാം ഭാഗത്ത് വ്യക്തമാക്കുന്നു.

പ്രവാസികളുടെ റിക്രൂട്മെന്റ് മുതല്‍ മടങ്ങി വരുന്നവരുടെ പുനരധിവാസം വരെ ഉറപ്പാക്കുന്ന നോര്‍ക്ക റൂട്സിനു ആവശ്യമായ മാനവവിഭവ ശേഷി ഉറപ്പാക്കണം, ഇതിനായി കൃത്യമായ സ്ററാഫ് സ്ട്രക്ച്ചര്‍ ഉറപ്പുവരുത്തി സ്ഥാപനത്തെ വിപുലീകരിക്കണം. വിദേശ രാജ്യങ്ങളില്‍ വിദഗ്ധ തൊഴിലവസരങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനുതകുന്ന അന്തര്‍ദേശീയ നിലവാരത്തിലുള്ള നൈപുണ്യ വികസന സംവിധാനങ്ങള്‍ ആവിഷ്കരിക്കണം.

കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് ഘടനയാക്കി മാറ്റി നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരള നോളേജ് ഇക്കണോമിക് മീസാന്‍ വഴി തൊഴിലുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉയര്‍ന്ന യോഗ്യതയും നൈപുണ്യവുമുള്ള തിരികെയെത്തിയ പ്രവാസികള്‍ക്ക് ഇതുപകാരപ്പെടും. ലോകത്തെ മികച്ച സര്‍വകലാശാലകളിലും ലബോറട്ടറികളിലും സേവനമനുഷ്ഠിക്കുന്ന മലയാളി ഗവേഷകരുടെയും വിദഗ്ധരുടെയും സേവനം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉപയോഗപ്പെടുത്താനാകുമെന്നും സമീപന രേഖയുടെ നാലാം ഭാഗം പ്രതിപാദിക്കുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ലഭ്യമായിട്ടുള്ള സംഗീത, സാഹിത്യ, സിനിമാ ശേഖരത്തില്‍ നിന്ന് പ്രതിഫലം ഈടാക്കി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനത്തിന്റെ സാധ്യതകളും സമീപന രേഖയില്‍ വ്യക്തമാക്കുന്നു.
എട്ടു വിഷയ മേഖലകള്‍ ഏഴു ഗ്രൂപ്പുകളായി തിരിച്ചാണ് മൂന്നാം ലോക കേരള സഭ ചര്‍ച്ച ചെയ്യുക. ജനപ്രതിനിധികളും പ്രവാസികളുമുള്‍പ്പെടെ ആകെ 351 അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍

തിരുവനന്തപുരം: ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കുന്നതിലും പ്രവാസികള്‍ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളില്‍ നിന്ന് സംസ്ഥാനത്തിന് എന്ത് ലഭിക്കും എന്നതിലുപരി അവര്‍ക്കായി സംസ്ഥാനം ഏതെല്ലാം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നതുകൂടിയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.

കോവിഡ് സാഹചര്യത്തിന് ശേഷം മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. നോര്‍ക്ക പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 17 ലക്ഷം പ്രവാസികളാണ് തിരികെയെത്തിയത്. ഓരോ വര്‍ഷവും മടങ്ങിവരുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രവാസി പങ്കാളിത്തം കൂടി ഉറപ്പുവരുത്തികൊണ്ടുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് ലോക കേരള സഭയ്ക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 20 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തിയാണ് മൂന്നാം ലോക കേരള സഭ സംഘടിപ്പിക്കുന്നത്. യുവതീ യുവാക്കള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, നോര്‍ക്ക ഡയറക്ടര്‍ എം അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇതര സംസ്ഥാന പ്രവാസികളുടെ പ്രധാന പ്രശ്നം യാത്രാ ക്ളേശം

