Today: 20 Feb 2020 GMT   Tell Your Friend
Advertisements
ദശാബ്ദിയുടെ നിറവില്‍ യുക്മയെ നയിക്കാനുള്ള ചരിത്ര നിയോഗവുമായി നവനേതൃത്വം കര്‍മ്മപഥത്തില്‍
Photo #1 - U.K. - Otta Nottathil - uukma_new_national_obs
ലണ്ടന്‍:യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ പുതിയ ദേശീയ സാരഥികള്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. 2021 ജനുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നെത്തി, ഒരു സംഘനിര രൂപപ്പെടുത്തി രണ്ടു വര്‍ഷക്കാലം ദേശീയ തലത്തില്‍ സംഘടനയെ മുന്നോട്ടു നയിക്കുകയെന്ന ശ്രമകരവും, ഒപ്പം ഏറെ അഭിമാനകരവുമായ ചുമതലയാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്.

ലോക പ്രവാസി മലയാളികളുടെ ഭൂപടത്തില്‍ യുക്മയുടെ സ്ഥാനം അതുല്യമാണ്. മറ്റു പല രാജ്യങ്ങളിലും പ്രവാസി ദേശീയ പ്രസ്ഥാനങ്ങള്‍ മലയാളികള്‍ക്ക് ഒന്നിലേറെ ഉള്ളപ്പോള്‍, യു കെ യില്‍ യുക്മ എന്ന ഒരേ ഒരു ദേശീയ പ്രസ്ഥാനം മാത്രമാണ് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായി നിലകൊള്ളുന്നത്. ഇത് യുക്മയുടെ പ്രസക്തി വാനോളമുയര്‍ത്തുമ്പോള്‍, പുത്തന്‍ ദേശീയ നേതൃത്വം ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും ഗൗരവവും വര്‍ദ്ധിക്കുന്നു. പുത്തന്‍ കര്‍മ്മപഥത്തില്‍ പരിണിതപ്രജ്ഞര്‍ ആയ നവ നേതൃനിരയെ നമുക്കൊന്ന് പരിചയപ്പെടാം.

പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള

യുക്മ സൗത്ത് ഈസ്ററ് റീജിയണിലെ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയില്‍നിന്നുള്ള ശ്രീ മനോജ്കുമാര്‍ പിള്ളയാണ് പുതിയ ദേശീയ പ്രസിഡന്റ്. യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്ററ് സൗത്ത് വെസ്ററ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറി എന്നനിലയിലാണ് മനോജ്കുമാര്‍ യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. 2015 ല്‍ സൗത്ത് ഈസ്ററ് റീജിയണല്‍ പ്രസിഡന്റായും, 2017 ല്‍ യുക്മ സാംസ്ക്കാരികവേദി ദേശീയ ജനറല്‍ കണ്‍വീനര്‍ ആയും മനോജ്കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യാതൊരു ഭാരവാഹിത്തവും ഇല്ലാത്തപ്പോഴും ഒരു യുക്മ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എവിടെയും ഓടിയെത്തുന്ന ആകര്‍ഷകമായ പ്രവര്‍ത്തനരീതി തന്നെയാണ് ദേശീയ പ്രസിഡന്റ് പദത്തിന് മനോജ്കുമാറിനെ അര്‍ഹനാക്കിയ പ്രഥമ യോഗ്യതയെന്ന് നിസ്സംശയം പറയാന്‍ കഴിയും.

യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് നിലവില്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) പ്രസിഡന്റാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്ററിലെ ഏറ്റവും വലിയ ഭാരതീയ സാംസ്ക്കാരിക പരിപാടിയായ "ഡോര്‍സെറ്റ് ഇന്ത്യന്‍ മേള"യുടെ മുഖ്യസംഘാടകനാണ് മനോജ്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ളബിന്റെ ചെയര്‍മാന്‍ എന്ന നിലയിലും മനോജ് പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്ററ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മനോജ്കുമാര്‍ പിള്ളയുടെ ചടുലതയാര്‍ന്ന നേതൃപാടവം യുക്മയെ പുത്തന്‍ തലങ്ങളിലേക്ക് എത്തിക്കുമെന്നതില്‍ സംശയം വേണ്ട.

ജനറല്‍ സെക്രട്ടറി: അലക്സ് വര്‍ഗ്ഗീസ്

യുക്മയുടെ സ്ഥാപന കാലഘട്ടം മുതല്‍ ഏറ്റവും കൂടുതല്‍ തവണ ദേശീയ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പുതിയ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്. യുക്മ നാഷണല്‍ കമ്മറ്റി അംഗം, യുക്മ പി ആര്‍ ഒ, ദേശീയ ജോയിന്റ് ട്രഷറര്‍, ദേശീയ ജോയിന്റ് സെക്രട്ടറി, യുക്മന്യൂസ് അസോസിയേറ്റ് എഡിറ്റര്‍, ദേശീയ ട്രഷറര്‍ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങള്‍ സംഘടനക്ക് വേണ്ടി നിര്‍വഹിച്ചിട്ടുള്ള അലക്സ് വിനയവും സൗമ്യതയും കൈമുതലാക്കിയ നേതാവാണ്. ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്.

നിലവില്‍ മാഞ്ചസ്ററര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം എം സി എ) പ്രസിഡന്റ് കൂടിയായ അലക്സ്, മാഞ്ചസ്ററര്‍ സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്ററിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അലക്സിന്റെ സംഘാടകപാടവത്തിന്റെ മകുടോദ്ദാഹരണമാണ് കഴിഞ്ഞ ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്ററര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കുടുംബ സംഗമം. മാഞ്ചസ്റററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്. കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ട്രഷറര്‍ അനീഷ് ജോണ്‍

യുക്മ നാഷണല്‍ കമ്മറ്റി അംഗം, യുക്മ പി ആര്‍ ഒ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് അനീഷ് ജോണ്‍ യുക്മ ദേശീയ ട്രഷറര്‍ പദത്തിലേക്കെത്തുന്നത്. ലെസ്ററര്‍ കേരളാ കമ്മ്യൂണിറ്റിയുടെ വിവിധ ഭാരവാഹിത്വങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുള്ള അനീഷ് യു കെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ ഒരു അനുഗ്രഹീത ഗായകന്‍ കൂടിയാണ്.

കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന അനീഷ് റാന്നി സെന്റ് തോമസ് കോളേജ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, ഇന്റര്‍ സോണല്‍ കലോത്സവം സംഘാടകന്‍ എന്നീ നിലകളില്‍ മികവ് തെളിയിച്ച വ്യക്തിയാണ്. ചിരിച്ചുകൊണ്ട് മാത്രം ആരുമായും ഇടപഴകുന്ന അനീഷ് യുക്മയില്‍ കൂടുതല്‍ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരില്‍ ഒരാളാണ്.

വൈസ് പ്രസിഡന്റ് എബി സെബാസ്ററ്യന്‍

യുക്മയുടെ പ്രശസ്തി വാനോളുമുയര്‍ത്തിയ "കേരളാ പൂരം" വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ എന്നതിലൂടെ മാത്രം നമുക്ക് നിസ്സംശയം പറയാനാവും എബി സെബാസ്ററ്യന്‍ എന്ന വ്യക്തിയുടെ സംഘാടകമികവിന് തുല്യംവക്കാന്‍ മറ്റൊരു പേരില്ല എന്ന്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യുക്മയുടെ സന്തതസഹചാരിയായ എബി യുക്മയുടെ പ്രഥമ കലാമേള മുതലാണ് സംഘടനയിലെ സജീവസാന്നിധ്യമാകുന്നത്. അസാധ്യമെന്ന് പലരും കരുതിയിരുന്ന യുക്മ ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് ശക്തമായ പിന്തുണയും മാര്‍ഗനിദേശങ്ങളും നല്‍കി പിന്നണിയില്‍നിന്ന് സംഘടനക്ക് ആത്മവിശ്വാസം പകര്‍ന്നത് എബിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതൃപാടവം തന്നെയായിരുന്നു.

എബി സെബാസ്ററ്യന്‍ സജീവമല്ലാതിരുന്ന ഒറ്റൊരു ദേശീയ കലാമേള പോലും യുക്മയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. എബി ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന "ഡെയ്ലി മലയാളം" ഓണ്‍ലൈന്‍ പോര്‍ട്ടല്‍ യുക്മക്ക് മുഖപത്രം ഇല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്. കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന്‍ അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍നിന്ന് രണ്ട് തവണ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്. ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രതിനിധിയായി യുക്മ ദേശീയ നേതൃത്വത്തിലേക്കെത്തിയ എബി നിലവില്‍ ലണ്ടന്‍ ലൂയിഷാമിലെ ബ്രിന്ദാ സോളിസിറ്റേഴ്സില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു.

വൈസ് പ്രസിഡന്റ് (വനിത) : ലിറ്റി ജിജോ

ബ്രിട്ടണിലെ സംഘടനാ രംഗത്തെ ശക്തമായ വനിതാ സാന്നിധ്യമാണ് ലിറ്റി ജിജോ. മിഡ്ലാന്‍ഡ്സിലെ ഏറ്റവും കരുത്തുറ്റ മലയാളി സംഘടനയും യുക്മയുടെ നിരവധി വേദികളില്‍ ചാമ്പ്യന്‍ പട്ടം ഉള്‍പ്പെടെയുള്ള പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതുമായ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ച്ചവച്ചിട്ടുള്ള വ്യക്തിയാണ് ലിറ്റി. മുന്നൂറ് പേരെ അണിനിരത്തി യു കെയുടെ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട മാര്‍ഗ്ഗംകളിയും തിരുവാതിരയും ലിറ്റിയുടെ കൂടി കയ്യൊപ്പോടെ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിക്കപ്പെട്ടവ ആയിരുന്നു. യു കെ ക്നാനായ വനിതാ ഫോറത്തിന്റെ അഡ്ഹോക് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ദേശീയ തലത്തിലും മികവുറ്റ സംഘാടക പാടവം പ്രകടമാക്കിയിട്ടുള്ള ലിറ്റി യുക്മ ദേശീയ വൈസ് പ്രസിഡന്റ് എന്നനിലയില്‍ മലയാളി സമൂഹത്തിനായി ഏറെ നല്ലകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യു കെ മലയാളി സമൂഹം പ്രതീക്ഷിക്കുന്നു. ബര്‍മ്മിങ്ഹാം കമ്മ്യൂണിറ്റി എന്‍ എച്ച് എസ് ട്രസ്ററിലെ സീനിയര്‍ ഫിസിയോതെറാപ്പിസ്ററായി ജോലി ചെയ്യുന്നു.

ജോയിന്റ് സെക്രട്ടറി : സാജന്‍ സത്യന്‍

യുക്മയിലെ ബഹുഭൂരിപക്ഷം വരുന്ന നേഴ്സിംഗ് സമൂഹത്തിന്റെ മുന്നേറ്റത്തിന് സംഘടനാ തലത്തിലൂടെ സഹായമാകുവാന്‍ നേഴ്സിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സാജന്‍ സത്യന്റെ നേതൃത്വത്തിന് സാധിക്കും. ലീഡ്സ് ജനറല്‍ ഇന്‍ഫര്‍മറിയിലെ ബാന്‍ഡ് 8 നഴ്സ് പ്രാക്ടീഷ്ണറായ സാജന്‍ കഴിഞ്ഞ വര്‍ഷം യുക്മ ദേശീയ ഭരണസമിതി യു.കെയിലെമ്പാടും സംഘടിപ്പിച്ച നേഴ്സിംഗ് കോണ്‍ഫ്രന്‍സുകള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ വ്യക്തിയാണ്. ക്ളാസ്സുകള്‍ക്ക് ആവശ്യമായ വിവിധ വിഷങ്ങള്‍ കണ്ടെത്തുന്നതിനും അതിലെ അക്കാദമിക് മെറിറ്റ് വിശദീകകരിച്ച് നല്‍കുന്നതിലുമൊക്കെ സാജന്റെ കഴിവ് പുതിയ ഭരണസമിതി അധികാരത്തിലെത്തുമ്പോഴും യു.കെയിലെ നേഴ്സിംഗ് സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടായി മാറുമെന്നുള്ളത് തീര്‍ച്ചയാണ്. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ നേഴ്സിംഗ് പഠനം മുതലുള്ള സംഘടനാ രംഗത്തെ പരിചയവും വെസ്ററ് യോര്‍ക്ക്ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നും യുക്മ ദേശീയ തലത്തിലേക്കെത്തിയ സാജന്‍ സത്യന് മുതല്‍ക്കൂട്ടാകും.

ജോയിന്റ് സെക്രട്ടറി (വനിത) : സെലീനാ സജീവ്

ലണ്ടന്‍ നോര്‍ത്ത് മിഡില്‍സക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ സ്ററാഫ് നഴ്സായ സെലീന നേഴ്സിംഗ് മേഖലയിലെന്നപോലെ തന്നെ കായിക മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. സ്ക്കൂള്‍കോളേജ് പഠനകാലത്ത് വോളിബോള്‍, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോള്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്ന സെലീനക്ക് ഏത് പ്രതിസന്ധികളെയും മികച്ച "സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്"ഓടെ സമീപിക്കുവാന്‍ കഴിയുന്നു. എഡ്മണ്ടന്‍ മലയാളി അസോസിയേഷനില്‍നിന്നുള്ള സെലീനക്ക് പരിചയപ്പെടുന്നവരില്‍ നിഷ്ക്കളങ്കമായ സൗഹൃദം സ്ഥാപിക്കുവാന്‍ നിമിഷങ്ങള്‍ മാത്രം മതിയാകും. യുക്മയുടെ സൗഹൃദ കൂട്ടായ്മക്ക് സെലീനയുടെ ദേശീയ തലത്തിലുള്ള നേതൃത്വം തീര്‍ച്ചയായും സഹായകരമാകും എന്നതില്‍ സംശയമില്ല.

