Today: 26 Oct 2020 GMT   Tell Your Friend
Advertisements
കാനഡയില്‍ എക്സാര്‍ക്കേറ്റ് നിലവില്‍ വന്നു; മാര്‍ ജോസ് കല്ലുവേലില്‍ അഭിഷിക്തനായി
Photo #1 - Canada - Otta Nottathil - canada_exarcate
ടൊറേന്റോ: കാനഡയിലെ സീറോ മലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ എക്സാര്‍ക്ക് മാര്‍ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേകവും ഭക്തിനിര്‍ഭരമായി. ഒന്റാറിയോ സംസ്ഥാനത്തെ മിസിസാഗ വെര്‍ജിന്‍ മേരി ആന്‍ഡ് സെന്റ് അത്തനേഷ്യസ് പള്ളിയില്‍ ഇന്നലെ പ്രാദേശിക സമയം രാ വിലെ പത്തിനു തുടങ്ങിയ ശുശ്രൂഷകള്‍ മൂന്നു മണിക്കൂര്‍ ദീര്‍ഘിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സഹകാര്‍മികരായി.

എക്സാര്‍ക്കേറ്റിന്റെ രൂപീകരണം, മാര്‍ ജോസ് കല്ലുവേലിലിനെ എക്സാര്‍ക്ക് ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം എന്നിവയുള്‍പ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് കാനഡയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലിയൂജി ബൊണാസിയും സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍ റവ.ഡോ. സെബാസ്ററ്യന്‍ വാണിയപ്പുരയ്ക്കലും വായിച്ചു. ഫാ. ജോസ് ആലയ്ക്കക്കുന്നേലായിരുന്നു ആര്‍ച്ച്ഡീക്കന്‍.

ഇന്ത്യ, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി ബിഷപ്പുമാരും വൈദികരും വിശ്വാസികളും, പാലക്കാട് രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളിയും വൈദികരും നിയുക്ത ബിഷപ്പിന്റെ ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

മെത്രാഭിഷേകത്തിനുശേഷം മാര്‍ ജോസ് കല്ലുവേലില്‍ ദിവ്യബലി അര്‍പ്പിച്ചു. പ്രവാസി വിശ്വാസികള്‍ വിശ്വാസം വലിയ നിധിയായി കാത്തുസൂക്ഷിക്കുന്നതിലും കൈമാറുന്നതിലും സഭ മുഴുവന്‍ അഭിമാനിക്കുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു. ദൈവത്തിന്റെ പ്രവൃത്തികളോട് ആത്മാര്‍ഥമായി സഹകരിക്കുന്നവരാകണം വിശ്വാസികള്‍. കാനഡയില്‍ സീറോ മലബാര്‍ സഭയ്ക്ക് എക്സാര്‍ക്കേറ്റ് അനുവദിച്ചു കിട്ടിയതു ദൈവത്തിന്റെ പദ്ധതിയാണ്. ഇതിലൂടെ ഇവിടത്തെ സഭാസമൂഹം മുഴുവന്‍ അനുഗൃഹീതരായിരിക്കുകയാണ്. ഇതിനായി സഹായങ്ങള്‍ നല്‍കിയ എല്ലാവരോടും സഭ കടപ്പെട്ടിരിക്കുന്നു.

കാനഡയിലെ എക്സാര്‍ക്കേറ്റിന്റെ ചുമതല വഹിക്കുന്ന പുതിയ മെത്രാന്‍ മാര്‍ കല്ലുവേലിലിന് ഇവിടത്തെ അജഗണങ്ങളെ സുവിശേഷപാതയില്‍ പ്രേഷിത തീക്ഷ്ണതയോടെ നയിക്കാനാകുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. മാര്‍ ജോസ് കല്ലുവേലില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്നുള്ള മെത്രാന്മാരും വൈദികരും വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുത്തു. ചടങ്ങുകള്‍ നടന്ന വെര്‍ജിന്‍ മേരി ആന്‍ഡ് സെന്റ് അത്തനേഷ്യസ് പള്ളി വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.

പാലക്കാട് രൂപതാംഗമായ മാര്‍ കല്ലുവേലില്‍ 2013 മുതല്‍ ടൊറേന്റോയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി അജപാലന ശുശ്രൂഷ ചെയ്തുവരികയാണ്.

ചെണ്ടമേളം, താലപ്പൊലി, ബാന്‍ഡ്മേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ പള്ളിയിലേക്ക് ആനയിച്ചത്. മിസിസാഗയിലാണു എക്സാര്‍ക്കേറ്റിന്റെ ആസ്ഥാനം.