തിരുവനന്തപുരം: ലോക കേരള സഭ ഇതര സംസ്ഥാന പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ പ്രധാന പ്രശ്നമായി ഉയര്‍ന്നു വന്നത് യാത്രാക്ളേശം. റോഡ് ഗതാഗതത്തിലാണ് പ്രധാന തടസ്സങ്ങളുള്ളത്. ആവശ്യത്തിന് ദീര്‍ഘദൂര സര്‍വീസുകള്‍ ലഭിക്കുന്നില്ല. സ്വിഫ്റ്റ് പോലുള്ള സര്‍വ്വീസുകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് ദീര്‍ഘിപ്പിക്കണം. ട്രെയിന്‍ സര്‍വീസുകളുടെ ലഭ്യതക്കുറവ്, ഭീമമായ വിമാന യാത്രാ നിരക്ക് എന്നിവയും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തി. യാത്രാക്ളേശം പരിഹരിക്കാനുതകുന്ന ട്രെയിന്‍ സര്‍വ്വീസുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കണം. കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ നാട്ടിലെത്തിച്ച് സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇതര സംസ്ഥാനത്തു വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നോര്‍ക്ക റൂട്സ് വഴി നാട്ടിലെത്തിക്കണം. അന്യസംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക് സംവിധാനം വേണം.

തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരില്‍ അര്‍ഹരായവരെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പുതിയ തൊഴില്‍ കണ്ടെത്തുന്നതിന് അവസരവും പരിശീലനവും നല്‍കണം. ഒറ്റയ്ക്കു താമസിക്കുന്നവര്‍ മരണപ്പെട്ടാല്‍ സമ്പാദ്യം ബന്ധുക്കള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ നോര്‍ക്ക ഇടപെടണം. പെന്‍ഷന്‍ പദ്ധതിയിലെ ഉയര്‍ന്ന പ്രായപരിധി എടുത്തു കളയണം. കേരള പി എസ് സി യില്‍ ജോലി ലഭിക്കാന്‍ മലയാളം അറിഞ്ഞിരിക്കണമെന്ന നിബന്ധനയില്‍ പ്രവാസികളുടെ മക്കള്‍ക്ക് ഇളവു നല്‍കണമെന്നും സിവില്‍ സര്‍വ്വീസ് മാതൃകയില്‍ പരീക്ഷ ജയിച്ച് രണ്ടു വര്‍ഷത്തിനകം ഭാഷ പഠിച്ചെടുക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യമുയര്‍ന്നു.

പഞ്ചാബില്‍ നോര്‍ക്ക സാറ്റലൈറ്റ് സെന്റര്‍ സ്ഥാപിക്കാമെന്ന വാഗ്ദാനം എത്രയും വേഗം നടപ്പിലാക്കണം. ലോക കേരള സഭയുടെ സ്ററാന്‍ഡിങ് കമ്മിറ്റികള്‍ ആറു മാസത്തിലൊരിക്കല്‍ ചേരാന്‍ സംവിധാനമൊരുക്കുകയും ആഭ്യന്തര പ്രവാസികള്‍ക്കായി മേഖലാ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യണം. കാന്‍സര്‍ വൃക്ക രോഗികള്‍ക്ക് നോര്‍ക്ക വഴി ധനസഹായം ഉറപ്പാക്കണം. ഇന്ത്യയുടെ നാല് മേഖലകളില്‍ നിന്നുമുള്ള പ്രതിനിധികളെക്കൂടി നോര്‍ക്കയില്‍ ഡയറക്ടര്‍മാരായി ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കെ.രാധാകൃഷ്ണന്‍, റോഷി അഗസ്ററിന്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു. എം. എല്‍. എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തിരികെയെത്തുന്ന പ്രവാസികളുടെ നിലനില്‍പ്പിന് സര്‍ക്കാരുകളുടെ പിന്തുണ അനിവാര്യം

തിരുവനന്തപുരം: തിരികെയെത്തുന്ന പ്രവാസികളുടെ നിലനില്‍പ്പിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ അനിവാര്യമെന്ന് "തിരികെയെത്തിയ പ്രവാസികള്‍' എന്ന വിഷയത്തില്‍ മൂന്നാം ലോക കേരളസഭയുടെ ഭാഗമായി നടന്ന മേഖലാ സമ്മേളനത്തില്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. പ്രവാസികളില്‍ നിന്നും 82 മില്യണ്‍ ഡോളര്‍ തുക കേരളത്തിലെത്തിയെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഗുണം പ്രവാസികള്‍ക്ക് ലഭിച്ചിട്ടില്ല. കേരള പ്രവാസി ക്ഷേമനിധിയില്‍ തൊഴിലുടമകള്‍ ഉള്‍പ്പെട്ടിട്ടില്ല. ആ വിഹിതം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കണം. "സാന്ത്വനം' പദ്ധതി വഴി ഒറ്റത്തവണയേ ധനസഹായം ലഭിക്കൂ എന്ന നിബന്ധന എടുത്തുകളയണം. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കണം. പ്രവാസി ഗ്രാമസഭ വിളിച്ചു ചേര്‍ക്കാം.

കോവിഡ് കാരണം മടങ്ങിയെത്തിയവര്‍ക്കുള്ള "പ്രവാസിഭദ്രത' വായ്പ എല്ലാ പ്രവാസികള്‍ക്കും ലഭ്യമാക്കണം. പ്രവാസി വായ്പ 60 വയസ്സു കഴിഞ്ഞവര്‍ക്കും നല്‍കണം. പ്രവാസി ക്ഷേമ സംഘങ്ങളുടെ രജിസ്ട്രേഷന്‍ പ്രവാസികാര്യ വകുപ്പു വഴി നടപ്പാക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ തൊഴിലവസരം ഒരുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും തുക നീക്കിവെച്ച് ആ പ്രദേശത്തില്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ വഴിയൊരുക്കണമെന്നും ആവശ്യമുയര്‍ന്നു.

ഷിപ്പിങ്, കാര്‍ഗോ മുതലായ മേഖലകളില്‍ പ്രവാസി വിഭവശേഷി ഉപയോഗപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ലേബര്‍ ബാങ്ക് ഉണ്ടാക്കണം. ത്രിതല പഞ്ചായത്തുകളില്‍ പ്രവാസികള്‍ക്കായി സ്ററാന്‍ഡിങ് കമ്മിറ്റി വേണം. പാസ്പോര്‍ട്ട് ഫീസിനത്തില്‍ നല്‍കുന്ന തുകയില്‍ നിന്നും ഇന്‍സെന്റീവ് നല്‍കാന്‍ വഴിയൊരുക്കാം. പ്രവാസികളുടെ രക്ഷിതാക്കളില്‍ ഒറ്റയ്ക്കു താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശ രാജ്യങ്ങളിലേതു പോലെ "കെയര്‍ എക്കണോമി' സംവിധാനം നടപ്പാക്കണം.

സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവാസി ഫെഡ് രൂപീകരിച്ച് വിവിധ പ്രൊജക്ടുകളില്‍ നിക്ഷേപകരെ കണ്ടെത്തി സിയാല്‍ മാതൃകയില്‍ നിക്ഷേപം സമാഹരിക്കണം. വ്യവസായ വകുപ്പുമായി ചേര്‍ന്ന് സൂക്ഷ്മ ചെറുകിട സംരഭ രീതിയില്‍ സംയുക്തമായ സംവിധാനം ഉണ്ടാകണം.

വിദേശത്ത് ജോലിക്കു പോകുന്നവരുടെ കണക്ക് ഫിലിപൈ്പന്‍സ് മാതൃകയില്‍ വിസ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സൂക്ഷിക്കണം. പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് നല്‍കണം. പ്രവാസി പുനരധിവാസ ബോര്‍ഡ് രൂപീകരിക്കണമെന്നും കേരള പി എസ് സി ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

മന്ത്രിമാരായ വി.ശിവന്‍കുട്ടി, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

കോവിഡ് കാലത്ത് പ്രവാസികളെ ശമ്പള കുടിശിക നല്‍കാതെ പിരിച്ചുവിടുന്നു; ബ്ളാങ്ക് പേപ്പറില്‍ ഒപ്പിട്ടു വാങ്ങുന്നു

തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് പ്രവാസികള്‍ നേരിട്ട വലിയ പ്രശ്നം ശമ്പള മോഷണം ആണെന്നും കാലാവധി കഴിഞ്ഞുള്ള ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ പലരെയും പിരിച്ചു വിടുന്ന സ്ഥിതിയാണെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍. പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ മൂന്നാം ലോകകേരള സഭയുടെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

പലരെയും കാരണം ഒന്നും ഇല്ലാതെ പിരിച്ചുവിടുകയും ബ്ളാങ്ക് പേപ്പറില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ നോര്‍ക്ക റൂട്ട്സും അതാതു എംബസികളും ഫലപ്രദമായി ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

കേരളത്തിനകത്തുള്ള പ്രവാസി സംഘടനകളെ ബന്ധപ്പെടുത്തി വിദേശത്തു പോകുന്നവര്‍ക്കു ബോധവത്കരണം നല്‍കിയാല്‍ പലരും ചതിക്കപ്പെടുന്നത് ഒഴിവാക്കാമെന്നും അഭിപ്രായമുയര്‍ന്നു.

സാധാരണക്കാരായ പ്രവാസികള്‍ക്ക് 5 ലക്ഷം രൂപ മെഡിക്കല്‍ ഇന്‍ഷുറന്‍സ് അനുവദിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശരിയായ സ്പോണ്‍സര്‍മാര്‍ ഇല്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ ചൂഷണം തടയാന്‍ വെല്‍ഫയര്‍ ഓഫിസ് കാര്യക്ഷമമാക്കണമെന്നും അവശ്യമെങ്കില്‍ നിയമ സഹായം നല്‍കണമെന്നും ആവശ്യമുണ്ടായി.ജോലി നഷ്ടപെടുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ സംവിധാനം വേണം. ഇതിനായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് എംബസികള്‍ ശരിയായി ഉപയോഗിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ ആക്ഷേപം ഉയര്‍ന്നു. പ്രവാസികളുടെ ഡാറ്റബേസ് തയ്യാറാക്കണമെന്നും ഇപ്പോഴുള്ള ഗ്ളോബല്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോം കാര്യക്ഷമമാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ എംബസി ഇല്ലാത്ത രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലോക കേരള സഭ അംഗങ്ങളെ നിയമിക്കണമെന്നും മൃതദേഹങ്ങള്‍ കാലതാമസം കൂടാതെ നാട്ടില്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, ആര്‍. ബിന്ദു, ബിനോയ് വിശ്വം എം.പി ഉന്നത ഉദ്വോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ത്രിതല പഞ്ചായത്തുകളില്‍ സ്ററാന്‍ഡിംഗ് കമ്മിറ്റികള്‍ വേണം: പ്രവാസികള്‍

തിരുവനന്തപുരം: പ്രവാസി ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ത്രിതല പഞ്ചായത്തുകളില്‍ പ്രവാസികള്‍ക്കു മാത്രമായി സ്ററാന്‍ഡിംഗ് കമ്മിറ്റികള്‍ വേണമെന്ന് മൂന്നാമത് ലോക കേരള സഭയില്‍ പ്രവാസികള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള പദ്ധതികളുടെ വിലയിരുത്തലും പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതന ആശയങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ആവശ്യമുന്നയിച്ചത്. നോര്‍ക്കയുടെ സേവനങ്ങള്‍ പ്രവാസി സൗഹൃദമാകണമെന്നും ജില്ലാ തലത്തില്‍ പ്രവാസി സേവന കേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

പ്രവാസി പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ആവശ്യമായ നൂതന പദ്ധതികള്‍ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പ്രവാസികളുടെ ക്ഷേമം സര്‍ക്കാരുകളുടെയും പൊതു സമൂഹത്തിന്റെയും ഉത്തരവാദിത്വമായി കണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.

ജോലിയിടങ്ങളില്‍ തന്നെ പ്രവാസികള്‍ക്കു ലഭ്യമാക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി മാറ്റണം, തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ ലഘൂകരിക്കണം, പ്രവാസികള്‍ക്ക് ഉത്പാദന വിതരണ വിപണന സംഘങ്ങളില്‍ അംഗങ്ങളാകാന്‍ അവസരം ഒരുക്കണം, പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ വിഹിതം 20 ശതമാനമായി വര്‍ധിപ്പിക്കണം എന്നിവയായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളുടെ പ്രധാന ആവശ്യങ്ങള്‍.

അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അനുകൂല തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന്‍ മറുപടി നല്‍കി.

നിക്ഷേപം സര്‍ക്കാര്‍ മേഖലയ്ക്ക് സമര്‍പ്പിക്കാനാണ് താല്‍പര്യം: റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: നിക്ഷേപം നടത്തുമ്പോള്‍ സ്വന്തം പേരില്‍ തുടങ്ങി ലാഭമുണ്ടാക്കുന്നതിനേക്കാള്‍ അത് പൊതുജനങ്ങള്‍ക്ക് വളരെയധികം ഗുണം നല്‍കാന്‍ കഴിയുന്ന സര്‍ക്കാര്‍ മേഖലയ്ക്ക് സമര്‍പ്പിക്കാനാണ് താലപര്യപ്പെടുന്നതെന്ന് റസൂല്‍ പൂക്കുട്ടി. അഞ്ചലിലെ ആരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ശ്രമങ്ങളെ പരാമര്‍ശിച്ച് ലോക കേരള സഭ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പുതു സാധ്യതകളിലേക്ക് യുവാക്കളെ സജ്ജമാക്കുന്നതിനു വിദ്യാഭ്യാസം, അറിവ് എന്നിവയ്ക്കൊപ്പം വിദഗ്ധ കഴിവുകള്‍ ഉണ്ടാകേണ്ടതും പ്രധാനമെന്നു ആസാദ് മൂപ്പന്‍ പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക പ്രവാസി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തേണ്ടത് നിലവിലെ സാഹചര്യത്തിന്റെ ആവശ്യകതയാണ്. പങ്കാളിത്ത ഇന്‍ഷുറന്‍സ് പദ്ധതി കൂടി ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ശബ്ദമില്ലാത്ത, മുഖ്യധാരയില്‍ നിന്ന് ഏറെ വിട്ടുനില്‍ക്കുന്ന പ്രവാസികളുടെ പ്രതിനിധിയായ എലിസബത്തിന്റെ വാക്കുകള്‍ ലോക കേരള സഭയില്‍ മുഴങ്ങിയത് ഇതിന്റെ ജനാധിപത്യ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എങ്ങനെ അതിജീവിക്കാമെന്ന് നന്നായി അറിയുന്നവരാണ് മലയാളികള്‍. പ്രവാസികള്‍ക്കുള്ള നിക്ഷേപം പദ്ധതികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരണമെന്നും സ്ഥിര വരുമാനം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കണമെന്നും ജെ. കെ മേനോന്‍ പറഞ്ഞു. മലയാളികള്‍ മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് നല്ല മാനവ വിഭവ ശേഷിയെയാണ്. ഇത് നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണം.

ഏറെ കഴിവുകള്‍ ഉള്ളവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളിലും മലയാളികളായ പ്രവാസികളുടെ സാന്നിധ്യമുണ്ട്. ഏത് രാജ്യത്തിരുന്നാലും കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപം നടത്താനും ആഗ്രഹിക്കുന്നവരാണ് മലയാളി പ്രവാസികളെന്നു ഗോകുലം ഗോപാലന്‍ പറഞ്ഞു.

മാറി വരുന്ന സര്‍ക്കാറുകള്‍ പ്രവാസികളെ അവഗണിച്ച സാഹചര്യത്തിന് വ്യത്യസ്തമായൊരു സാഹചര്യം വന്നത് ലോക കേരള സഭ നിലവില്‍ വന്നതിന് ശേഷമാണെന്ന് അഷ്റഫ് താമരശ്ശേരി പറഞ്ഞു. യുദ്ധത്തില്‍ നമ്മുടെ കുട്ടികളെ ഏറ്റവും സുരക്ഷിതമായി തിരിച്ചെത്തിക്കുവാന്‍ സഹായകമായത് ലോക കേരള സഭ അംഗങ്ങളുടെ സഹകരണം കൊണ്ട് കൂടിയാണ്.

രാഷ്ട്രീയത്തിനതീതമായ വേദിയാണ് ലോക കേരള സഭയെന്ന് ഒമാനില്‍ നിന്നുള്ള രത്നകുമാര്‍ പറഞ്ഞു.

ഗാര്‍ഹിക തൊഴിലാളികള്‍ മുതല്‍ ലോകപ്രശസ്തരായ വ്യവസായികള്‍ പോലും ഒരുമിക്കുന്നത് ലോക കേരള സഭയുടെ പ്രത്യേകതയാണെന്ന് കുവൈത്തില്‍ നഴ്സായി ജോലി ചെയ്യുന്ന ഗീത കുമാരി അഭിപ്രായപ്പെട്ടു.

നിയമത്തിന്റെ നൂലാമാലകളില്‍ പ്രവാസികള്‍ വലയുന്നത് അവസാനിപ്പിക്കാന്‍ നടപടി: എം.എ യൂസഫലി

നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ കിടന്ന് പ്രവാസികള്‍ വലയുന്ന സ്ഥിതി അവസാനിപ്പിക്കാന്‍ ഇന്‍വെസ്ററ്മെന്റ് പ്രൊട്ടക്ഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നോര്‍ക്ക വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി പറഞ്ഞു. ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസലോകത്ത് മുപ്പതോ നാല്‍പ്പതോ കൊല്ലക്കാലം കഴിഞ്ഞ് കഷ്ടപ്പെട്ട് സമ്പാദിച്ച് കേരളത്തിലേക്കാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നാട്ടില്‍ നിക്ഷേപിക്കുമ്പോള്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലെന്ന നിര്‍ഭാഗ്യകരമായ സ്ഥിതിയാണുള്ളത്. ഇന്‍വെസ്ററ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലുള്ള നിയമങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ നിക്ഷേപിക്കാന്‍ തയ്യാറാകും.

