Today: 20 Jul 2018 GMT   Tell Your Friend
Advertisements
ലോക കേരള സഭ സമ്മേളനനം 12, 13 തീയതികളില്‍ ; ആകാംക്ഷയോടെ പ്രവാസി സമൂഹം
Photo #1 - India - Otta Nottathil - loka_kerala_sabha_starting
തിരുവനന്തപുരം: ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് ഭാരതത്തിനകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി രൂപീകരിച്ച ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ നടക്കും. തിരുവനന്തപുരത്ത് നിയസഭ സമുച്ചയത്തിലാണ് സഭ ചേരുന്നത്.

ലോകമെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോല്‍സാഹിപ്പിയ്ക്കുന്നതിലൂടെ കേരളീയരുടെയെല്ലാം സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയാണ് സഭ ലക്ഷ്യമിടുന്നത്. പ്രവാസി കേരളീയരെ സംബന്ധിയ്ക്കുന്ന പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിയ്ക്കുന്നതിനും നാളിതുവരെ ഒരു പൊതുസഭയുണ്ടായിരുന്നില്ല. അതിന്റെ വെളിച്ചത്തിലാണ് വിദേശ രാജ്യങ്ങളിലെയും ഇന്‍ഡ്യയിലെ ഇതര സംസ്ഥാനങ്ങളിലെയും കേരളീയ പ്രവാസികളെ പ്രതിനിധീകരിയ്ക്കുന്ന 178 അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തും, കേരളത്തിലെ 20 എംപിമാരെയും 140 എംഎല്‍എ മാരെയും സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാക്കളെ ഉള്‍പ്പെടുത്തിയും 351 അംഗങ്ങളുള്ള ലോക കേരള സഭ രൂപീകരിച്ചത്. അതുകൊണ്ടു തന്നെ പുതിയ ലോക കേരള സഭയുടെ ആദ്യത്തെ സമ്മേളനം പ്രവാസികള്‍ എല്ലാം തന്നെ വളരെ ആകാംക്ഷയോടെയാണ് നേക്കിക്കാണുന്നത്.

കേരളീയ പ്രവാസികളെ പ്രതിനിധീകരിക്കുന്ന 177 പേരില്‍ 42 പേര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 99 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും ആറുപേര്‍ തിരിച്ചെത്തിയ പ്രവാസികളുമാണ്.

കൂടാതെ വിവിധ മേഖലകളില്‍നിന്നുള്ള 30 പ്രമുഖരെയും സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പൗരത്വമില്ലാത്ത ഇന്ത്യന്‍ വംശജരേയും ക്ഷണിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്സ് വഴി പ്രവാസി സംഘടനകളും പ്രവാസികളും സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തിരിയ്ക്കുന്നത്.

വിവിധ മേഖലയില്‍ കഴിവുതെളിയിച്ച പ്രമുഖരെയും കേരള സഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്ററീസ് കെ. ജി. ബാലകൃഷ്ണന്‍, ഡോ.കെ.ജെ. യേശുദാസ്, കെ.എം. ചെറിയാന്‍, എം.എസ്. സ്വാമിനാഥന്‍, എം.എസ് വല്യത്താന്‍, നിലമ്പൂര്‍ ആയിഷ, ടി.ജെ.എസ്. ജോര്‍ജ്, എ. ഗോപാലകൃഷ്ണന്‍, എ.വി. അനൂപ്, അജിത് ബാലകൃഷ്ണന്‍, ആസാദ് മൂപ്പന്‍, ബി. ജയമോഹന്‍, ബോസ് കൃഷ്ണമാചാരി, ഗോകുലം ഗോപാലന്‍, കെ. സച്ചിദാനന്ദന്‍, കെ.വി. ഭഗീരഥ്, ക്രിസ് ഗോപാലകൃഷ്ണന്‍, എം.എ. യൂസഫലി, എം. അനിരുദ്ധന്‍, എം. ജി. ശാരങ്ഗധരന്‍, എം. മുകുന്ദന്‍, എം.പി. രാമചന്ദ്രന്‍, പി. എന്‍. സി. മേനോന്‍, രവി പിള്ള, റസൂല്‍ പൂക്കുട്ടി, ശശികുമാര്‍, ശോഭന, സുനിത കൃഷ്ണന്‍, അനിത നായര്‍, ജെ. അലക്സാണ്ടര്‍, രേവതി, ഓംചേരി എന്‍.എന്‍. പിള്ള, വളപ്പില്‍ പ്രദീപ്, കെ.എസ്. ചിത്ര, ജോ.എം.വി. പിള്ള, എം.എം. മത്തായി, ഡോ. ജോര്‍ജ് വര്‍ഗീസ് ജോസഫ്, ഗീതാ ഗോപിനാഥ്, എസ്.ഡി. ബിജു തുടങ്ങിയവരാണ് പ്രമുഖരുടെ പട്ടികയിലുള്ളത്.



