Today: 14 Aug 2020 GMT   Tell Your Friend
Advertisements
മറിയം ത്രേസ്യ ഇനി വിശുദ്ധ
Photo #1 - Europe - Otta Nottathil - mariam_thresia_cannonization
കേരളമണ്ണിനു ദൈവം വരദാനമായി തന്ന ഒരു വലിയ വിശുദ്ധയാണു വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. വിശുദ്ധ അമ്മത്രേസ്യയെപ്പോലെ ഒരു മിസ്ററിക്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെപ്പോലെ ഒരു പഞ്ചക്ഷതധാരി; വിശുദ്ധ മദര്‍ തെരേസയെപ്പോലെ ഒരു ജീവകാരുണ്യ പ്രവര്‍ത്തക. 50 വര്‍ഷം മാത്രം നീണ്ടുനിന്ന ആ ജീവിതം ക്രൂശിത നാഥനോടുളള ആഴമായ സ്നേഹത്തില്‍നിന്നു പൊട്ടിവിരിഞ്ഞ "കുടുംബപ്രേഷിതത്വം' എന്ന ഒരു പുതിയ ദൗത്യത്തിനു തന്നെ തിരി തെളിച്ചു, വഴിതെളിച്ചു,പൂര്‍ത്തീകരിച്ചു.
തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന മറിയം ത്രേസ്യ, ദൈവദാസി, ധന്യ, വാഴ്ത്തപ്പെട്ടവള്‍ എന്നീ പദവികള്‍ പിന്നിട്ട് വിശുദ്ധ ആയി പ്രഖ്യാപിക്കപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒക്ടോബര്‍ 13 ന് റോമിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ മാര്‍പാപ്പയുടെ പ്രഖ്യാപനം ഒരു വ്യക്തിയുടെ വിശുദ്ധിക്കു മേലുള്ള ദൈവത്തിന്‍റെ കൈയൊപ്പാണ്.

ത്രേസ്യ എന്ന ഗ്രാമീണകന്യകയുടെ ആത്മനൈര്‍മല്യവും വിശുദ്ധിയും കണ്ട് ആകര്‍ഷിതനായ ദൈവം പലവട്ടം അവള്‍ക്കായി സ്വര്‍ഗംവിട്ട് മണ്ണിലിറങ്ങിവന്നു എന്നു മറിയം ത്രേസ്യയുടെ ജീവിതചരിത്രം പഠിക്കുന്നവര്‍ക്കു സുവ്യക്തമാണ്. മരണശേഷം ആ അമ്മയോടുളള പ്രാര്‍ഥനകള്‍ക്കു ദൈവം നല്കുന്ന മറുപടി എത്രയോ അത്ഭുതാവഹമെന്നു മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരി ഭവനത്തില്‍ ചെന്നാല്‍ നമുക്ക് മനുഭവപ്പെടും.

അവയില്‍ വളരെ പ്രാധാന്യമേറിയ ഒന്ന്, അമ്മാടം പല്ലിശേരി മാത്യു എന്ന ബാലന്‍റെ ഇരുകാലുകളുടെയും പൂര്‍ണസൗഖ്യമാണ്. മറിയം ത്രേസ്യയുടെ മാധ്യസ്ഥ്യം കരഞ്ഞപേക്ഷിച്ച കുടുംബത്തിന്‍റെ ദുഃഖത്തിനറുതി വരുത്തി, അമ്മ ഒരു രാത്രിയില്‍ അവന്‍റെ കാലുകള്‍ തഴുകി സുഖപ്പെടുത്തി. കാലിന്‍റെ അസ്ഥികള്‍ക്ക് ആറ് ഓര്‍ത്തോ സര്‍ജറി നടത്തിയാല്‍ പോലും ഇത്രയും സുഖമാകില്ല എന്നു ഡോക്ടര്‍മാര്‍ ഏകകണ്ഠമായി വിധിയെഴുതി. ദൈവത്തിന്‍റെ വഴികള്‍ എത്ര വിസ്മയാവഹം.

വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിനു ശേഷവും ധാരാളം അദ്ഭുതങ്ങള്‍ നടന്നു. നാമകരണത്തിനു മുന്നോടിയായി പ്രത്യേകം പഠനവിഷയമായതും മാര്‍പാപ്പ അംഗീകരിച്ചതുമായ അദ്ഭുതം, തൃശൂര്‍ പെരിഞ്ചേരിയില്‍ ക്രിസ്ററഫര്‍ ജോഷി എന്ന ബാലനു അരൗലേ ഞലുെശൃമീേൃ്യ എമശഹൗൃല എന്ന രോഗത്തില്‍നിന്നു ലഭിച്ച അദ്ഭുത രോഗശാന്തിയാണ്.

വിശ്വാസം, ശരണം, ഉപവി എന്നീ ദൈവിക പുണ്യങ്ങളുടെ വീരോചിതമായ അനുഷ്ഠാനം ജീവിതത്തിലുടനീളം വസ്തുനിഷ്ഠമായി തെളിയിക്കപ്പെടുക എന്നതാണ് ഒരുവനെ വിശുദ്ധ പദവിക്കര്‍ഹമാക്കുന്ന ഏറ്റവും വലിയ മാനദണ്ഡം.

നമ്മുടെ സ്വന്തം മണ്ണില്‍ പിറന്നുവീണ്, സഹജീവികളുടെ നൊമ്പരവും കണ്ണീരും സ്വന്തമാക്കി, പ്രാര്‍ഥനയാലും തപസാലും സ്ഫുടം ചെയ്യപ്പെട്ട ആത്മാവില്‍ ദൈവികത നിറച്ച്, കുടുംബങ്ങളില്‍ വെളിച്ചം വിതറിയ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന ശുഭദിനത്തിലെ മണിനാദത്തിനായി നമുക്കു കാതോര്‍ക്കാം.
മനുഷ്യന്‍ ഏറ്റവും വിലമതിക്കുന്ന ഒന്നാണു സ്വാതന്ത്ര്യം. ഒരു കൊച്ചുകുഞ്ഞ് ജനിച്ചുവീഴുന്പോള്‍ മുതല്‍ വളര്‍ച്ചയോടൊപ്പം സ്വാതന്ത്ര്യത്തിനുവേണ്ടിയുളള അവന്‍റെ ദാഹ തീക്ഷ്ണതയും ഏറിവരുന്നു. സ്നേഹവും ബഹുമാനവും ഉള്ളിടത്തു സ്വാതന്ത്ര്യം കൂടുതല്‍ പ്രകടമാകുന്നു; അല്ലാത്തിടത്ത് അകല്‍ച്ചയും അസമാധാനവും.

യഥാര്‍ഥ സ്വാതന്ത്ര്യം എക്കാലവും നിര്‍ലോഭം അനുഭവിച്ച വ്യക്തിയാണു വിശുദ്ധ മറിയം ത്രേസ്യ. ദൈവം സ്വന്തം പിതാവെന്ന് അടിയുറച്ചു വിശ്വസിച്ച മറിയം ത്രേസ്യ, ആ പിതാവിനെ ചേര്‍ത്തുപിടിച്ചു ജീവിച്ചപ്പോള്‍ അനുഭവിച്ച സ്വാതന്ത്ര്യം ദൈവമക്കളുടെ സ്വാതന്ത്ര്യമായിരുന്നു. സ്ത്രീകള്‍ക്കു വീടിനു പുറത്തിറങ്ങാനോ ഉച്ചത്തില്‍ സംസാരിക്കാനോ വിദ്യ അഭ്യസിക്കാനോ സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്ത് (18761926) വീടുകള്‍ തോറും കയറിയിറങ്ങി സമാധാനവും സന്തോഷവും പകര്‍ന്നുകൊടുക്കുകയും വിദ്യാലയങ്ങള്‍ സ്ഥാപിച്ചു കുട്ടികളെ പ്രബുദ്ധരാക്കുകയും ദുര്‍മാര്‍ഗത്തില്‍ ചരിച്ചിരുന്നവരെ നേര്‍വഴിക്കു തിരിക്കുകയും അന്ധവിശ്വാസത്തില്‍ കഴിഞ്ഞവരെ ദൈവവിശ്വാസത്തിലേക്കും ദൈവസ്നേഹത്തിലേക്കും നയിക്കുകയും ചെയ്യാന്‍ മറിയം ത്രേസ്യയ്ക്കു സാധിച്ചു.
ദൈവത്തെ സ്നേഹിക്കാന്‍ നന്നേ ചെറുപ്പം മുതല്‍ ക്ളേശിച്ചിരുന്ന മറിയം ത്രേസ്യ, സഹോദരങ്ങളില്‍ ദൈവത്തെ കണ്ടു, സ്നേഹശുശ്രൂഷ ചെയ്തു. കുടിലിലെ തൈരി മുതല്‍ കൊച്ചി മഹാരാജാവ് വരെ അവളുടെ ശുശ്രൂഷയുടെ കരങ്ങള്‍ നീണ്ടു.

രാത്രിയും പകലും അമ്മയ്ക്കു പ്രവര്‍ത്തന സമയമായിരുന്നു. കാരുണ്യം ചൊരിയാന്‍ സന്യാസത്തിന്‍റെ മതില്‍ക്കെട്ടുകളോ വിശുദ്ധ വസ്ത്രമോ നിയമങ്ങളോ സഭാധികാരികളോ ചുറ്റുമുള്ള ജനങ്ങളോ ആ വിശുദ്ധയ്ക്ക് ഒരു വിലങ്ങായിരുന്നില്ല; മറിച്ച്, സ്വാതന്ത്ര്യത്തിലേക്കു പറക്കാനും ഊളിയിട്ടിറങ്ങാനും അവളുടെ ചിറകുകള്‍ക്കു ബലം പകരുന്നവയായിരുന്നു.
സന്യാസ വസ്ത്രവും നിയമങ്ങളും അധികാരികളും ഒക്കെ ഇന്നു സ്വതന്ത്രപൂര്‍ണമായ ജീവിതത്തിനു തടസം എന്നു തോന്നുന്നവര്‍ക്ക്, ധൈര്യമായി മറിയം ത്രേസ്യയുടെ ജീവിതം കണ്ടു പഠിക്കാം. ദൈവത്തിനു സ്വമനസാ സന്പൂര്‍ണ സമര്‍പ്പണം ചെയ്ത മറിയം ത്രേസ്യയ്ക്കു ദൈവഹിതം തിരിച്ചറിയാനും അതു നിറവേറ്റി ജീവിക്കാനും സദാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. നമ്മുടെ മനഃസാക്ഷിയും നിയോഗങ്ങളും ശുദ്ധമെങ്കില്‍ ദൈവം നമ്മുടെ പക്ഷത്തുണ്ടാകും. ദൈവം നമ്മുടെ കൂടെയെങ്കില്‍ ആരു നമുക്ക് എതിരു നില്‍ക്കും?

ദൈവത്തെ സ്നേഹിച്ചു ജീവിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി പരിണമിക്കും. ഈലോക ബഹുമാനം തെല്ലും ആഗ്രഹിക്കാതെ പരലോക ബഹുമാനം മാത്രം തേടി ജീവിച്ച മറിയം ത്രേസ്യയ്ക്ക് ഇന്നു പരലോക ബഹുമാനത്തോടൊപ്പം ഏറ്റവും ഉന്നതമായ ലോകബഹുമാനവും ദൈവം സമ്മാനിച്ചിരിക്കുന്നു.

ജീവിത സഹനങ്ങളെ ക്രൂശിതന്‍റെ സഹനങ്ങളോടു ചേര്‍ത്തുവച്ച, ക്രൂശിതന്‍റെ സഹനങ്ങളെ സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവച്ച, ഒരു സുഗന്ധപുഷ്പം മറിയം ത്രേസ്യ. ആശ്രയബോധത്തോടും വിനയത്തോടും ശിശുസഹജമായ ലാളിത്യത്തോടും കൂടി ഈശോയെ സ്നേഹിച്ചവള്‍. ക്രൂശിതനായ യേശുവിനോടൊത്തുള്ള സഹവാസം ക്ളേശപൂര്‍ണമാണെന്ന് അറിഞ്ഞപ്പോഴും ക്രൂശിതരൂപത്തിനു മുന്പില്‍ ധ്യാനനിമഗ്നയായി നിന്നവള്‍. ക്രിസ്തു സഹിച്ചതുപോലെ അവിടുത്തെ സഹനയാത്രയില്‍ ജീവിതകാലം മുഴുവനും പങ്കുകൊള്ളണമെന്നു തീക്ഷ്ണമായി അവള്‍ ആഗ്രഹിച്ചു. കല്ലും മുള്ളും നിറഞ്ഞ പാതയോരങ്ങളിലൂടെ സഞ്ചരിച്ചാണ് മറിയം ത്രേസ്യ ക്രൂശിതന്‍റെ സ്നേഹത്തില്‍ പങ്കുകൊണ്ടത്. കൊടുങ്കാറ്റില്‍ ആടിയുലയാതെ, പ്രതിസന്ധികളില്‍ തളരാതെ, നാഥന്‍റെ കൂടെയിരുന്ന് ഊര്‍ജം ആര്‍ജിച്ച്, ക്രൂശിതനോടുള്ള സ്നേഹത്തില്‍ അവള്‍ ആഴപ്പെട്ടു. അവന്‍റെ സഹനങ്ങളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് ശരീരത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങി. പാപികളുടെ മാനസാന്തരത്തിന്, രോഗികളുടെ സൗഖ്യത്തിന്, ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന്, കുടുംബങ്ങളുടെ വിശുദ്ധീകരണത്തിന് ക്രൂശിതനോടൊത്ത് അവളും സഹിച്ചു.

മറിയം ത്രേസ്യയുടെ ജീവിതം മുഴുവനും ദൈവത്തിന്‍റെ കരുണയുടെ മുഖമായ ക്രൂശിതനെ തേടിയുള്ളതാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന്‍ എനിക്കിടയാകാതിരിക്കട്ടെയെന്ന് ഹൃദയം കൊണ്ടു പറയുന്ന വിശുദ്ധ പൗലോസ് ശ്ളീഹ, അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നുകൂടി കുറിച്ചിട്ടു (ഗലാ. 6/17). വിശുദ്ധ പൗലോസ് ശ്ളീഹയെപ്പോലെ ക്രൂശിതനോടൊത്തുള്ള സഹനം മറിയം ത്രേസ്യയ്ക്കും ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍ ആയിരുന്നു. അവളുടെ ജീവിതമുദ്ര കുരിശിലേറിയവനെ സ്വന്തമാക്കിയതിന്‍റെ ആത്മസന്തോഷം തന്നെയാണെന്ന് തന്‍റെ ആത്മീയ പിതാവിന് അയച്ച കത്തില്‍നിന്നും വ്യക്തമാണ്.

പിതാവേ, കടല്‍ ഇളകിയാല്‍ എങ്ങനെയാണോ, അതുപോലെയാണ് എന്‍റെ വേദന. ദൈവം എനിക്ക് ഈവിധം തിരുമനസായി. ക്രൂശിതനായ യേശുവിനെ എന്‍റെ ഹൃദയേശ്വരനായി സ്വീകരിച്ചിരിക്കുന്നതിനാല്‍ മനസറിവോടുകൂടി വേദനയെപ്പറ്റി യാതൊരുവിധത്തിലും ഞാന്‍ ആവലാതിപ്പെട്ടിട്ടില്ല'. ദിവ്യകാരുണ്യത്തില്‍ ക്രൂശിതനെയും ക്രൂശിതനില്‍ ദിവ്യകാരുണ്യത്തെയും അവള്‍ ദര്‍ശിച്ചു. ക്രൂശിതന്‍റെ കുരിശിന്‍റെ ഭാരവും തിരുമുറിവുകളുടെ വേദനയും കുറയ്ക്കുവാനായി സ്വന്തം ശരീരത്തില്‍ അവള്‍ പീഡകള്‍ സഹിച്ചിരുന്നു. ക്രൂശിതന്‍റെ സഹനങ്ങളെയോര്‍ത്ത് അവള്‍ പലപ്പോഴും ഹൃദയത്തില്‍ വേദനിച്ചിരുന്നെങ്കിലും, സ്വന്തം സഹനങ്ങളോര്‍ത്ത് അവള്‍ ഒരിക്കലും ദുഃഖിച്ചിട്ടില്ല.

മറിയം ത്രേസ്യ ഇന്നു നമ്മോടു പറയുന്നു, അനുദിന ജീവിതത്തില്‍ നമുക്കുണ്ടാകുന്ന സഹനങ്ങളില്‍ തളരാതെ, കുരിശ് രക്ഷയുടെ ഉപകരണമാണെന്നും സഹനം മഹത്വത്തിന്‍റെ അടയാളമാണെന്നും മനസിലാക്കി, ആത്മനാ ക്രൂശിതനെ സ്നേഹിക്കാനും ദിവ്യകാരുണ്യ സന്നിധിയില്‍ ജീവിതഭാരങ്ങള്‍ ഇറക്കിവയ്ക്കാനും. തൃശൂര്‍: വിശുദ്ധിയുടെ പൊന്‍പ്രഭ പരിലസിക്കുന്ന നാമകരണ ചടങ്ങുകള്‍ക്കായി പത്രോസിന്‍റെ സിംഹാസനാങ്കണം അണിഞ്ഞൊരുങ്ങുമ്പോള്‍ ഒരിക്കല്‍കൂടി മലയാളത്തിന്‍റെ മധുരഗീതം അന്തരീക്ഷത്തില്‍ മുഴങ്ങും. സ്വര്‍ഗീയ വൃന്ദങ്ങളോടും മാലാഖമാരോടും ചേര്‍ന്ന് വിശുദ്ധ മറിയം ത്രേസ്യയെ അവര്‍ വാഴ്ത്തിപ്പാടും.
""ഭാരത സഭതന്‍ പ്രഭയാം കേരള മണ്ണിന്‍ കൃപയാം
പുത്തന്‍ചിറതന്‍ മകളാം മറിയം ത്രേസ്യ, വാഴുക നീ.''
വിശുദ്ധ പ്രഖ്യാപന ചടങ്ങുകളുടെ പ്രാരംഭമായുള്ള പ്രദക്ഷിണസമയത്താണ് മലയാളത്തിന്‍റെ അഭിമാനമായ ഈ ഗാനാലാപനം. 10 വൈദികരും 15 സിസ്ററര്‍മാരും 10 കുട്ടികളും യുവതീ യുവാക്കളും മുതിര്‍ന്നവരുമായി 30 പേരും ഉള്‍പ്പെടെ 65 അംഗ ഗായകസംഘമാണ് കഴിഞ്ഞ രണ്ടരമാസമായുള്ള പരിശീലനത്തിലൂടെ ഈ സ്വര്‍ഗീയ നിമിഷത്തിനായി കാത്തിരിക്കുന്നതെന്നു ക്വയറിന്‍റെ ചുമതലയുള്ള ഫാ. ബിനോജ് മുളവരിക്കലും സഹായി ഡെല്‍റ്റസും പറഞ്ഞു.
""മറിയം ത്രേസ്യ, നീ മറിയത്തിന്‍ ത്രേസ്യ
പ്രാര്‍ത്ഥിക്കണമേ, നിന്‍ മക്കള്‍ക്കായി നിത്യം''

എന്ന കോറസാണ് പാട്ടിന്‍റെ ഹൈലൈറ്റ്. ഇതു സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടുന്ന ആയിരക്കണക്കിനു മലയാളികളുള്‍പ്പെടെ ഏറ്റുപാടും.
"" ക്രൂശിതന്‍റെ സ്നേഹിതേ
മറിയം ത്രേസ്യായേ
തിരുഹൃദയത്തിന്‍ തോഴിയേ
മറിയം ത്രേസ്യായേ''
എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും ആലപിക്കുന്നുണ്ട്. ഇരു ഗാനങ്ങളുടെയും രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. ബിനോജ് മുളവരിക്കലാണ്. സ്കറിയ, എബിന്‍ പള്ളിച്ചന്‍ എന്നിവര്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ യഥാക്രമം കെസ്റററും എം.ജി. ശ്രീകുമാറും ആല്‍ബത്തില്‍ പാടിയിരിക്കുന്നു.
അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിലും ഗാനമൊരുക്കാന്‍ സഹായിയായി അന്നു ബ്രദറായിരുന്ന ബിനോജ് ഉണ്ടായിരുന്നുവെന്നത് ഈ ചരിത്രനിയോഗത്തിനു മറ്റൊരു നിമിത്തമായി.

പുത്തന്‍ചിറ നാട്ടില്‍, ക്രൂശിതനെ ആഴത്തില്‍ ധ്യാനിച്ച തപസ്വിനിയില്‍ ജീവകാരുണ്യത്തിന്‍റെ വിത്തുവീണു. അതു മുളയായി, മരമായി പടര്‍ന്നു പന്തലിച്ച് ഇന്നു ലോകമെങ്ങും ജീവകാരുണ്യത്തിന്‍റെ തൂവല്‍സ്പര്‍ശമായി മാറിക്കൊണ്ടിരിക്കുന്നു.
ത്രേസ്യയില്‍ അന്തര്‍ലീനമായിരുന്ന ദീനാനുകമ്പയും സഹാനുഭൂതിയും ബാല്യകാലത്തുതന്നെ പ്രകടമായിരുന്നു. കരുണയും സ്നേഹവും ചാലിച്ചു ചേര്‍ത്തൊരു ഹൃദയം അതായിരുന്നു കുഞ്ഞു ത്രേസ്യയുടെ ഏറ്റവും വലിയ സമ്പത്ത്. അവളുടെ കരുണ ആദ്യം ഒഴുകിയെത്തിയത് ദൈവത്തിലേക്കാണ്. ക്രൂശിതനായ ഈശോ എന്തുമാത്രം സഹിക്കുന്നു! ആ സഹനങ്ങളെല്ലാം ഏറ്റെടുത്ത് ഞാന്‍ ഈശോയെ സന്തോഷിപ്പിക്കും. അതിനവള്‍ പ്രാര്‍ഥനയുടെയും പ്രായശ്ചിത്തത്തിന്‍റെയും വഴികള്‍ താണ്ടി. ആ അന്വേഷണത്തില്‍ അവള്‍ തിരിച്ചറിഞ്ഞു, ഈശോയുടെ ശബ്ദം! ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത്.
വേദനിക്കുന്നവരില്‍ ക്രൂശിതന്‍റെ മുഖം അവള്‍ ദര്‍ശിച്ചു. ദരിദ്രരേയും വേദനിക്കുന്നവരേയും കാണുമ്പോള്‍, ബാല്യത്തില്‍തന്നെ അവളുടെ ഹൃദയം അനുകമ്പകൊണ്ട് നിറയുമായിരുന്നു. പഠിക്കാനായി കളരി(സ്കൂള്‍)യിലേക്കു പോകുമ്പോള്‍ അമ്മ കൊടുത്തയച്ചിരുന്ന ഭക്ഷണമെല്ലാം അവള്‍ പാവപ്പെട്ട കൂട്ടുകാര്‍ക്കു പങ്കുവച്ചു. ജാതിമതഭേദമില്ലാതെ, സമ്പന്നരെന്നോ, ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, എല്ലാവരേയും അവള്‍ സ്വന്തമായി കണ്ടു. കുടിലിലേക്കും കൊട്ടാരത്തിലേക്കും അവളുടെ കാരുണ്യസ്പര്‍ശം കടന്നുചെന്നു.
ജീവനു വിലകല്പിക്കാതെ, കാരുണ്യവധം, ഭ്രൂണഹത്യ എന്നീ തിന്മകളെ വെള്ള പൂശുന്ന ലോകത്തിനു ചോദ്യചിഹ്നമാണ് വസൂരിനോട്ടക്കാര്‍ ജീവനോടെ കുഴിച്ചുമൂടാന്‍ മാറ്റിയിട്ടവരെ സ്നേഹത്തോടെ പരിചരിച്ച്, അവരുടെ അന്ത്യനിമിഷങ്ങള്‍ ദൈവകര സ്പര്‍ശത്തിന്‍റേതാക്കി മാറ്റിയ ത്രേസ്യ. താന്‍ സ്ഥാപകയായ തിരുകുടുംബ സമൂഹത്തില്‍ 50 അംഗങ്ങളുള്ളപ്പോള്‍ ദരിദ്രമായ ചുറ്റുപാടിലും അവിടെ 10 അനാഥരെക്കൂടി കുടിലുകളിലും തെരുവുകളിലും നിന്നെടുത്ത് അമ്മ സംരക്ഷിച്ചു എന്നതു നമുക്കിന്നും മാതൃകയാണ്. പഞ്ഞമാസങ്ങളില്‍ മഠത്തിന്‍റെ അടുക്കളയില്‍നിന്നു പാവങ്ങള്‍ക്കു ഭക്ഷണം നല്കിയും കോരിച്ചൊരിയുന്ന മഴയില്‍ പണിയില്ലാത്തപ്പോഴും ദിവസക്കൂലി നല്കിയും ചുറ്റുമുള്ള പാവങ്ങളെ സംരക്ഷിച്ചു. പണക്കാരന്‍റെ പെട്ടി പാവപ്പെട്ടവനുവേണ്ടി പലപ്പോഴും ത്രേസ്യ തുറപ്പിച്ചിട്ടുണ്ട്. തന്‍റെ കാരുണ്യപ്രവൃത്തികളില്‍ എല്ലാവരേയും ഉള്‍ക്കൊള്ളിക്കാന്‍ അവള്‍ ആഗ്രഹിച്ചു. മറിയം ത്രേസ്യ മുറിവേറ്റ സൗഖ്യദായകയാണ്. സ്വന്തം വേദനകള്‍ മറന്ന് അപരന്‍റെ വേദനയില്‍ പങ്കുകൊണ്ട് അവരുടെ ജീവിതത്തില്‍ യഥാര്‍ഥ സന്തോഷം ചൊരിയാന്‍ മറിയം ത്രേസ്യ തന്‍റെ ജീവിതം ഉഴിഞ്ഞുവച്ചു.

കേരളമണ്ണില്‍, തന്‍റെ ശുശ്രൂഷാരംഗം മനോഹരമാക്കി, ഒരു സന്യാസിനീസമൂഹത്തിനു രൂപം നല്‍കി ജീവകാരുണ്യത്തിനു കാലോചിതമായ മുഖവും രൂപവും സമ്മാനിച്ച മദര്‍ മറിയം ത്രേസ്യ നമ്മെ ഇന്നും ഉത്തേജിപ്പിക്കുന്നു. മറിയം ത്രേസ്യയുടെ ഹൃദയത്തില്‍ മുളയിട്ട ജീവകാരുണ്യ തൃഷ്ണ ഇന്നു ലോകമെമ്പാടും വൈവിധ്യമാര്‍ന്ന സേവനങ്ങളായി മാറുന്നു. ആതുരാലയങ്ങളിലൂടെ, അനാഥാലയങ്ങളിലൂടെ, കൗണ്‍സലിംഗ് കേന്ദ്രങ്ങളിലൂടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ.

അജപാലന ശുശ്രൂഷാരംഗത്തു ക്രിസ്തുശിഷ്യത്വത്തിനു ലോകം വച്ചുനീട്ടുന്ന അലച്ചിലിന്‍റെയും യാതനയുടെയും കര്‍മഭൂമിയില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ നടത്തിയ ആത്മീയ വിളവെടുപ്പിന്‍റെ സമൃദ്ധി ആരെയും അത്ഭുതപ്പെടുത്തും. അജ്ഞതയും അന്ധവിശ്വാസങ്ങളും ചേര്‍ത്തൊരുക്കിയ ദുഃശ്ശീലങ്ങളുടെ ചതിക്കുഴികളില്‍പെട്ട് നശിച്ചുപോകുന്ന കുടുംബങ്ങളെ ഉദ്ധരിച്ചെടുക്കുവാന്‍ അവര്‍ക്കിടയിലേക്കു പറന്നിറങ്ങിയ ആ മാലാഖയുടെ ചിറകുകള്‍ക്കു കരുത്തു പകര്‍ന്നതു സ്വര്‍ഗീയ ദര്‍ശനങ്ങളും അനുഭവങ്ങളുമാണ്.

പാപത്തിനെതിരേയുള്ള യുദ്ധമായിരുന്നു പാപികളുടെ രക്ഷയ്ക്കുവേണ്ടിയുള്ള മറിയം ത്രേസ്യയുടെ ജീവിതമുറ. പാപികളുടെ മാനസാന്തരത്തിനുവേണ്ടിയുളള പ്രാര്‍ത്ഥനയും, കുമ്പസാരത്തിനും വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുമുള്ള ഒരുക്കലും ഈ യുദ്ധത്തില്‍, പരഹൃദയ ജ്ഞാനിയായ മറിയം ത്രേസ്യക്ക് ദൈവം നല്കിയ പ്രത്യേക ദൗത്യങ്ങളായിരുന്നു. പണമോ പ്രത്യുപകാരമോ പ്രതീക്ഷിക്കാതെ ശാരീരിക മാനസിക രോഗങ്ങളാല്‍ പീഡിതരായവരെ ശുശ്രൂഷിക്കുക മറിയം ത്രേസ്യയുടെ പതിവായിരുന്നു. ഒരു പാപിയെ നല്ല വഴിക്കാക്കുകയും ആരോരുമില്ലാത്തവരേയും ദരിദ്രരേയും സഹായിക്കുകയും ചെയ്യുന്നവര്‍ക്കു ദൈവം തന്‍റെ കൃപകള്‍ സമൃദ്ധമായി വര്‍ഷിക്കുമെന്നു ത്രേസ്യ പലപ്പോഴും പറഞ്ഞിരുന്നു.