പാലക്കാട് രൂപതയിലെ അട്ടപ്പാടി ജെല്ലിപ്പാറ ഇടവകാംഗമായ മാര്‍ ജോസ് കല്ലുവേലില്‍ 1984 ഡിസംബര്‍ 18ന് ആയിരുന്നു പൗരോഹിത്യം സ്വീകരിച്ചത്. രൂപതാ മതബോധന ഡയറക്ടറായി 12 വര്‍ഷം പ്രവര്‍!ത്തിച്ച അദ്ദേഹം 2013 മുതല്‍ ടൊറന്റോയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. 2015 ആഗസ്ത് ആറിനാണ് അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചുകൊണ്ട് മാര്‍പാപ്പയുടെ ഉത്തരവുണ്ടായത്.

കാനഡയില്‍ രൂപത സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സംവിധാനമാണ് എക്സാര്‍ക്കേറ്റ്. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യക്കുപുറത്ത് ലഭിക്കുന്ന ആദ്യ എക്സാര്‍ക്കേറ്റാണ്

വിശ്വാസത്തിലൂന്നിയ തീരുമാനങ്ങളും നിശ്ചയദാര്‍ഢ്യവുമാണ് മാര്‍ ജോസ് കല്ലുവേലിലിന്റെ സവിശേഷത. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയിലെ സീറോ മലബാര്‍ സഭയുടെ പ്രഥമ എക്സാര്‍ക്കെന്ന നിയോഗത്തെ ദൈവഹിതമായി അദ്ദേഹം കാണുന്നു.

കേരളത്തിലെ വിശ്വാസപരിശീലനം വളരെ ശക്തമാണ്. അത് അതേപടി യൂറോപ്പിലും അമേരിക്കന്‍ രാജ്യങ്ങളിലും അവതരിപ്പിക്കേണ്ടതുണ്ട്. ആശയം ഇവിടത്തേത്, എന്നാല്‍ അവതരണശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണം.

ദൈവം ആഗ്രഹിക്കുന്നത് ദൈവമഹത്ത്വത്തിനുവേണ്ടി നടക്കട്ടെ. ദൈവാശ്രയബോധത്തോടെ ഈ ചുമതല പൂര്‍ണമനസ്സോടെ ഏറ്റെടുക്കുന്നു. കേരളത്തില്‍ നിന്ന് വന്ന് ഇവിടെ സ്ഥിരതാമസക്കാരായവരും ഉദ്യോഗാര്‍ഥവും പഠനാര്‍ഥവും എത്തിയവരുമുണ്ട്. ചിതറിക്കിടക്കുന്ന ഈ വിശ്വാസസമൂഹത്തെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിനാണ് പ്രഥമ പരിഗണന.

കഠിനാധ്വാനികളാണ്. അവര്‍ക്കാവശ്യമായ ദേവാലയങ്ങള്‍, വൈദികപരിശീലനത്തിന് ആവശ്യമായ സെമിനാരികള്‍, മറ്റ് മിഷന്‍ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിക്കണം.
കാനഡയിലെ മലയാളികുടുംബങ്ങളില്‍ രണ്ട് സംസ്കാരം കാണാം. ഉപജീവനാര്‍ഥം കുടിയേറിയ മുതിര്‍ന്ന തലമുറ
യെ നാട്ടില്‍ അവരുടെ മാതാപിതാക്കള്‍ കഷ്ടപ്പെട്ട് പഠിപ്പിച്ച് വളര്‍ത്തിയതാണ്. എന്നാല്‍, എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്നവരാണ് മക്കള്‍. ഇവരെ വിശ്വാസത്തില്‍ അടിയുറച്ച് നിര്‍ത്തുക വെല്ലുവിളിയാണ്. ലൈംഗിക അരാജകത്വമാണ് പുതുതലമുറ നേരിടുന്ന വലിയ വെല്ലുവിളി. ഈ വര്‍ഷം ഒന്നാംക്ളാസ് മുതല്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

മക്കളെ നല്ലരീതിയില്‍ വളര്‍ത്തുന്നതിന് മാതാപിതാക്കള്‍ക്ക് ധാര്‍മികപിന്തുണ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. കാനഡയില്‍ ഇന്നത്തെ തലമുറയില്‍ വിവാഹവും കുടുംബവും മക്കളുമൊന്നും വേണ്ടെന്ന രീതിയിലുള്ള ധാര്‍മികത്തകര്‍ച്ചയാണ് ഉണ്ടാകുന്നത്.

