വിനോദസഞ്ചാരിയായ യുവതിയെ കുതിര തട്ടിമാറ്റുകയായിരുന്നു. ലണ്ടനിലെ ഹോഴ്സ് ഗാര്‍ഡ് പരേഡ് നടക്കുന്ന സ്ഥലത്തിന് പുറത്ത് കാവല്‍ നില്‍ക്കുന്ന കുതിരയാണ്, ഇന്ത്യക്കാരി എന്നു തോന്നിക്കുന്ന യുവതിയെ തട്ടിതെറിപ്പിച്ചത്. റോയല്‍ കിങ്സ് ഗാര്‍ഡ് ഇംഗ്ളണ്ടിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ദൃശ്യം പുറംലോകം കണ്ടത്. കുതിരയുടെ കഴുത്തില്‍ പിടിച്ച് പുഞ്ചിരിച്ച് ഫോട്ടോക്ക് പോസ് ചെയ്യാനാണ് യുവതി ശ്രമിച്ചത്. എന്നാല്‍, കുതിര തല കൊണ്ട് യുവതിയുടെ നെഞ്ചില്‍ ഇടിച്ചു.
കുതിരയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ പതറിയ യുവതി വേച്ചുപോയി. പിന്നിലുണ്ടായിരുന്ന മതിലിലും മറ്റൊരു സന്ദര്‍ശകന്‍റെ കൈയിലും പിടിച്ചതിനാല്‍ നിലത്ത് വീണില്ല. തുടര്‍ന്ന് ഫോട്ടോക്ക് വീണ്ടും ശ്രമിക്കാതെ ദമ്പതികള്‍ സ്ഥലംവിട്ടു.
കുതിരയുടെ മുകളില്‍ കാവല്‍ക്കാരന്‍ ഉള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സംഭവം നടക്കുമ്പോള്‍ പ്രോട്ടോക്കോള്‍ പാലിച്ച് കുതിരയുടെ മുകളില്‍ നിശബ്ദനായി ഇരിക്കുകയായിരുന്നു പടയാളി. 'സൂക്ഷിക്കുക! കുതിരകള്‍ ചവിട്ടുകയോ കടിക്കുകയോ ചെയ്യാം' എന്ന സന്ദര്‍ശകര്‍ക്കുള്ള മുന്നറിയിപ്പ് ബോര്‍ഡിന് മുമ്പിലാണ് കുതിര നിലയുറപ്പിച്ചിരുന്നത്.
ആചാര പ്രകാരമുള്ള ചുമതലകള്‍ കൊണ്ടും വ്യത്യസ്തമായ യൂണിഫോമുകള്‍ കൊണ്ടും പ്രശസ്തമാണ് ബ്രിട്ടണിലെ കിംഗ്സ് ഗാര്‍ഡ്. കിംഗ്സ് ഗാര്‍ഡിന്‍റെ ഭാഗമാണ് ഹൗസ്ഹോള്‍ഡ് കുതിരപ്പട. ഇത് ലൈഫ് ഗാര്‍ഡ്സ്, ദി ബ്ളൂസ് ആന്‍ഡ് റോയല്‍സ് എന്നീ രണ്ട് റെജിമെന്‍റുകള്‍ ഉള്‍പ്പെടുന്നതാണ്.

Comments: