Today: 11 May 2021 GMT   Tell Your Friend
Advertisements
മരണമുറങ്ങുന്ന ചെകുത്താന്റെ കോട്ടയില്‍~കാരൂര്‍ സോമന്‍ എഴുതുന്നു...
Photo #1 - India - Arts-Literature - karoor_soman_article2
Photo #2 - India - Arts-Literature - karoor_soman_article2
സൂര്യന്‍ ഉദിച്ചുയര്‍ന്നപോലെ ആകാശത്തേയ്ക്ക് ഉയര്‍ന്നുനില്ക്കുന്ന മനോഹരമായ റോമിലെ കൊളൊസിയം (Colosseum) പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലുണ്ടായ തീവ്രമായ ഭൂമികുലുക്കത്തില്‍ ഇടിഞ്ഞുപൊളിഞ്ഞെങ്കിലും കാലത്തിന്റെ അലര്‍ച്ചയും ചോരയും മണത്ത മാനവരാശിയെ ഭയപ്പെടുത്തിയ ഈ ചെകുത്താന്‍മാരുടെ പാര്‍പ്പിടത്തെ കാണാന്‍ ലോകമെമ്പാടുനിന്നുള്ള സഞ്ചാരികളെത്തുന്നു. ഇതിന്റെ മുന്നിലെ റോഡിന്റെ ഇരുഭാഗങ്ങളിലായി ആകാശത്തു ആടിയുലയുന്ന സുന്ദരങ്ങളായ പൈന്‍മരങ്ങള്‍ കുട നിവര്‍ത്തി രാജകീയ പ്രൗഢിയോടെ തിരുമുറ്റത്തു വരുന്നവരെ സ്വീകരിക്കുന്നു. ഏ. ഡി. 72~80 കാലയളവില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന റൈ്ററ്റസ് ഫ്ളേവിയസ്സ് വെസ്പാസിയന്‍ (Titus Flavius Vespasian) ഒരു ആമ്പി തിയേറ്ററായി ഇതിനെ ഉയര്‍ത്തുകയുണ്ടായി. ഇതിന്റെ ഉള്‍ഭാഗം ഒരു ക്രിക്കറ്റ് മൈതാനം പോലെയാണ്. പ്രധാനമായും ഇതിനുള്ളില്‍ നടന്നിരുന്നത് വന്യമൃഗങ്ങളും കൊടും കുറ്റവാളികളും തമ്മിലുള്ള പോരാട്ടം, വിവിധ ദേശങ്ങളില്‍നിന്നെത്തുന്ന രാക്ഷസ സ്വഭാവമുള്ള മല്ലന്മാര്‍ തമ്മിലുള്ള പോരാട്ടം, യുദ്ധങ്ങളില്‍ ജയിച്ചു വരുന്നതിന്റെ ആഘോഷങ്ങള്‍ മുതലായവയാണ്. നാല് വന്‍നിലകള്‍ മുകളിലേക്കുള്ളതുപോലെ നാല് നിലയ്ക്ക് തുല്യമായ ആഴവും വ്യാപ്തിയും ഭൂമിയ്ക്കുള്ളിലുമുണ്ട്. ഈ നാല് നിലകള്‍ ഇന്നത്തെ പത്തോ പതിനഞ്ചോ നിലകള്‍ക്ക് തുല്യമാണ്. ഇതിന്റെ മുകള്‍ഭാഗം വിജനമാണ്. മഴപെയ്താലും ആ വെള്ളത്തെ ക്രമീകരിച്ചു നിര്‍ത്താനുള്ള സംവിധാനമുണ്ട്. മനുഷ്യമനസ്സിന്റെ ഏകാഗ്രതപോലും ശിഥിലമാക്കുന്ന ആ നരകതാഴ്വരയിലേക്ക് ഞാന്‍ കണ്ണുമിഴിച്ചു നോക്കി. വല്ലാത്തൊരു നെടുവീര്‍പ്പാണുണ്ടായത്. ഭൂമിക്കുള്ളില്‍ നിഗൂഢമായൊരു ലോകം. മനുഷ്യന്‍ ഭൂമിയുടെ മുകളില്‍ പാര്‍ക്കുന്നതുപോലെയുള്ള എല്ലാ സംവിധാനവും ഇതിനുള്ളിലുണ്ട്. ഇതിനുള്ളില്‍ ഇടുങ്ങി ഞെരുങ്ങിയ ധാരാളം മുറികളും നടപ്പാതകളുമുണ്ട്. പ്രാണവായു ലഭിക്കാന്‍ പ്രയാസപ്പെടുന്ന മുറികള്‍. ഇത്തരം മുറികള്‍ നൂറു കണക്കിനു കാണാനുമുണ്ട്. മഴയിലും വെയിലിലും കുറ്റവാളികള്‍ ഇതിനുള്ളില്‍ തന്നെ കഴിയുന്നു. തടവറകളില്‍ തളയ്ക്കപ്പെടുന്നവര്‍, യുദ്ധത്തില്‍ പിടിയ്ക്കപ്പെട്ടവര്‍. ഇതില്‍ നമ്മെ ആശ്ചര്യപ്പെടുത്തുന്നത് ഇരുമ്പഴിക്കുള്ളിലാണ് വന്യമൃഗങ്ങള്‍ പാര്‍ക്കുന്നതെങ്കിലും മനുഷ്യരും മൃഗങ്ങളും മുഖാമുഖം കാണുന്നു എന്നതാണ്. ലോകജനത റോമന്‍ചക്രവര്‍ത്തമാരെ ഭയന്നതുപോലെ കൊളോസിയത്തെയും ഭയന്നിരുന്നു. ഇതിനുള്ളില്‍ ജീവിച്ചിരുന്നവര്‍ മരിച്ചുകൊണ്ടേയിരുന്നു. ലോകത്തു മറ്റെങ്ങും കാണാത്ത അത്ഭുതകാഴ്ചകള്‍.

റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം, മല്ലന്മാര്‍ തമ്മിലുള്ള പോരാട്ടം കണ്ടിരുന്നത് ഒരു വിനോദമായിരുന്നു. മൃഗങ്ങളുമായി ഏറ്റുമുട്ടി തളരുന്നതിന്റെ ദീനരോധനവും മൃഗങ്ങളുടെ ഗര്‍ജ്ജനവും രക്തം ചീറിപായുന്നതും തളംകെട്ടിക്കിടക്കുന്നതും ചക്രവര്‍ത്തിമാര്‍ക്ക് അതിരറ്റ ആനന്ദമാണ് നല്കിയത്. മനുഷ്യമാംസത്തിനായി ആര്‍ത്തിയോടെ നോക്കുന്ന വന്യമൃഗങ്ങളും പരിഭ്രാന്തിയോടെ നോക്കുന്ന മനുഷ്യനും അതില്‍ ഒരാള്‍ മാത്രമേ ജീവനോടെ പുറത്തുവരൂ. ഈ പോരാട്ടം കാണാന്‍ വരുന്നവരില്‍ കൂടുതല്‍ രാജകുടുംബത്തില്‍നിന്നുള്ളവരും, ഭരണാധികാരികളും, വിവിധ ദേശങ്ങളില്‍നിന്നുള്ള സമ്പന്നന്‍മാരും, പട്ടാളത്തിലുള്ളവരും, സാധാരണജനങ്ങളുമാണ്. ചക്രവര്‍ത്തിമാര്‍ക്ക് അതിനുള്ളില്‍ പ്രവേശിക്കാന്‍ പ്രത്യേക വാതിലുകളുണ്ട്. പോരാട്ടം നടക്കുന്നതിന്റെ തൊട്ടു മുന്നില്‍ തന്നെയാണ് അവരുടെ ഇരിപ്പിടം. സാധാരണ പാവങ്ങള്‍ക്ക് ഏറ്റവും മുകളിലിരിക്കാം. അതിനുള്ളില്‍ അന്‍പതിനായിരം പേര്‍ക്കിരിക്കാനുള്ള സൗകര്യമുണ്ട്. ഇവര്‍ക്കൊപ്പം തന്നെ മന്ത്രവാദികള്‍, ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്ന പുരോഹിതര്‍, അഗ്നിപൂജ നടത്തുന്ന പൂജാരിമാര്‍ രാജതാല്പര്യമനുസരിച്ച് അവിടെ സന്നിഹിതരായിരിക്കും. ഈ ക്രൂരവിനോദം ചക്രവര്‍ത്തിമാര്‍ കണ്ടിരിക്കുന്നതിനിടയില്‍ മദ്യം നുകരാനും മറക്കില്ല. ഇതു കാണാന്‍ വരുന്ന പ്രമാണിമാര്‍ക്കും പുരോഹിതന്മാര്‍ക്കുമെല്ലാം അതൊരു ഉദ്യാനവിരുന്നുപോലെയാണ്. വന്യമൃഗത്തിന്റെ ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞും മാംസക്കഷണങ്ങള്‍ കടിച്ചു മുറിച്ചും മാറ്റുന്നതുകണ്ട് ആഹ്ളാദിക്കുന്ന ഭരണാധിപനും ആ നിശബ്ദതകളുടെ നടുവില്‍ തേങ്ങുന്നവരുമുണ്ട്. അവര്‍ മൃഗത്തെ പരാജയപ്പെടുത്താനായി മുറവിളികൂട്ടുന്നവരാണ്. വീരന്മാരായ മല്ലന്മാര്‍ ഏറ്റുമുട്ടി ജീവന്‍ വെടിയുന്നതും, കൊടുംകുറ്റവാളികള്‍ വന്യമൃഗങ്ങളുമായി ഏറ്റമുട്ടുന്നതും, നിരപരാധികളായ ക്രിസ്തീയ വിശ്വാസികള്‍ ചക്രവര്‍ത്തിമാരുടെ ദേവീദേവന്മാരെ ആരാധിക്കാത്തതിന്റെ പേരില്‍ കാട്ടുനായ്ക്കളുടെ കടികൊണ്ട് പുളയുന്നതും വന്യമൃഗങ്ങള്‍ക്കു ഭക്ഷണമാകുന്നതുമെല്ലാം ലോകത്തെ അറിയിച്ച ശിക്ഷാനടപടികളാണ്. അതിനാല്‍ ശത്രുസൈന്യങ്ങള്‍പോലും ഇവരെ ഭയന്നിരുന്നു. വളരെ അപൂര്‍വ്വം ഭാഗ്യശാലികളായ മല്ലന്മാരും കുറ്റവാളികളും മാത്രമാണ് വന്യമൃഗങ്ങളെ കൊന്ന് വിജയം നേടിയിട്ടുള്ളത്. വന്യമൃഗങ്ങളുമായി ഏറ്റുമുട്ടുന്നവര്‍ക്ക് മാത്രമാണ് തലയില്‍ കവചങ്ങളോ, ചെറിയ കത്തികളോ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അങ്ങനെ രക്ഷപ്പെട്ടു വരുന്നവര്‍ ഏതോ ഇരുട്ടറയില്‍നിന്നോ, അജ്ഞാത ദുര്‍ഗ്ഗത്തില്‍നിന്നു വരുന്നതുപോലെയാണ്. ഇവര്‍ക്ക് സൈന്യത്തില്‍തന്നെ ജോലികൊടുക്കുക പതിവാണ്. കടല്‍യുദ്ധങ്ങളില്‍ ഇവരാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. ഇതിനുള്ളിലെ വന്‍പാറകള്‍ കണ്ടാല്‍ നൂറുപേര്‍ക്കുപോലും പൊക്കാന്‍ കഴിയില്ലെന്നു തോന്നും. ശത്രുക്കളെ പ്രതിരോധിക്കാനും, കുറ്റവാളികള്‍, അടിമകള്‍, മൃഗങ്ങള്‍ രക്ഷപെടാതിരിക്കാനുമാണ് ഇതെല്ലാം ചെയ്തിട്ടുള്ളത്. അതിനാല്‍ വന്യമൃഗങ്ങളുടെ ഭീകരശബ്ദംപോലും ആ നെടുങ്കന്‍പാറയ്ക്കുള്ളില്‍ നിശബ്ദമാണ്. ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ തടവറകളായി ഇതിനെ വിശേഷിപ്പിക്കാം.

റോമന്‍ ചക്രവര്‍ത്തിമാര്‍ ആരാധിച്ചുപോന്ന അന്ധവിശ്വാസങ്ങള്‍, നരബലി, മൃഗബലി തുടങ്ങിയ അനാചാരങ്ങള്‍ക്ക് ഇളക്കമുണ്ടായത് യേശുക്രിസ്തുവിന്റെ ജനനശേഷമാണ്. യേശുവിനെ വിചാരണചെയ്ത റോമന്‍ ഗവര്‍ണര്‍ പീലാത്തോസിന്റെയും, യേശുവിന്റെ അത്ഭുതപ്രവര്‍ത്തികളുമെല്ലാം യൂറോപ്പിലുള്ളവരെ വളരെ സ്വാധീനിക്കുകയുണ്ടായി. പാശ്ചാത്യ രാജ്യങ്ങളിലും ലോകത്തിന്റെ പലഭാഗത്തും ധാരാളം അത്ഭുതങ്ങളും നടന്നിട്ടുണ്ട്. റോമന്‍സ് ക്രിസ്ത്യാനികളെ ക്രൂരപീഢനങ്ങള്‍ക്ക് മാത്രമല്ല ഇരയാക്കിയിട്ടുള്ളത്. ക്രൂരമൃഗങ്ങളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞിട്ടുമുണ്ട്. ക്രിസ്തു ശിഷ്യനായ സെന്റ് പീറ്ററും രക്തസാക്ഷിയായി. റോമന്‍ ചക്രവര്‍ത്തിമാര്‍ യേശുക്രിസ്തുവിനെ ഭയന്നു. ദൈവത്തിന്റെ മരണമാഗ്രഹിച്ചവര്‍ ഒടുവില്‍ കുമ്പസാരം നടത്തി ക്രിസ്ത്യാനികളായി. ചെകുത്താന്‍ കോട്ടയിലെ താഴ്വരകളില്‍ യേശുക്രിസ്തു ആരാധ്യപുരുഷനായി മാറി. അത് കാലത്തിന്റെ ഒരടയാളമായിരുന്നു. നഗരവീഥികളും തെരുവീഥികളും ആഹ്ളാദത്തിലാറാടി നിന്നു. ചുടുചോരചിന്തിയൊഴുകിയ കൊളോസിയത്തിന്റെ ഒരു ഭാഗത്തായി കാല്‍വറിയിലെ കുരിശും ഇടംപിടിച്ചിട്ടുണ്ട്. ഇന്ന് കൊളോസിയത്തിന്റെ മുകളിലേക്കു പോകാന്‍ ഒരു ഭാഗത്തായി ലിഫ്റ്റുണ്ട്. പാറക്കല്ലുകള്‍കൊണ്ടു തീര്‍ത്ത മുകളിലേക്കുള്ള ചവിട്ടുപടികള്‍ ചവുട്ടികയറുക അത്ര എളുപ്പമല്ല. ആരും നടന്നു പോകുന്നതായി കണ്ടില്ല. അതിനുള്ളില്‍ ശുദ്ധജലമടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. അവിടെനിന്ന് ഞാന്‍ പോയത് സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്കാണ് (St. Peter's Basilica). അവിടുത്തെ ദിവ്യാനുഭവം കണ്ടു നില്ക്കേ എന്റെ മനസ്സിലേക്ക് റോമന്‍ സാമ്രാജ്യവും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കടന്നു വന്നു. മനുഷ്യന്റെ അന്ധവിശ്വാസങ്ങള്‍ക്ക് ഒരു മാറ്റമുണ്ടായെങ്കിലും അന്നത്തെ ഭൗതീകത ഇന്നും തുടരുന്നു. പണമാണ് ദൈവമെന്ന് കരുതുന്നവര്‍ ധാരാളമാണ്. ആത്മീയത എത്രപേരിലുണ്ട്? വീണ്ടും ചെകുത്താനും ദൈവവും തമ്മിലേറ്റുമുട്ടുകയാണോ?
- dated 10 Nov 2015


Comments:
Keywords: India - Arts-Literature - karoor_soman_article2 India - Arts-Literature - karoor_soman_article2,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us