രാജ്യസഭാ മാതൃകയിലാണ് സഭാംഗത്വം. രണ്ടുവര്‍ഷത്തിനുശേഷം മൂന്നിലൊരാള്‍ പിരിഞ്ഞുപോകും. ഇതിന്റെ മാനദണ്ഡം പിന്നീടു നിശ്ചയിക്കും. അംഗങ്ങള്‍ക്കു ലഭിക്കുന്ന പദവി സംബന്ധിച്ച് തീരുമാനം പിന്നീടുണ്ടാവും.മുഖ്യമന്ത്രി ആയിരിക്കും ലോകകേരള സഭാ നേതാവ്. പ്രതിപക്ഷനേതാവ് ഉപനേതാവും. നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രിസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുക.



ലോക കേരള സഭയില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്ക് വിമാന ടിക്കറ്റുകളും താമസവും ഭക്ഷണവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരാണ് സ്പോണ്‍സര്‍ ചെയ്തിരിയ്ക്കുന്നത്.പ്രതിനിധികള്‍ക്ക് നിയമസഭാ ലോഞ്ചില്‍ താത്കാലികമായി പ്രത്യേക വേദിയും ഇരിക്കാനായി കസേരകളും സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ ചെലവിനായി സര്‍ക്കാര്‍ അഞ്ചുകോടി രൂപയാണ് അനുവദിച്ചിരിയ്ക്കുന്നത്.



പ്രവാസികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ നേരിട്ടു ഹാജരാവണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഒരോരുത്തര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.



12 ന് വെള്ളിയാഴ്ച രാവിലെ 9.30ന് സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണിയുടെ പ്രഖ്യാപനത്തോടെ സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കും. തുടര്‍ന്ന് ഭരണ നടത്തിപ്പിനെക്കുറിച്ചു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രഖ്യാപനം നടത്തും. സഭാനേതാവുകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടികള്‍ ഉദ്ഘാടന പ്രസംഗിച്ചതിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അംഗങ്ങളെ അഭിസംബോധന ചെയ്യും.



ഉച്ചകഴിഞ്ഞ് നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ നടക്കും.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, പശ്ചിമേഷ്യ, യൂറോപ്പ്,അമേരിക്ക, മറ്റു ലോക രാജ്യങ്ങള്‍ എന്നിങ്ങനെയാണ് മേഖലകളെ തിരിച്ചിരിയ്ക്കുന്നത്. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ മേഖലാ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞതിന്റെ റിപ്പോര്‍ട്ടുകളുടെ അവതരണം നടക്കും. വൈകിട്ട് ആറേകാല്‍ മുതല്‍ അരങ്ങേറുന്ന സാംസ്കാരിക പരിപാടികളില്‍ പ്രഭാവര്‍മ രചിച്ച് ശരത് സംഗീതം നല്കിയ മുദ്രാഗാനത്തിനു പുറമെ പ്രമോദ് പയ്യന്നൂരും ജയരാജ് വാര്യരും ചേര്‍ന്നൊരുക്കുന്ന "ദൃശ്യാഷ്ടകം' എന്ന സംഗീത കാരിക്കേച്ചര്‍ എന്നിവയുണ്ടായിരിയ്ക്കും.



ലോക കേരള സഭയുടെ രണ്ടാം ദിവസമായ 13 ന് ശനിയാഴ്ച വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മേഖലാ സമ്മേളനങ്ങള്‍ നടക്കും. രാവിലെ ഒന്‍പതു മണിയ്ക്ക് ആരംഭിയ്ക്കുന്ന ആദ്യത്തെ സെഷന്‍ അഞ്ചു വേദികളിലാണ് അരങ്ങേറുന്നത്. (ധനകാര്യം, വ്യവസായം/വിവരസാങ്കേതിക വിദ്യ/നവ സാങ്കേതികവിദ്യകള്‍,പ്രവാസികളുടെ പ്രശ്നങ്ങള്‍, പ്രവാസത്തിനു മുമ്പും,പ്രവാസത്തിലും, കൃഷി അനുബന്ധ' മേഖലകള്‍, സ്ത്രീകളും പ്രവാസവും).