ജോയിന്റ് ട്രഷറര്‍ : ടിറ്റോ തോമസ്

യുക്മ ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ജോയിന്റ് സെക്രട്ടറി, നാഷണല്‍ കമ്മറ്റി അംഗം, യുക്മ ടൂറിസം പ്രമോഷന്‍ ക്ളബ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടിറ്റോ തോമസ് സംഘടനയിലെ സീനിയര്‍ നേതാക്കളില്‍ ഒരാളാണ്. യുക്മയിലെ പ്രഥമ അസോസിയേഷനായി രജിസ്ററര്‍ ചെയ്യപ്പെട്ട ഓക്സ്ഫോര്‍ഡ് മലയാളി സമാജം (ഓക്സ്മാസ്) പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള ടിറ്റോ ജോബ് സെന്റര്‍ പ്ളസിലെ ഉദ്യോഗസ്ഥനാണ്. സംഘടനാ രംഗത്ത് ധീരമായ നിലപാടുകള്‍ എടുത്ത് മുന്നില്‍നിന്ന് നയിക്കാനുള്ള ഊര്‍ജസ്വലത എന്നും ടിറ്റോ തോമസിന് സ്വന്തം. ടിറ്റോ തോമസിന്റെ പരിചയസമ്പത്ത് യുക്മ ദേശീയ കമ്മറ്റിക്ക് കൂടുതല്‍ ദിശാ ബോധം നല്‍കുകതന്നെ ചെയ്യും എന്ന് നമുക്ക് ഉറപ്പിക്കാം.

ദേശീയ ഭാരവാഹികളെ കൂടാതെ റീജിയണല്‍ പ്രസിഡന്റുമാരും റീജിയനുകളില്‍നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗങ്ങളും കഴിഞ്ഞ ടേമിലെ ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടങ്ങിയ കരുത്തുറ്റ നേതൃനിരയാണ് ദേശീയ നിര്‍വാഹക സമിതി. അടുത്ത രണ്ട് വര്‍ഷം യു കെ മലയാളി പൊതുസമൂഹത്തിന് ഗുണകരമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കാന്‍ പുതിയ ദേശീയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്ററാണ് സജീഷ് ടോം.
- dated 11 Apr 2019


Comments:
Keywords: U.K. - Otta Nottathil - uukma_new_national_obs U.K. - Otta Nottathil - uukma_new_national_obs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sangeetholsavam_watford_feb_29
യുകെയില്‍ സംഗീതോല്‍സവം ഫെബ്രു. 29 ന് വാറ്റ് ഫോര്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20220207kids
കുട്ടികളുടെ ക്ഷേമത്തില്‍ മുന്നില്‍ യുകെ Recent or Hot News
തുടര്‍ന്നു വായിക്കുക
20220206immigration
യൂറോപ്യന്‍ തൊഴിലാളികള്‍ക്കും യുകെയില്‍ ഇംഗ്ളീഷ് നിര്‍ബന്ധമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
immigration_uk_preethi_patel_2021
യുകെയിലെ ഇമിഗ്രേഷന്‍ നിയമത്തില്‍ വീണ്ടും പുതുക്കല്‍ ; 2021 മുതല്‍ ബാധകം Recent or Hot News
തുടര്‍ന്നു വായിക്കുക
19220208brexit
ടയര്‍ 2 വിസ അപേക്ഷകള്‍ കുത്തനെ കുറയുന്നു; യുകെയ്ക്ക് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
19220207brexit
കനേഡിയന്‍ മോഡല്‍ വ്യാപാര കരാര്‍ ബ്രിട്ടനുമായി സാധ്യമല്ല: യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
19220205brexit
ബ്രിട്ടീഷുകാര്‍ക്ക് സ്വീഡനില്‍ റെസിഡന്‍ഷ്യല്‍ സ്ററാറ്റസിന് അപേക്ഷിക്കാന്‍ 2021 സെപ്റ്റംബര്‍ വരെ സമയം
ഫീസ് ഈടാക്കില്ല തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us