ദരിദ്രരെ സംരക്ഷിക്കുക, രോഗികളെ ശുശ്രൂഷിക്കുക, നല്ല മരണത്തിനുവേണ്ടി മരണാസന്നരെ ഒരുക്കുക, പാപികളെ മാനസാന്തരപ്പെടുത്തുക തുടങ്ങി നിത്യരക്ഷയ്ക്കായി എന്തെല്ലാം ശുശ്രൂഷകള്‍ ആവശ്യമുണ്ടോ അതെല്ലാം അവള്‍ ചെയ്തിരുന്നു. ഇടവകാംഗങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ ആത്മാവ് സ്വര്‍ഗപ്രവേശനം ചെയ്യുന്നതുവരെ, ശുദ്ധീകരാത്മാക്കളുടെ ദര്‍ശനം ലഭ്യമായിരുന്ന മറിയം ത്രേസ്യ പരിഹാരങ്ങളനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. മരണവേളയില്‍ തന്‍റെ സാന്നിധ്യവും പ്രാര്‍ത്ഥനയും ലഭിക്കാതെ ഒരു പാപിപോലും നശിക്കരുത് എന്ന തീവ്രമായ ആഗ്രഹം ത്രേസ്യക്കുണ്ടായിരുന്നു.

ദിവ്യകാരുണ്യവും കുരിശിന്‍ചുവടും ഇഷ്ട ഇടങ്ങളായിരുന്ന മറിയം ത്രേസ്യ, മുറിക്കപ്പെടുന്ന അപ്പത്തിലും കുരിശു ചുമക്കുന്ന ദിവ്യനാഥനിലും കണ്ടതു ലോകം മുഴുവനിലെയും, വിശിഷ്യ, സ്വന്തം ഇടവകയിലെയും മുറിവേറ്റ ഹൃദയങ്ങളെയാണ്. തന്‍റെ തനിമയാര്‍ന്ന ദൗത്യത്തെക്കുറിച്ച് ബോധ്യം ലഭിച്ചപ്പോള്‍ മുതല്‍ ഏതു ഭവനത്തിലും പ്രശ്നമോ രോഗമോ ഉണ്ടെന്നറിഞ്ഞാല്‍ മറ്റെല്ലാം മാറ്റിവച്ച് സ്വന്തം വീട്ടുകാരുടെ എതിര്‍പ്പിനെയും മറികടന്ന് ആ വീടുകളില്‍ പോയി പ്രാര്‍ത്ഥിക്കുകയും പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.
തിരുസഭയുടെ ഹൃദയഭാഗത്തു പ്രതിഷ്ഠിതരായ സമര്‍പ്പിതര്‍ സഭാഗാത്രത്തിന്‍റെ ചെറുപതിപ്പാണ്.
സമര്‍പ്പിതയുടെ അജപാലനശുശ്രൂഷ പ്രസക്തമാകുന്നതു ജനത്തിന്‍റെ കണ്ണുനീര്‍ കോരിയെടുത്ത് ആശ്വസിപ്പിക്കാന്‍ അവര്‍ക്കു കഴിയുമ്പോഴാണ്. പുത്തന്‍ചിറ ഇടവകയുടെ സ്വത്തായിരുന്ന, പരിധികളില്ലാതെ അജപാലന ദൗത്യം നിറവേറ്റിയിരുന്ന മറിയം ത്രേസ്യയുടെ ഇടവകശുശ്രൂഷയുടെ പ്രസക്തി ഇവിടെ വ്യക്തമാകുന്നു. ഇടവകവികാരിയായ ധന്യന്‍ ജോസഫ് വിതയത്തില്‍ പിതാവിന്‍റെ സഹകരണത്തോടെ അമ്മ ഇടവകയുടെ അജപാലനരംഗത്തു കെടാവിളക്കായി മാറി. ഇടവകശുശ്രൂഷയ്ക്കായി തനതായ വഴികള്‍ കണ്ടെത്തിയ മറിയം ത്രേസ്യ, ഈ യുഗത്തിലെ സന്യസ്തര്‍ക്കു മാതൃകാജീവിതം നയിക്കുന്നതിനുള്ള മാര്‍ഗദര്‍ശിയാണ്.

കാലഘട്ടത്തിന്‍റെ അതിര്‍വരമ്പുകളെ അതിലംഘിച്ച് പ്രവര്‍ത്തനവേദിയായി കുടുംബങ്ങളെ തെരഞ്ഞെടുത്തവളാണ് മറിയം ത്രേസ്യ. കുടുംബങ്ങള്‍ കയറിയിറങ്ങിയ ത്രേസ്യ യാഥാര്‍ത്ഥ്യങ്ങള്‍ നേരില്‍ കണ്ടു; അജ്ഞതയുടെ അന്ധകാരത്തില്‍ ഉഴലുന്നവര്‍, അന്ധവിശ്വാസത്തിന്‍റെയും അനാചാരങ്ങളുടെയും കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്നവര്‍, തൊഴിലില്ലായ്മയാല്‍ സാമ്പത്തിക ഭദ്രത എന്തെന്നറിയാത്ത കുടുംബങ്ങള്‍. കുടുംബത്തെ പടുത്തുയര്‍ത്തുന്നതിലും മക്കളെ വളര്‍ത്തുന്നതിലും കുടുംബത്തിലെ സ്ത്രീയുടെ പങ്ക് അവള്‍ തിരിച്ചറിഞ്ഞു. മകള്‍, ജീവിത പങ്കാളി, അമ്മ എന്നീ ത്രിതല സാന്നിധ്യം കുടുംബത്തിനു കെടാവിളക്കാകണം അതിന് സ്ത്രീ വിദ്യാഭ്യാസം കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും പുരോഗതിക്ക് അനിവാര്യമാണെന്നു മറിയം ത്രേസ്യ മനസിലാക്കി.