11.30 ന് തുടങ്ങുന്ന രണ്ടാം സെഷനില്‍ വിവിധ വേദികളില്‍ പ്രവാസത്തിന്റെ പ്രശ്നങ്ങള്‍/ പ്രവാസത്തിനുശേഷം, വിനോദ സഞ്ചാരം, സഹകരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം, സാംസ്കാരികം എന്നീ വിഷയങ്ങള്‍ വീണ്ടും അവതരിപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ നടക്കും.



ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പൊതുസഭാസമ്മേളനത്തില്‍ ലോക കേരള സഭയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവതരിപ്പിക്കും. തുടര്‍ന്നു വിവിധ മേഖലകളുടെ റിപ്പോര്‍ട്ടിംഗ് നടക്കും. 3.45 ന് മുഖ്യമന്ത്രിയുടെ സമാപന പ്രസംഗത്തോടെ നിയമസഭാ സമുച്ചയത്തിലെ പരിപാടികള്‍ സമാപിയ്ക്കും.



വെകുന്നേരം 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന പൊതുസമ്മേളനം ഗവര്‍ണര്‍ ജസ്ററീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് തുടങ്ങിയവര്‍ പ്രസംഗിക്കും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എ മാര്‍, പ്രമുഖ വ്യവസായികള്‍ (എന്‍ആര്‍ഐ), വിവിധ മേഖലാരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി സ്വാഗതവും നോര്‍ക്ക സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നന്ദിയും പറയും. തുടര്‍ന്നു അരങ്ങേറുന്ന വിവിധ കലാപരിപാടികളോടെ ലോക കേരളസഭയുടെ പരിപാടികള്‍ക്ക് പൂര്‍ണ്ണമായും തിരശീല വീഴും.



ലോക കേരളസഭ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍



കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് കരുത്തുപകരുന്ന വിഷയങ്ങളെ 10 പ്രധാനമേഖലകളായി തിരിച്ചാണ് ലോകകേരളസഭ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. ധനകാര്യം, വ്യവസായംവിവര സാങ്കേതികവിദ്യ/നവസാങ്കേതികവിദ്യ, കൃഷിമൃഗസംരക്ഷണം, മല്‍സ്യബന്ധനം, പ്രവാസികളുടെ പ്രശ്നങ്ങള്‍ പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, സ്ത്രീകളും പ്രവാസവും, പ്രവാസികളുടെ പ്രശ്നങ്ങള്‍ പ്രവാസത്തിനുശേഷം, വിനോദസഞ്ചാരംസഹകരണം, സംസ്കാരംഭാഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് വിവിധ വേദികളില്‍ ചര്‍ച്ച ചെയ്യുന്നത്.ധനകാര്യത്തില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍, കിഫ്ബി, പ്രവാസിചിട്ടി, പ്രവാസി ലോട്ടറി, പ്രവാസി വെല്‍ഫയര്‍ ഫണ്ട്

ബോര്‍ഡിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.



വ്യവസായ മേഖലയില്‍ വ്യവസായത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും കരട് നയങ്ങള്‍, സര്‍ക്കാരിന്റെ അടിസ്ഥാന സമീപനം, വിജയകഥകള്‍, മാതൃകകള്‍, പ്രവാസികള്‍ക്കുള്ള നിക്ഷേപസംരംഭ സാധ്യതകള്‍, പ്രവാസികളുടെ നിര്‍ദേശങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുക്കുന്ന നവലോക ക്രമം എന്നിവ ഉള്‍പ്പെടുന്നു.

കൃഷി,മൃഗസംരക്ഷണ മേഖലയില്‍ ഈ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, വിജയമാതൃകകള്‍, നിക്ഷേപ സാധ്യതകള്‍, പ്രവാസികളുടെ

പ്രതീക്ഷകള്‍, ആവശ്യങ്ങള്‍, പരിസ്ഥിതി, ജല സംരക്ഷണം തുടങ്ങിയവ ചര്‍ച്ചചെയ്യും.



പ്രവാസികളുടെ പ്രശ്നങ്ങള്‍ എന്ന മേഖലയില്‍ റിക്രൂട്ട്മെന്റ് പ്രക്രിയ, കബളിപ്പിക്കലുകള്‍, നൈപുണ്യ പരിശീലനം, യാത്രയാത്രയിലെ അധികചിലവ്, ചൂഷണം തുടങ്ങിയവ ഉള്‍പ്പെടുന്നു.

സ്ത്രീകളും പ്രവാസവും എന്ന മേഖലയില്‍ വീട്ടുജോലിയും മറ്റ് തൊഴില്‍തുറകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ലൈംഗിക ചൂഷണം, പ്രവാസികളുടെ കുടുംബം, സ്ത്രീകളും യാത്രയും സ്വാതന്ത്ര്യവും തുടങ്ങിയവ ഉള്‍പ്പെടുന്നു.പ്രവാസത്തിനുശേഷമുള്ള പ്രവാസികളുടെ പ്രശ്നങ്ങളില്‍ പുനരധിവാസം, സാമൂഹ്യക്ഷേമം, സംരക്ഷണം, നോര്‍ക്ക സ്കീമുകള്‍, ഇതര സര്‍ക്കാര്‍ പരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.



വിനോദസഞ്ചാരംസഹകരണ മേഖലയില്‍ പ്രവാസി സംഘങ്ങള്‍, മറ്റ് സഹകരണ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര രംഗത്തെ സാധ്യതകള്‍, പ്രവാസികള്‍ കേരളത്തിന്റെ പ്രചാരകര്‍, കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

സംസ്കാരംഭാഷ എന്നീ മേഖലയില്‍ കേരളത്തിനുപുറത്തുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, അവ കേരളത്തിനു നല്‍കുന്ന അവസരങ്ങള്‍, ഭാഷാ പഠനം തുടങ്ങിയവ ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ കമ്പോളവും വിദ്യാഭ്യാസവും, നൈപുണ്യ പരിശീലനം, പ്രവാസികളുടെ അനുഭവ പരിചയവും വിദ്യാഭ്യാസവും, വിദ്യാഭ്യാസത്തിനുവേണ്ടി പ്രവാസികള്‍ക്കു ചെയ്യാവുന്ന കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

ആരോഗ്യ മേഖലയില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍, ആയുര്‍വേദവും വിനോദസഞ്ചാരവും, ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കുടിയേറ്റം, കേരളീയര്‍ പുറംലോകത്ത് നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയ്ക്ക് വിഷയമാകും.



ലോകകേരള സഭയില്‍ മൂന്ന് ഓപ്പണ്‍ ഫോറങ്ങള്‍



12 ന് രാവിലെ 11 മണിയ്ക്ക് പ്രവാസലോകത്തിന്റെ വര്‍ത്തമാനം, ഭാഷ, കാലം, സംസ്കാരം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ശശികുമാറാണ് മോഡറേറ്റര്‍. ജേക്കബ് ജോര്‍ജ് അവതാരകനാവും. ശോഭന, ടി. ജെ. എസ്. ജോര്‍ജ്, എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, രേവതി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഒന്നര മണിക്കൂര്‍ വീതമുള്ള മൂന്നു സെഷനുകളായാണ് ചര്‍ച്ച.



വൈകിട്ട് മൂന്നു മണിക്ക് ശാസ്ത്രസാങ്കേതികം സാധ്യതകളും വെല്ലുവിളിയും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. മുരളി തുമ്മാരുകുടി മോഡറേറ്ററാകുന്ന ചര്‍ച്ചയില്‍ കെ.കെ. കൃഷ്ണകുമാര്‍ അവതാരകനാവും. ക്രിസ് ഗോപാലകൃഷ്ണന്‍, ഗീതാ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

13 ന് രാവിലെ 11 മണിക്ക് യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തില്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം പരിപാടി നടക്കും. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററാവും. ഡോ. എം.എസ്. സ്വാമിനാഥന്‍, ഡോ. എ.ഗോപാലകൃഷ്ണന്‍, ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. യൂണിവേഴ്സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്കുമാര്‍ സ്വാഗതം പറയും.
- dated 11 Jan 2018


Comments:
Keywords: India - Otta Nottathil - loka_kerala_sabha_starting India - Otta Nottathil - loka_kerala_sabha_starting,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19720182
ഭര്‍ത്താവിന്റെ ചെവി അറുത്ത ഭാര്യ Recent or Hot News
തുടര്‍ന്നു വായിക്കുക
177201810
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
17720188
ചന്ദ്രക്കലയും നക്ഷത്രവുമുള്ള പതാക നിരോധിക്കണമെന്ന് ഹര്‍ജി Recent or Hot News
തുടര്‍ന്നു വായിക്കുക
11720188
സ്വവര്‍ഗപ്രേമികള്‍ക്ക് അനുകൂലമായി ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം
തുടര്‍ന്നു വായിക്കുക
10720189
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു തെളിവ്
തുടര്‍ന്നു വായിക്കുക
t_p_devasia
തെക്കെക്കുറ്റി ടി.പി. ദേവസ്യയുടെ സംസ്ക്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
23620188
രാജസ്ഥാനില്‍ ഹരിതോര്‍ജത്തിന്റെ പതാക വാഹകരായി ഗ്രാമീണ സ്ത്രീകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us