വളരെ വലിയ രാജ്യമാണ് കാനഡയെങ്കിലും ജനസംഖ്യ കുറവാണ്. വിദ്യാസമ്പന്നരായ മലയാളികള്‍ വിവിധ തൊഴില്‍ മേഖലകളില്‍ ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം. കൂടുതല്‍ മലയാളികള്‍ കാനഡയിലേക്ക് വരണം. പുതിയ കുടിയേറ്റക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കും. ആദ്യമായി അവിടെ വരുന്നവരെ എയര്‍പോര്‍ട്ട് മുതല്‍ താമസസ്ഥലംവരെ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കും. വികാരിയച്ചന്റെ കത്തുമായി മാത്രം വന്നാല്‍ മതി. പഠനത്തിന് വരുന്നവരെയും സഹായിക്കും.

കുടിയേറ്റക്കാരുടെ ആത്മീയ പിതാവ്

അട്ടപ്പാടിയെന്ന കുടിയേറ്റമേഖലയില്‍ വളര്‍ന്ന്, ഇപ്പോള്‍ കാനഡയിലെ കുടിയേറ്റക്കാര്‍ക്കുവേണ്ടി സമര്‍പ്പിതനാവുകയാണ് നിയുക്ത ബിഷപ്പ് മാര്‍. ജോസ് കല്ലുവേലില്‍.

കാനഡയില്‍ നടക്കുന്ന അദ്ദേഹത്തിന്റെ അഭിഷേകച്ചടങ്ങിനായി പാലക്കാട് രൂപതയും അദ്ദേഹത്തിന്റെ ജന്മനാടായ മുണ്ടന്‍പാറ ഗ്രാമവും പ്രാര്‍ഥനാഭരിതമാണ്.

ആലപ്പുഴ ജില്ലയുടെ പകുതിവരുന്ന അട്ടപ്പാടിയെന്ന കുടിയേറ്റമേഖല കര്‍ഷകരുടെ സ്വപ്നഭൂമിയാണ്. അവിടെയെത്തിയവര്‍ പിന്നീടവിടെ മണ്ണിനോടും പ്രതികൂല കാലാവസ്ഥയോടും പോരാടി ജീവിതം കരുപ്പിടിപ്പിച്ചു. 1959 കാലഘട്ടത്തിലാണ് കോട്ടയം കുറവിലങ്ങാട് തോട്ടുവയില്‍നിന്ന് ജോസ് കല്ലുവേലിലിന്റെ പിതാവ് ജോസഫ് മണ്ണാര്‍ക്കാട്ടേക്കും പിന്നീട് അട്ടപ്പാടിയിലേക്കും കുടിയേറുന്നത്.

അട്ടപ്പാടിയില്‍ വരുമ്പോള്‍ നാലുവയസ്സാണ് ഇളയ മകനായ ജോസിനുണ്ടായിരുന്നത്. അന്ന് മുണ്ടന്‍പാറയില്‍ ഒരു ഓലഷെഡ്ഡായിരുന്നു കത്തോലിക്കാ പള്ളി. ആറോ ഏഴോ ഇടവകക്കാരേ അന്ന് അവിടെയുണ്ടായിരുന്നുള്ളൂ എന്ന് നിയുക്ത ബിഷപ്പിന്റെ ജ്യേഷ്ഠന്‍ ദേവസ്യ ഓര്‍മിക്കുന്നു.

അര നൂറ്റാണ്ടുമുമ്പാണ് കാനഡയിലേക്ക് കേരളത്തില്‍നിന്ന് കുടിയേറ്റം ആരംഭിച്ചത്. ഇപ്പോള്‍ അവിടെ 50,000ത്തോളം സീറോ മലബാര്‍ വിശ്വാസികളായ മലയാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുടെ ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് മാര്‍. ജോസ് കല്ലുവേലിലിന്റെ ദൗത്യം.

ജോസഫ് അന്നമ്മ ദമ്പതികള്‍ക്ക് അഞ്ച് മക്കളാണ്. വര്‍ക്കി, തോമസ്, ദേവസ്യ, ചാക്കോ എന്നിവരാണ് നിയുക്ത ബിഷപ്പിന്റെ സഹോദരങ്ങള്‍. ഇതില്‍ വര്‍ക്കിയും ചാക്കോയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്കൂള്‍, അഗളി സര്‍ക്കാര്‍ സ്കൂള്‍ എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷമാണ് ഇദ്ദേഹം ദൈവവിളി അനുസരിച്ച് സെമിനാരിയില്‍ ചേരുന്നത്.

2012ല്‍ കാഞ്ഞിരപ്പുഴ ഫൊറോന വികാരി ആയിരിക്കെയാണ് കാനഡയിലേക്ക് നിയോഗിക്കപ്പെടുന്നത്.
- dated 19 Sep 2015


Comments:
Keywords: Canada - Otta Nottathil - canada_exarcate Canada - Otta Nottathil - canada_exarcate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us