1914ല്‍ തിരുകുടുംബം (ഹോളി ഫാമിലി) എന്ന പേരില്‍ സന്യാസിനീസമൂഹത്തിനു ജന്മംകൊടുത്ത അമ്മ കഴിയുംവേഗംതന്നെ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുവാന്‍ ആരംഭിച്ചു. അമ്മയുടെ ആഗ്രഹത്തോടു വിതയത്തില്‍ പിതാവിന്‍റെ ജ്ഞാനവും കര്‍മവും ഒത്തുചേര്‍ന്നപ്പോള്‍ ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാന്ദികുറിച്ചുകൊണ്ട് 1915 ജൂണ്‍ ഒന്നിനു ഹോളിഫാമിലി എല്‍പി സ്കൂള്‍ പുത്തന്‍ചിറ മഠത്തിനോടു ചേര്‍ന്നു സ്ഥാപിതമായി. തുടര്‍ന്നു സന്യാസിനീസമൂഹത്തിന്‍റെ പുരോഗതിക്കും വികസനത്തിനുമൊപ്പം പല വിദ്യാലയങ്ങളും ഉടലെടുത്തു.

ഇംഗ്ളീഷ് ഭാഷാപഠനത്തിന്‍റെ പ്രാധാന്യം മനസിലാക്കിയ അമ്മ തന്‍റെ കൊച്ചു സിസ്റേറഴ്സിനായി തൃശൂരില്‍ ഒരു വീട് വാടകയ്ക്കെടുത്തു ബോര്‍ഡിംഗ് ഹൗസാക്കി. ആംഗ്ളോ ഇന്ത്യന്‍ അധ്യാപികമാരെ കൊണ്ടുവന്നു. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍നിന്നും അഭ്യസ്തവിദ്യരായ യുവതികളെ അധ്യാപകരായി നിയമിച്ചു. സ്ത്രീകള്‍ക്കും ഉന്നത വിദ്യാഭ്യാസം നല്‍കേണ്ടതാണെന്ന വലിയ ദര്‍ശനമാണ് ഈ ആഗ്രഹത്തിനു പിന്നില്‍.

1964 ല്‍ ഇരിങ്ങാലക്കുടയില്‍ സ്ഥാപിതമായ സെന്‍റ് ജോസഫ്സ് കോളജ് അമ്മയുടെ ഉന്നതമായ വിദ്യാഭ്യാസ ദര്‍ശനത്തിന്‍റെ സാക്ഷാത്കാരമാണ്. അമേരിക്കയില്‍ വിവിധ വിഷയങ്ങളില്‍ ഉപരിപഠനം നടത്തി അമ്മയുടെ മക്കളെത്തി, ഉന്നതമായ ആ കലാലയത്തിന് അടിത്തറ പാകുവാന്‍. ''''വിദ്യാര്‍ത്ഥിയിലൂടെ കുടുംബത്തിലേക്ക്'''' എന്ന നൂതന വീക്ഷണത്തിലൂടെ കുടുംബത്തെയും കുടുംബാംഗങ്ങളെയും മനസിലാക്കി, പ്രശ്നങ്ങള്‍ ആവുംവിധം പരിഹരിക്കാന്‍ സഹായിച്ച്, ജീവിതപുരോഗതിയിലേക്കും കുടുംബഭദ്രതയിലേക്കും ഉയര്‍ത്തി ഈശ്വരവിശ്വാസം ആഴപ്പെടുത്തി. ഹോളിഫാമിലി സന്യാസിനീസമൂഹത്തിന്‍റെ എല്ലാ പ്രേഷിത മേഖലകളിലൂടെയും അമ്മയുടെ ഉദാത്ത ദര്‍ശനം ഇന്നും സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
- dated 11 Oct 2019


Comments:
Keywords: Europe - Otta Nottathil - mariam_thresia_cannonization Europe - Otta Nottathil - mariam_thresia_cannonization,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13820207youth
ആഗോള യുവത്വത്തില്‍ നാലിലൊന്നും കോവിഡിനെതിരായ പോരാട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
12820203covid
രണ്ടു കോടിയും കടന്ന് കോവിഡ് കണക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
12820205vaccine
റഷ്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ ഓര്‍ഡര്‍ ചെയ്തത് 20 രാജ്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820206vaccine
കൊറോണയ്ക്കെതിരേ റഷ്യന്‍ വാക്സിന്‍ തയാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820205car
പാരിസില്‍ 2030 മുതല്‍ പെട്രോള്‍ കാറുകള്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
11820204italy
സ്ത്രീകളെ തൊഴിലിടങ്ങളിലെത്തിക്കാന്‍ ഹൗസ് വൈഫ് ബോണസുമായി ഇറ്റലി
തുടര്‍ന്നു വായിക്കുക
11820203swiss
നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുക്കുന്നു: സ്വിസ് നേതാവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us