ഇന്നലെ രാത്രിയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. 14 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടം നടന്ന ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ തെരച്ചില്‍ ദുഷ്കരമായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് അപകട സ്ഥലം കണ്ടെത്താനായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്~ അസര്ബൈജാന് സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഇന്നലെ തെഹ്റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ അപകടത്തില്‍ പെട്ടത്. പ്രസിഡന്റ് ഉള്‍പ്പടെ 9 പേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ജുല്‍ഫയിലെ വനമേഖലയിലെ മലനിരയില്‍ ഇടിച്ചിറക്കി എന്നാണ് നിഗമനം. പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് നിലനില്‍ക്കുകയാണ്. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.

Comments: