Advertisements
|
പാവം മുഖ്യന് ഉമ്മന്‍ ചാണ്ടി .. . ഇത്രയും ക്രൂരത വേണ്ടായിരുന്നു ; ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല !!
സെമിഫൈനലില്‍ ഹാട്രിക്ക് നേടി ടീം ഭേദമന്യേ എല്ലാവരുടേയും കണ്ണിലുണ്ണിയായ ഒരു കളിക്കാരനെ ഫൈനലില്‍ കളിപ്പിക്കാതിരിക്കാന്‍ ഒരു കാരണമേയുള്ളൂ. അയാളെങ്ങാനും ഫൈനലിലും ഷൈന്‍ ചെയ്താല്‍ പിന്നെ തങ്ങള്‍ക്ക് യാതൊരു വിലയുമുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും അതിബുദ്ധി. ടീം തോറ്റാലും സാരമില്ല, തിളങ്ങാന്‍ സാധ്യതയുള്ളവനെ കളത്തിലിറങ്ങാന്‍ അനുവദിക്കാതിരിക്കുക എന്ന തന്ത്രം. അവസാനം ആരാധകരെ സമാധാനിപ്പിക്കാന്‍ 'ടീം മാനേജര്‍ സമ്മതിച്ചില്ലെങ്കില്‍ എന്തു ചെയ്യും' എന്ന ഭാവത്തില്‍ നില്ക്കുക. തങ്ങളുടെ അടുപ്പക്കാരെക്കൊണ്ട് അത് പ്രചരിപ്പിക്കുക. കേരളത്തില്‍ ഇന്നലെ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗങ്ങളാവേണ്ട കോണ്‍ഗ്രസുകാരുടെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും കൂടി കളിച്ച നാടകം ഏറ്റവും തരം താഴ്ന്നത് ആയിപ്പോയി. വി.ഡി. സതീശനേയും കെ. മുരളീധരനേയും ഒഴിവാക്കി മന്ത്രിമാരുടെ ലിസ്ററ് പ്രഖ്യാപിച്ചതോടെ കേരളം വൈകിപ്പോയാല്‍ 2016 ല്‍ (ചിലപ്പോള്‍ അതിനു മുന്‍പും) നടക്കേണ്ട ഒരു തെരഞ്ഞെടുപ്പിലേയ്ക്ക് ഇടതുപക്ഷത്തിന് വഴിയൊരുക്കുക എന്ന ചുമതല ഏറ്റെടുത്തിരിക്കുകയാണെന്ന് വ്യക്തമായി.
കേരളത്തിലെ ജനം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഒരു പ്രതിപക്ഷത്തിന്റെ ശബ്ദം കേട്ടത് വി.ഡി. സതീശന്റെ നാവിലൂടെയാണ്. അന്യസംസ്ഥാന ലോട്ടറി പ്രശ്നം ഉള്‍പ്പെടെ ഇടതുപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിരവധി വിഷയങ്ങള്‍ക്കാണ് സതീശന്റെ വാക്കുകളും പ്രവര്‍ത്തികളും കരുത്തുപകര്‍ന്നത്. ചാനല്‍ ചര്‍ച്ചകളില്‍ കേരളത്തില്‍ ഒരു പ്രതിപക്ഷം ഉണ്ടെന്ന് പൊതുജനത്തിന് തോന്നിയത് സതീശനിലൂടെയാണ്. മന്ത്രി തോമസ് ഐസക്കുമായുള്ള സംവാദം നടത്തുവാന്‍ സതീശനല്ലാതെ മറ്റൊരു കോണ്‍ഗ്രസ് നേതാവ് പോയിരുന്നങ്കിലുള്ള അവസ്ഥ എന്താവുമായിരുന്നു. ഒരു പ്രസ്താവന നടത്തിയാല്‍ ഏതെങ്കിലും പത്രത്തിന്റെ മുന്‍പേജില്‍ വരാനുള്ള ഗൗരവം പോലും നല്കാനാവാത്ത ഉമ്മന്‍ ചാണ്ടിയും എല്ലാ ഇന്റര്‍വ്യൂകളും, പത്രസമ്മേളനങ്ങളും 'ഞാന്‍, ഞാന്‍.....' എന്ന് ശബ്ദമുയര്‍ത്തി പറയാന്‍ ശ്രമിക്കുന്ന രമേശിന്റെ ദയനീയ സ്വരവും ജനങ്ങള്‍ മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും മടുത്തിരിക്കുന്നു. അതാണ് വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ജനങ്ങള്‍ സതീശനെപ്പോലെയുള്ള ഒരു നേതാവിനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇഷ്ടപ്പെടുന്നത്.
ദുര്‍ബലയായ എതിര് സ്ഥാനാര്‍ത്ഥി മത്സരിച്ച പുതുപ്പള്ളിയോ, സി.പി.എം വാശിയ്ക്ക് പിടിച്ചെടുത്ത് വിജയിച്ച് ഇത്തവണ ദുരൂഹമായ സാഹചര്യത്തില്‍ (ആലപ്പുഴ തോമസ് ഐസക്ക്, അമ്പലപ്പുഴ ജി. സുധാകരന് മണ്ഡലങ്ങളിലെ ഭൂരിപക്ഷം ശ്രദ്ധേയമാണ്) സി.പി.ഐയ്-ക്ക് വിട്ടുകൊടുത്ത ഹരിപ്പാടോ അല്ല സതീശന് വിജയിച്ച പറവൂര്‍. രാഷ്ട്രീയമായി ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ഏറെ ശക്തിയുള്ള മണ്ഡലം. കേരളത്തിലെ ഏറ്റവും സ്വീകാര്യതയുള്ള ഇടതുപക്ഷ നേതാവ് പന്ന്യന്‍ രവീന്ദ്രന്. ഇതെല്ലാം മറികടന്നാണ് സതീശന് പതിനായിരത്തിലേറെ വരുന്ന ഭൂരിപക്ഷമുള്ള തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വളരെ നന്നായി ഹോം വര്‍ക്ക് ചെയ്ത് വിഷയങ്ങള്‍ പഠിച്ച് നിയമസഭയ്ക്കുള്ളിലും പുറത്തും ചാനല്‍ ചര്‍ച്ചകളിലും എല്ലാം പ്രതിപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദം മുഴക്കിയ സതീശനെ ഒഴിവാക്കി ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഒരുങ്ങുന്നതോടെ അദ്ദേഹം സ്വയം പരിഹാസ്യനായി തീരുകയാണ്. വിജയം നേടി തന്നെ യോദ്ധാവിനെ പടയാളിയായി തന്നെ നിലനിര്‍ത്തി, ഇടയ്ക്കുനിന്നും വലിഞ്ഞുവന്ന കുറേയാളുകളെ മേധാവികളാക്കുന്നത് സൈന്യത്തെ ശക്തിപ്പെടുത്തുമോ അതോ ദുര്‍ബലമാക്കുമോ?
കേരളത്തിലെ ഏറ്റവും ജനപ്രിയനായ എം.എല്‍.എ തൃപ്പൂണിത്തുറയിലെ കെ. ബാബു ആയിരിക്കാം. ഇത്തവണ മണ്ഡല പുനര്‍നിര്‍ണ്ണയത്തോടെ ഇടതിനോട് കൂടുതല്‍ രാഷ്ട്രീയമായി ചായ്വുള്ള മണ്ഡലം. അഞ്ചാം തവണയും അദ്ദേഹം കെ.ബാബു തെരഞ്ഞെടുക്കപ്പെടുന്നത് ഇടതുകോട്ടയില്‍ നിന്നു തന്നെ. എം.ഐ ഷാനവാസ് എം.പിയാണ് ചാനല്‍ ചര്‍ച്ചകളില്‍ ഏറ്റവുമധികം തിളങ്ങി നിന്നിരുന്ന നേതാവ്. ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കാന്‍ മാത്രമല്ല, രാഷ്ട്രീയ ചരിത്രവും കണക്കുകളുമെല്ലാം വളരെ വിശദമായി തന്നെ അവതരിപ്പിക്കുവാന്‍ കഴിവുള്ള നേതാവ്. ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ എന്നും പിടിച്ചുനിര്‍ത്തിയിരുന്ന മറ്റൊരു നേതാവുണ്ടായിരുന്നില്ല. കാര്യങ്ങള്‍ വിശദമായി പഠിച്ച് സഭയിലും മറ്റും അവതരിപ്പിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഏറ്റവുമധികം കഴിവുള്ള നേതാവ് പി.സി.ചാക്കോ എം.പിയാണ്. രാഷ്ടീയത്തിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിലും തെറ്റൊന്നുമില്ല. എന്നാല്‍ കെ.ബാബു എം.എല്‍.എയെയും എം.ഐ. ഷാനവാസ് എം.പിയെയും പി.സി.ചാക്കോ എം.പിയെയും സമന്വയിപ്പിച്ച ഒരേയൊരു നേതാവേ കേരള രാഷ്ട്രീയത്തില്‍ നിലവിലുള്ളൂ. അത് വി.ഡി. സതീശനാണ്. വി.ഡി. സതീശന് എം.എല്‍.എ കേരള സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക്- മുഴുവന്‍ പ്രിയങ്കരനാവുന്നത്. ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മന്ത്രിസഭയില്‍ നിന്നും സതീശനെ ഒഴിവാക്കിയാലും ജനങ്ങളുടെ മനസ്സില്‍ നിന്നും മാറ്റാനാകുമോ?
വി.ഡി. സതീശന് മന്ത്രിസ്ഥാനം നല്‍കാതെ ഒരു പക്ഷേ സ്പീക്കര്‍ ആക്കുമായിരിക്കും. കാരണം പ്രവര്‍ത്തിച്ച് തിളങ്ങാനാവില്ലല്ലോ. സതീശനെങ്ങാനും തിളങ്ങിയാല്‍ അതിന്റെ ക്ഷീണം തനിക്കാണെന്ന് കൃത്യമായി അറിയാവുന്ന രമേശ് ചെന്നിത്തലയുടെ ആവശ്യമാകും സതീശനെ മന്ത്രിസ്ഥാനത്ത് നിന്നും അകറ്റി നിര്‍ത്തുക എന്നത്. ഒപ്പം കെ. മുരളീധരനെയും. ഉപജാപ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രയോക്താവായ ഉമ്മന്‍ ചാണ്ടി, രമേശിന്റെ ഈ ആവശ്യത്തിന് കൂട്ടുനില്ക്കുക മാത്രമാകും ചെയ്തത്. പക്ഷേ മന്ത്രിസഭയ്ക്ക് നേതൃത്വം നല്കുന്ന വ്യക്തി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കാണ് ഇതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം. രമേശ് മന്ത്രിയായാല്‍ ആഭ്യന്തര വകുപ്പ് പോലും നല്കാന് തയ്യാറായ ഉമ്മന്‍ ചാണ്ടി, അര്‍ഹതപ്പെട്ട പലരേയും ഒഴിവാക്കേണ്ടി വന്നുവെന്ന് വിലപിക്കുന്നത് കണ്ടു. ഒരു പത്രപ്രവര്ത്തകന് ചോദിച്ചതു പോലെ അനര്‍ഹരായവര്‍ കടന്നുകൂടിയെന്ന അര്‍ത്ഥത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ ആ പ്രസ്-താവന.
സി.എന്‍. ബാലകൃഷ്ണനേയും, വി.എസ് ശിവകുമാറിനേയും ഉള്‍പ്പെടുത്തിയത് വി.ഡി. സതീശനേയും കെ.മുരളീധരനേയും ഒഴിവാക്കിയാണെന്നത് എന്തു ന്യായത്തിന്റെ പേരിലാണ്. വി.എസ്. ശിവകുമാര്‍ ഇന്നും തിരുവനന്തപുരം ജില്ലാ നേതാവ് എന്നതിലും വളര്‍ന്നിട്ടില്ലെന്ന് ആര്‍ക്കാണ് അറിയാവുന്നത്. സി.എന്‍ ബാലകൃഷ്ണന് വളരെക്കാലം കയ്യടക്കി വച്ചിരുന്ന തൃശൂര്‍ ജില്ലയിലാവട്ടെ പാര്‍ട്ടി ഇത്രയും മെലിഞ്ഞു പോയ ഒരു തെരഞ്ഞെടുപ്പ് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. ഒപ്പം കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള വടക്കാഞ്ചേരിയില്‍ നിന്നും നിറംമങ്ങിയ സ്വന്തം വിജയവും.(പക്ഷെ കോണ്‍സ്രിന് ജില്ലയില്‍ സ്വന്തമായി ഒരു കെട്ടിടം നിര്‍മ്മിച്ചത് ഇദ്ദേഹത്തിന്റെ കഴിവുകൊണ്ടാണെന്ന് മറന്നുകളയരുത്)
എന്തുകൊണ്ടാണ്- ജനം ഇത്തവണ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിയ്ക്ക് നാല് സീറ്റിന്റെ ഭൂരിപക്ഷം നല്‍കിയത് എന്നു കൂടി ഈ നേതാക്കള്‍ ചിന്തിക്കുന്നത് നന്നായിരിക്കും. ഘടകകക്ഷികളില്‍ സ്വന്തമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള മുസ്ളിം ലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിവരെ നോക്കിയാല്‍ ലീഗ് സംഘടനാപരമായ എല്ലാ തെറ്റുകളും തിരുത്തി എക്കാലത്തെയും മികച്ച ജയം സ്വന്തമാക്കി. കേരളാ കോണ്‍ഗ്രസും മോശമെന്ന് പറയാനാവാത്ത ജയം നേടി. പരാജയം നേരിട്ട തിരുവല്ല, ഏറ്റുമാനൂര്‍ മണ്ഡലങ്ങളില്‍ ജയിച്ച സ്ഥാനാര്‍ത്ഥികള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളേക്കാള്‍ മികച്ചതായിരുന്നു എന്നതിന് തര്‍ക്കവുമില്ല. ഉമ്മന്‍ ചാണ്ടിയും രമേശും നേതൃത്വം നല്കിയ കോണ്‍ഗ്രസോ ? ഭരണമുന്നണിയ്ക്ക് നേതൃത്വം നല്കുന്ന പാര്‍ട്ടി പ്രതിപക്ഷമുന്നണിയിലെ പ്രധാന പാര്‍ട്ടിയേക്കാള്‍ താഴെ സീറ്റുമായി നില്ക്കുന്നു. നാല് സീറ്റിന്റെ എങ്കിലും ഭൂരിപക്ഷം ഈ മുന്നണിയ്ക്ക് ലഭിക്കാന്‍ സതീശന് നടത്തിയ പോരാട്ടങ്ങള്‍ എത്രമാത്രം സഹായിച്ചുവെന്ന് നേതാക്കള്‍ സ്വയം മനസ്സിലാക്കട്ടെ. കെ.മുരളീധരന് പാര്‍ട്ടിയിലേയ്ക്ക് വന്നതല്ലേ ഉള്ളൂ അതിനു മുന്‍പ് മന്ത്രിയാക്കണമോ എന്നു ചോദിക്കുന്നവരും കാണും. എന്നാല്‍ മുരളി വന്നാല്‍ ഭീഷണിയാകും എന്നു കരുതി രണ്ടു വര്‍ഷക്കാലം തടയിട്ടത് ആരാണ് ?