ലോകകേരള സഭ പോലെ പ്രവാസികളുടെ വലിയ സമ്മേളനത്തില്‍ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ഒരു വിഭാഗം ബഹിഷ്കരിക്കുന്നതില്‍ ശരികേടുണ്ടെന്നും യൂസഫലി പറഞ്ഞു. ഈ സമ്മേളനത്തിന്റെ പേരില്‍ ധൂര്‍ത്ത് നടക്കുന്നെന്ന രീതിയില്‍ വസ്തുതകളില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രവാസികളെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമന്യേ പ്രവാസികളുടെ ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങളിലും ഏവരുടെയും സഹകരണം യൂസഫലി അഭ്യര്‍ഥിച്ചു.

പ്രവാസികളുടെ ഈ മഹാസംഗമത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി വലിയ പ്രയത്നങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി നോര്‍ക്ക ഡയറക്ടര്‍ ആര്‍.രവിപിള്ള പറഞ്ഞു. ഇത്തരം സദസുകളില്‍ വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതല്‍ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും ചര്‍ച്ചചെയ്യണമെന്ന് നോര്‍ക്ക ഡയറക്ടര്‍ കൂടിയായ ഡോ.എം.അനിരുദ്ധന്‍ അഭിപ്രായപ്പെട്ടു.

25000ത്തോളം വിദ്യാര്‍ത്ഥികള്‍ നൂറോളം യൂണിവേഴ്സിറ്റികളിലായി വിദേശത്ത് പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും വിദേശരാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ഥികളുടെ കുടിയേറ്റത്തെ കുറിച്ചും വേള്‍ഡ് എഡ്യുക്കേഷന്‍ ഹോള്‍ഡിംഗ് സിഇഒ വിദ്യാ വിനോദ് സംസാരിച്ചു.

പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും ഒന്നിച്ചു നിന്ന മലയാളികള്‍ നവകേരള നിര്‍മ്മിതിയിലും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും അതെ മനോഭാവനത്തോടെ അണിനിരക്കണമെന്ന് മുഹമ്മദലി പറഞ്ഞു.

എട്ടാം ക്ളാസ് മുതല്‍ പാഠ്യപദ്ധതികളില്‍ നൂതന സാങ്കേതിക വിദ്യാഭ്യാസ മേഖല ഉള്‍പ്പെടുത്തണമെന്ന് അജിത് ബാലകൃഷ്ണന്‍ പറഞ്ഞു. എം.പിമാരായ എളമരം കരീം, ജോസ് കെ മാണി, പി സന്തോഷ്കുമാര്‍, എന്‍.എസ് മാധവന്‍, എം.പി, എ.വി അനൂപ് എന്നിവര്‍ സംസാരിച്ചു.
- dated 17 Jun 2022


Comments:
Keywords: India - Otta Nottathil - loka_kerala_sabha_2022 India - Otta Nottathil - loka_kerala_sabha_2022,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8820222ship
ഇന്ത്യയുടെ സമ്മര്‍ദം: ചൈനീസ് ചാരക്കപ്പല്‍ അടുപ്പിക്കാതെ ലങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
25720224monkeypox
മങ്കിപോക്സിനെ പേടിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
24720223un
മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പദവി: യുഎന്നില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ
തുടര്‍ന്നു വായിക്കുക
indian_curry_powder_poisioning
മലയാളികളെ വിഷം തീറ്റാന്‍ സര്‍ക്കാര്‍ കൂട്ടോ ? മായത്തില്‍ എരിയുന്ന മലയാളി ജീവിതം
തുടര്‍ന്നു വായിക്കുക
22720226murmu
ചരിത്രമെഴുതി ദ്രൗപദി മുര്‍മു
ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി തുടര്‍ന്നു വായിക്കുക
indian_citizenship_relinquished_more
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
തുടര്‍ന്നു വായിക്കുക
21720223ukraine
യുക്രെയ്ന്‍ സംഘര്‍ഷം: ഭക്ഷ്യ പ്രതിസന്ധി മുന്നറിയിപ്പുമായി ഇന്ത്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us