പണ്ടൊക്കെ കെ.എസ്യു, യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഭാരവാഹികളാവുന്നതിന് വേണ്ട യോഗ്യതയായിരുന്നു സ്വയം കഴിവില്ലാത്തവര്‍ എന്നു നേതാക്കള്‍ക്ക് മുന്നില്‍ തെളിയിക്കുക എന്നത്. തങ്ങള്‍ക്ക് ഭീഷണിയാവാത്തവര്‍ക്ക് പദവികള്‍ നല്കി ഇത്രയും കാലം സംരക്ഷിച്ചതുകൊണ്ട് സംസ്ഥാനത്ത് വിരലില്‍ എണ്ണാവുന്ന യുവജന നേതാക്കളല്ലേ ഒരു എം.എല്‍.എ, എം.പി സ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കാന്‍ പോലും നിലവാരമുള്ളവര്‍ ആയിട്ടുള്ളൂ. ഇപ്പോള്‍ ആകട്ടെ മന്ത്രിമാര്‍ ആകുന്നതിന് കൂടി മിടുക്കരല്ലെന്ന്- തെളിയിക്കണം എന്ന അവസ്ഥ വന്നിരിക്കുന്നു ? പുതിയ തലമുറയെ മുന്നോട്ടു കൊണ്ടുവരുന്നതിനും പാര്‍ട്ടിയ്ക്ക്- ഒരു മികച്ച മുഖം നല്‍കുന്നതിനും ഇനിയും ഉമ്മന്‍ ചാണ്ടി എന്തിന് ഭയക്കുന്നു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മകനും ദുബായില്‍ ബിസിനസ് നടത്തുന്ന മകളും ചേര്‍ന്ന് കേരളത്തില്‍ ശ്രദ്ധകിട്ടുന്നതിന് വേണ്ടി 'നാടകം' തെരുവിലൂടെ നടത്തിയപ്പോള്‍, ഇത് നടത്തേണ്ടത് സംസ്ഥാന കമ്മറ്റിയാണ് അല്ലാതെ നിങ്ങളല്ല എന്നു പറഞ്ഞ് വിലക്കിയുമില്ലല്ലോ ? സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ വയലാര്‍ജി പറഞ്ഞതുപോലെ 'ഞങ്ങളുടേത് രാഷ്ട്രീയ കുടുംബമാണ്. എന്റെ മകള്‍ക്ക് മത്സരിക്കാം' എന്നാകും. അല്ലാതെ സതീശനെയും മുരളീധരനെയും പോലെ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചവര്‍ വരുമ്പോള്‍ കുറ്റകരമായ മൗനം പാലിക്കും. ഇതാണ്- പാര്‍ട്ടിയോടും ജനത്തിനോടും ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന. ജനകീയതയെന്ന ഗുണം അലങ്കാരമാവുമ്പോഴും കഴിവുള്ളവരെ ഒതുക്കുക എന്ന ഈ ക്രൂരമായ വഞ്ചനയ്ക്ക്- ചരിത്രം ഒരിയ്ക്കലും മാപ്പ് നല്‍കില്ല.
വാല്‍ക്കഷണം : സി.എന്‍. ബാലകൃഷ്ണന് സീനിയറാണ് എന്നു ന്യായം പറയുന്നവരോട് ഒരു ചോദ്യം. കോണ്‍ഗ്രസ് പുതുപ്പള്ളി ബ്ളോക്ക് പ്രസിഡന്റ് പങ്കജാക്ഷനും സീനിയര്‍ നേതാവാണ്. ഉമ്മന്‍ ചാണ്ടി മത്സരരംഗത്ത് നിന്നും മാറുമ്പോള്‍ പങ്കജാക്ഷന് അവിടെ മത്സരിക്കാനുള്ള അവസരം നല്‍കുമോ. അന്ന് ജാതി പറഞ്ഞ് അത് ശരിയാവില്ലെന്ന് വന്നാല്‍ ഓര്ത്തഡോക്സുകാരന് എന്ന പഴികേട്ട് പെരുമ്പാവൂരില്‍ അടിയറവ് പറയേണ്ടി വന്ന ജയ്സണ്‍ ജോസഫിനെ പരിഗണിക്കുമോ?
ഒരു കോണ്‍ഗ്രസ് അനുഭാവി
|
|
- dated 22 May 2011
|
|
Comments:
Keywords: India - Samakaalikam - pavammukhyan India - Samakaalikam - pavammukhyan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|